ദിലീപ് കുറ്റവിമുക്തൻ:പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ: ശിക്ഷ 12 ന്

 

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.ശിക്ഷാവിധി 12 ന് പറയും. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.

കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്.ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.2017 ഫെബ്രുവരി 17 ന് അങ്കമാലിയിൽ വച്ച വാഹനത്തിൽ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിൽ എ‌‌‌ട്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്.

 

അപ്പീൽ പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്കു നീതി കിട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യം’’ – അദ്ദേഹം പറഞ്ഞു.

വക്കീൽ രാമൻപിള്ള

‘‘ഇതല്ലാതെ വേറെ വിധി പറ്റില്ല. കള്ള തെളിവു കൊണ്ട് ഒരു കേസ് ജയിക്കാൻ പറ്റില്ല. ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു’’ ‘‘സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച വിധി’’ദിലീപിന്റെ വക്കീൽ രാമൻപിള്ള.

ബി.സന്ധ്യ

‘‘ഇത് അന്തിമ വിധിയല്ല. മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണ്’’– അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ.

Related posts