Trending Now

കോവിഡിനെ പ്രതിരോധിക്കാന്‍ ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’ പദ്ധതി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളും മരണ നിരക്കും ജില്ലയില്‍ കുറവാണ്. ഈ മാസം(ഓഗസ്റ്റ്) മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അതില്‍ ഏഴു മരണങ്ങളും ഉണ്ടായത് ഓഗസ്റ്റിലാണ്. സംസ്ഥാനത്ത് ആകെ 191 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് മേയ് 20ന് ആണ്. പെരിങ്ങര സ്വദേശിയായ ജോഷി(65)യാണ് അന്ന് മരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോവിഡ് മരണങ്ങള്‍ ജില്ലയില്‍ ഉണ്ടായില്ല. എന്നാല്‍, ഓഗസ്റ്റില്‍ ജില്ലയില്‍ ആറു പേരാണു മരിച്ചത്. ഓഗസ്റ്റ് 13 ന് അടൂര്‍ സ്വദേശി ഷംസുദ്ദീന്‍ (65), 15 ന് കുറ്റൂര്‍ സ്വദേശി പി.എ. മാത്യു(60), കോന്നി സ്വദേശിനി ഷഹര്‍ബാന്‍ ബീവി(53) എന്നിവരും 17 ന് കടപ്ര സ്വദേശിയായ ഏനാത്ത് മാധവന്‍ നായര്‍(80), 18 ന് ഊന്നുകല്‍ സ്വദേശി മധു (47) 19 ന് കവിയൂര്‍ സ്വദേശി വി.പി.രാമകൃഷ്ണപിളള (83), പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70) എന്നിവരുമാണ് മരിച്ചത്.
ജില്ലയില്‍ കോവിഡ് മരണം സ്ഥിരീകരിച്ചവരില്‍ എട്ടില്‍ ആറുപേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഇതു കണക്കിലെടുത്ത് ജില്ലയിലെ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് കൃത്യമായി ധരിക്കല്‍, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകല്‍/സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിവ മാത്രമാണ് കോവിഡിനെ ചെറുക്കാനുള്ള പോംവഴി. റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. 10 വയസില്‍ താഴെയുള്ള കുട്ടികളുടേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും സുരക്ഷയെ മുന്‍നിര്‍ത്തി, രോഗവ്യാപനത്തിന്റെ തീവ്രതയും അവയ്ക്കെതിരെയുള്ള മുന്‍കരുതലുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’.
അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരും, പത്തു വയസിനു താഴെ പ്രായമുള്ളവരും പുറത്തു പോകുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാത്രമേ പുറത്തു പോകാവൂ. മരണം, വിവാഹം, കച്ചവട സ്ഥാപനങ്ങളിലെ സന്ദര്‍ശനം, മറ്റ് സാമൂഹിക പരിപാടികള്‍ എന്നിവയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണം. ഓണാഘോഷങ്ങള്‍ വീട്ടില്‍ തന്നെ ഒതുക്കണം.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും മരുന്ന് വീട്ടില്‍ എത്തിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തണം. മെഡിക്കല്‍ കണ്‍സള്‍ട്ടേഷനായി ടെലി മെഡിസിന്‍ സംവിധാനം പ്രയോജനപ്പെടുത്തുക, ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പിലെ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവരുമായി ആരോഗ്യവിവരങ്ങള്‍ പങ്കുവയ്ക്കുക, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവരമിയിക്കുക, എന്നിവയിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും. കോവിഡ് മൂലം മരണം സംഭവിക്കാതെ നോക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു