ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 11/12/2025 )

 

മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർത്ഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കുക.

നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80% ഭാഗങ്ങളിലും 3ജി, 2 ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ട മുതൽ സന്നിധാനം വരെ 27-ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് അയ്യപ്പഭക്തർക്കായി ഇത്തവണ ബിഎസ്എൻഎൽ സജ്ജീകരിച്ചിരിക്കുന്നത്.

ശബരിമല: സുരക്ഷയ്ക്കായി ഫയർ ഫോഴ്സ് കവചം:രക്ഷാപ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ സജീവം:200-ൽ പരം രക്ഷാപ്രവർത്തനങ്ങൾ; ഭൂരിഭാഗവും സ്ട്രെച്ചർ കേസുകൾ

ശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ഫയർ ഫോഴ്സ്. സന്നിധാനത്തെ സ്പെഷ്യൽ ഓഫീസർ അഭിലാഷ് കെ. ആർ. ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. ഈ മാസം എട്ടാം തീയതി പുതിയ സംഘം ചുമതലയേറ്റു.

പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർത്ഥാടകരെ ആശുപത്രിയിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സേനയുടെ സജീവ പങ്കാളിത്തമുണ്ട്. സീസൺ ആരംഭിച്ച ശേഷം ഇതുവരെ 220-ഓളം കേസുകൾ അറ്റൻഡ് ചെയ്തു. ഇതിൽത്തന്നെ ഏകദേശം 200-ഓളം കേസുകൾ കുഴഞ്ഞുവീണവരെ സ്ട്രെച്ചറിൽ എടുത്ത് ആശുപത്രിയിൽ എത്തിച്ചതാണ്. കൂടാതെ, പുല്ലുമേട് വഴിയുള്ള വനപാതയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുന്നുണ്ട്.

ഇതോടൊപ്പം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും ഊർജിതമായി നടക്കുന്നു. സന്നിധാനത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള ക്ലാസുകൾ പുരോഗമിക്കുകയാണ്.

തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി ഫയർ സേഫ്റ്റി ഓഡിറ്റും സെക്യൂരിറ്റി ചെക്കിങ്ങും ഊർജിതമാക്കിയിട്ടുണ്ട്. അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെയുള്ള ഒൻപത് പോയിന്റുകളിലാണ് ഫയർ ഫോഴ്സ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. വയർലെസ് വോക്കി ടോക്കിയും മൊബൈൽ ഫോൺ സംവിധാനങ്ങളും ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏകോപനവും ശക്തമാക്കിയിട്ടുണ്ട്.

യാതൊരു പ്രശ്നങ്ങളുമില്ലാതെ ഈ തീർത്ഥാടന കാലം ഭംഗിയായി പര്യവസാനിക്കുന്നതിന് ഫയർ ഫോഴ്സ് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ അഭിലാഷ് കൂട്ടിച്ചേർത്തു.

 

ശബരിമല: നീലിമല മുതൽ ഉരക്കുഴി വരെ 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജം:500-ഓളം ജീവനക്കാർ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നു:ഇതുവരെ 1.6 കോടിയിലേറെ ബിസ്‌ക്കറ്റുകൾ വിതരണം ചെയ്തു

 

ശബരിമല: ശബരിമല തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കി, സമഗ്രവും സമാനതകളില്ലാത്തതുമായ സേവന ശൃംഖലയുമായി ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ സംവിധാനം ശ്രദ്ധേയമാകുന്നു. നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈ സേവനം 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്.

തീർഥാടകർക്ക് ഉന്മേഷം പകരുന്ന ചുക്കുവെള്ളത്തിന്റെ വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരംകുത്തിയിൽ ഉയർന്ന ശേഷിയുള്ള രണ്ട് അത്യാധുനിക 5,000 ലിറ്റർ ബോയ്‌ലർ യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

നീലിമല മുതൽ ഉരക്കുഴി വരെയുള്ള പ്രധാന ഇടങ്ങളിലെല്ലാം തീർഥാടകർക്കായി സേവനങ്ങൾ ലഭ്യമാണ്. 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജമാണ്. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500-ഓളം ജീവനക്കാർ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നുണ്ട്.

നടപ്പന്തലിലെ തിരക്ക് പരിഗണിച്ച് ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സേവനം നൽകുന്നത്. നടപ്പന്തലിലെ ഉയർന്ന ആവശ്യം നിറവേറ്റുന്നതിനായി അഞ്ച് ട്രോളികളും ഏകദേശം 120 തൊഴിലാളികളെയും മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിച്ചിരിക്കുന്നു.

ചുക്കുവെള്ളത്തോടൊപ്പം ബിസ്‌ക്കറ്റുകളും പ്രധാന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, പാണ്ടിത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ബിസ്‌ക്കറ്റ് വിതരണം നടക്കുന്നത്. ഇതുവരെ 1.6 കോടിയിലേറെ ബിസ്‌ക്കറ്റുകളാണ് തീർഥാടകർക്ക് വിതരണം ചെയ്തത്. തീർഥാടകർക്ക് യാത്രയിലുടനീളം സമയബന്ധിതമായി കുടിവെള്ളത്തോടൊപ്പം ലഘുഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഈ വിപുലമായ സംവിധാനം ഉറപ്പാക്കുന്നു.

തുടർച്ചയായി ഏഴാം വർഷവും സംഗീതാർച്ചനയുമായി ‘ഹരി ഓം അരുൾ ഇസൈ’ സംഘം

ശബരിമല: ശബരിമല അയ്യപ്പ സന്നിധിയിൽ തുടർച്ചയായി ഏഴാം വർഷവും സംഗീതാർച്ചനയുമായി തമിഴ്നാട്ടിൽനിന്നുള്ള ഭക്തസംഘമെത്തി. തമിഴ്നാട്ടിലെ താമ്പരം സ്വദേശികളായ ‘ഹരി ഓം അരുൾ ഇസൈ’ സംഘമാണ് ഭക്തിസാന്ദ്രമായ സംഗീതാർച്ചന സ്വാമിക്ക് സമർപ്പിച്ചത്.

ആചാരപ്പെരുമയിൽ അണിഞ്ഞൊരുങ്ങിയ സന്നിധാനത്ത് വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയം സംഗീതസാന്ദ്രമായി മാറി. ഗായകരായ സെന്തിൽ കുമാറും ബാലാജിയും നേതൃത്വം നൽകിയ പരിപാടിയിൽ കീബോർഡ്, തബല, പാഡ് തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു സംഘത്തിന്റെ പ്രകടനം. ബാബു, ദിനകർ, ഗോപി, ചെല്ലപ്പതി, റാം എന്നിവരാണ് സംഘത്തിലെ മറ്റ് കലാകാരന്മാർ. ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീതസമർപ്പണം അയ്യപ്പഭക്തർക്ക് ആത്മീയാനുഭൂതി പകർന്നു.

Related posts