“ഗോകുല്‍ മോഹന്‍ @ കോന്നി വാര്‍ത്ത ഡോട്ട് കോം/ ട്രാവലോഗ്
കോന്നിയൂര്‍… ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.പട പണയത്തിനു പണയമായി പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുമ്പോള്‍ കോന്നിയുടെ ഡിവിഷന്‍ പദവി ചരിത്ര രേഖകളില്‍ മാത്രമായി.
കിഴക്ക് അച്ചന്‍കോവില്‍ ഗിരി നിരകളില്‍ നിന്നും നീല കൊടുവേലിയുടെ ഇലകളില്‍ തട്ടി കിന്നാരം ചൊല്ലി ഒഴുകി വരുന്ന പുണ്യ നദി അച്ചന്‍കോവില്‍.കോന്നി വനം ഡിവിഷന്‍ പച്ചപ്പ് നിലനിര്‍ത്തി അനേകായിരം ജീവജാലങ്ങള്‍ക്ക് അമ്മയാണ്.കോന്നിയുടെ കിഴക്ക് തമിഴ് നാടുമായി ബന്ധപ്പെട്ടു കിടക്കുന്നു .
കോന്നിയില്‍ നിന്നു 8 കിലോമീറ്റര്‍ കിഴക്ക് മാറി കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഉള്ള മനോഹര ദേശമാണ് കല്ലേലി . ബ്രട്ടീഷ് മേല്‍ക്കോയ്മയുടെ പല തിരു ശേഷിപ്പുകളും ഈ വനാന്തര ഗ്രാമത്തില്‍ ഇന്നും അവശേഷിക്കുന്നു .
കല്ലേലി എന്ന കൊച്ചു ഗ്രാമത്തിലെ മനോഹര ദൃശ്യങ്ങളും വീഡിയോയും “ഗോകുല്‍ മോഹന്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” ട്രാവലോഗിന് വേണ്ടി ചിത്രീകരിച്ചു .
കല്ലേലി
———-
കോന്നി എലിയറക്കല്‍ ജന്‍ഷനില്‍ നിന്നും കോന്നി അച്ചന്‍ കോവില്‍ കാനന പാതയിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം എന്ന ദേശത്തിലൂടെ കല്ലേലിയില്‍ എത്താം .
വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ പേര് നല്‍കി യാത്ര തുടരാം . പഴമയുടെ ആചാര അനുഷ്ഠാനവുമായി ദ്രാവിഡ ആചാര പ്രകാരം ഉള്ള കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് മുന്നിലൂടെ കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലേലി തോട്ടം എന്ന സ്ഥലത്തു എത്താം . ഗ്രാമീണത തുടിക്കുന്ന ചെറിയ കച്ചവട സ്ഥാപനങ്ങള്‍ . ഇവിടെയാണ് മലയാളം പ്ലാന്റേഷന്‍ എന്നു പണ്ട് അറിയപ്പെട്ടിരുന്ന ഹാരിസണ്‍ കമ്പനിയുടെ റബര്‍ തോട്ടം . നേരത്തെ തേയില ആയിരുന്നു കൃഷി . കമ്പനിയുടെ അനുവാദം വാങ്ങി റബര്‍ തോട്ട റോഡിലൂടെ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേയില തോട്ടം എന്ന പ്രദേശത്ത് എത്താം . ഇവിടെ തേയില കൃഷി ചെയ്തിരുന്നതിനാല്‍ തേയില തോട്ടം എന്നാണ് അറിയപ്പെടുന്നത് . റബര്‍ കമ്പനി തൊഴിലാളികളുടെ നിരവധി ലയങ്ങള്‍ കാണാം .ഇവിടെ നിന്നും കുറച്ചു കൂടി സഞ്ചരിച്ചാല്‍ പ്ലെയിന്‍ പാറയില്‍ എത്താം . റബര്‍ മരങ്ങള്‍ക്ക് തുരിശ് അടിക്കുവാന്‍ ഹെലികോപ്റ്റര്‍ ഇറക്കിയിരുന്ന പാറയാണ് ഇത് . ഹെലിപ്പാട് ഇവിടെ ഇന്നും ഉണ്ട് .
ഈ പാറയുടെ മുകളില്‍ നിന്നാല്‍ മനോഹര ദൃശ്യം കാണാം .
അതിരാവിലെ എത്തിയാല്‍ കിഴക്ക് മഞ്ഞു മൂടിയ ഗിരിനിരകള്‍ കാണാം . കിഴക്ക് അച്ചന്‍ കോവില്‍ മലനിരകളായ കാട്ടാത്തി , കൊതകുത്തി , ഉളക്കചാണ്ടി , പാപ്പിനി ,മേടപ്പാറ , കോട്ട വാസല്‍ , കോടമല തുടങ്ങിയ ചരിത്ര പ്രാധാന്യം ഉള്ള പാറകള്‍ അങ്ങ് അകലെ തല ഉയര്‍ത്തി നില്‍ക്കുന്നു . പ്രഭാത സൂര്യ കിരണം മഞ്ഞില്‍ കൂടി അരിച്ചിറങ്ങുന്ന ദൃശ്യം പകര്‍ത്തി . മഞ്ഞു മൂടി കിടക്കുന്ന മല നിരകള്‍ ആരിലും പുതിയ ഒരു അനുഭവം സൃഷ്ടിക്കും .
പടിഞ്ഞാറ് വലുതും ചെറുതുമായ മല നിരകളുടെ കൂട്ടം നല്‍കുന്ന ദൃശ്യവും പകര്‍ത്തി . തെക്കും വടക്കും നോക്കിയാല്‍ എന്തിന് നാം കൊടൈകനാല്‍ തേടി പോയി എന്നു ചിന്തിക്കും ,നമ്മുടെ ദേശത്തിലെ ഈ നയന മനോഹര ദൃശ്യങ്ങള്‍ കളഞ്ഞിട്ട് ആണ് നാം അനേക ദൂരം താണ്ടി പോകുന്നത് . ചുറ്റും കണ്ണോടിക്കുക . ആരിലും അത്ഭുതം ഉളവാക്കുന്ന ദൃശ്യം നേരില്‍ കാണുവാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്” സഞ്ചാരികളെ ക്ഷണിക്കുന്നു .
അടുത്ത ദിവസം കോന്നിയുടെ മറ്റൊരു വിവരണവുമായി എത്തും