Trending Now

കോവിഡ് 19: ‘ഒപ്പം’ കാമ്പയിന് തുടക്കമായി

 

ഒപ്പം കാമ്പയിനിലൂടെ കോവിഡ് ബോധവത്ക്കരണം
കൂടുതല്‍ മികച്ചതാക്കാം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

കോവിഡ് 19 രോഗബാധ തുടക്കത്തില്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ആരോഗ്യ-സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 പ്രതിരോധ ബോധവത്കരണ കാമ്പയിനായ ‘ഒപ്പം’ പരിപാടിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പ്രത്യേക ലക്ഷ്യത്തോടെ ജനങ്ങളില്‍ ആകെ ബോധവത്കരണം നടത്തുന്നതു വലിയ കാര്യമാണ്. അതാണ് ഒപ്പം ക്യാമ്പയിനിലൂടെ സാധ്യമാകുന്നത്. തൊണ്ടയില്‍ ബുധിമുട്ടുണ്ടാകുക, പനി വരിക എന്നതു മാത്രമല്ല കോവിഡ് ലക്ഷണങ്ങള്‍. ശ്വാസതടസം അനുഭവപെടുന്നുണ്ടോ എന്ന് പരിശോധിക്കുക. ശ്വാസതടസം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാന്‍ നിസാരമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കണം. ആരോഗ്യ വകുപ്പ് ഇതിനായുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. നേരത്തേ രോഗം അറിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം, വൈകിയാല്‍ ജീവന്‍ രക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തുക, 60 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് അസുഖങ്ങള്‍ ളള്ളവര്‍ക്കും പ്രത്യേകം കരുതല്‍ നല്‍കുക. ആയുഷ് പ്രതിരോധ മരുന്ന് നല്‍കുന്നതു നല്ലതാണ്- മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഒപ്പം കാമ്പയിന്‍ ലോഗോ മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

കോവിഡ് രോഗബാധിതര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും മാനസിക പിന്തുണ നല്‍കുക, റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തുക, കോവിഡിനൊപ്പം ജീവിക്കാന്‍ സമൂഹത്തെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നാണ് ഒപ്പം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒപ്പം കാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലയുടെ ചുമതല വഹിക്കുന്ന വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. സിനിമാതാരം ടൊവിനോ തോമസ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു.

എന്താണ് ഒപ്പം കാമ്പയിന്‍

പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളം പത്തനംതിട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒപ്പം കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സിഎഫ്എല്‍ടിസി, കോവിഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലുള്ള രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള വോയിസ് ക്ലിപ്പുകള്‍ തയ്യാറാക്കുകയും അവരുടെ മൊബൈല്‍ ഫോണിലേക്ക് ഈ
ശബ്ദ സന്ദേശങ്ങള്‍ ഘട്ടം ഘട്ടമായി നല്‍കുകയും ചെയ്യുക, അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികളോടും ക്വാറന്റൈനിലുള്ളവരോടും ഉള്ള അവഗണന ഒഴിവാക്കല്‍, റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തല്‍, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രോഗികളെ വീട്ടില്‍തന്നെ ചികിത്സിക്കല്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വീഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കുകയും അവ സോഷ്യല്‍ മീഡിയകളിലൂടെ പരമാവധി പ്രചരിപ്പിക്കുക,
ക്യാമ്പയിനിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിഷയങ്ങള്‍ തിരഞ്ഞെടുത്ത് സ്‌കൂള്‍, കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം തയ്യാറാക്കല്‍ മത്സരം എന്നിവ സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് ഒപ്പം ക്യാമ്പയിനിലൂടെ നടപ്പാക്കുന്നത്. അടിസ്ഥാന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിന് ഒപ്പം, രോഗത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 12 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഈ ക്യാമ്പയിനില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷയായ ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ബിജു കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ.ഷീല മാബ്ലറ്റ്, എന്‍.എച്ച്.എം ഡിപിഎം: ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!