Trending Now

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായി : എം എല്‍ എ

Spread the love

 

 

konnivartha.com: കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ . ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ ഉദ്യോഗസ്ഥർക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത് അതിൽ ഒരാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.വനംമന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കർശനമായ പരിശോധനകൾ ഉണ്ടാകേണ്ടതുണ്ട്.

 

നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നി ആനക്കൂട്ടിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം അപകടങ്ങൾ ഇനി ഉണ്ടാകരുത്. വീഴ്ച ഉണ്ടായ ഉദ്യോഗസ്ഥർക്ക് നേരെ കർശനമായ നടപടി ഉണ്ടാകണം. താൽകാലികമായി ആനക്കൂട് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനി എല്ലാ വിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ സന്ദർശകർക്കായി തുറന്നുകൊടുക്കുകയുളൂ എം എൽ എ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 .30 മണിയോടെയാണ് അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കുട്ടി എത്തുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് തൂണിൽ പിടിച്ചതോടെയാണ് കുട്ടിയുടെ ദേഹത്തേക്ക് കോൺക്രീറ്റ് തൂൺ വീഴുന്നത്.കുട്ടിയുടെ നെറ്റിയിലായിരുന്നു തൂൺ വീണത്. വീഴ്ചയിൽ കുട്ടിയുടെ തല തറയിൽ ഇടിക്കുകയും ഗുരുതരമായി മുറിവേൽക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെടുകയുമായിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോന്നി മെഡിക്കൽ കോളജിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തും. അതിന് ശേഷമായിരിക്കും മൃതദേഹം കുടുംബത്തിന് വിട്ടു കൊടുക്കുക. വിദേശത്തുള്ള അച്ഛൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.

error: Content is protected !!