Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/04/2025 )

Spread the love

ലൈഫ് മിഷനിലൂടെ ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു

ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്.  മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ  പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ  ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി   ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക്  ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. ലൈഫ് 2020 ല്‍  3235 ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. 1443 ഭവനങ്ങള്‍ നിര്‍മ്മാണഘട്ടത്തിലാണ്.
പന്തളം നഗരസഭയില്‍ ലൈഫ് ടവറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന്  ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഏപ്രില്‍ 23 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ കാര്‍പ്പ്, ഗിഫ്റ്റ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍, അലങ്കാര ഇനം മത്സ്യങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍ – 04682214589.

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ  ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി   50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക്  ബാങ്കിംഗ് സേവനം  ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807.

വിമുക്തഭടന്മാര്‍ക്ക് പരാതിപരിഹാര അദാലത്ത്

സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ  വിമുക്ത നേവിഭടന്മാര്‍ക്കും  വിധവകള്‍ക്കും പരാതികള്‍ പരിഹരിക്കുന്നതിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള മുഖാമുഖം  ഏപ്രില്‍ 25ന്  രാവിലെ 11  മുതല്‍ ഒന്നുവരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

ശില്‍പശാല ഉദ്ഘാടനം

വൈഎംസിഎ കുറിയന്നൂര്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി തേന്‍മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനശില്‍പശാല തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈഎംസിഎ  പ്രസിഡന്റ് ടി സി മാത്യു അധ്യക്ഷനായി.  വൈഎംസിഎ  സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൃഷി ഓഫീസര്‍  ലതാ മേരി തോമസ്, ജോയ് വര്‍ഗീസ് എന്നിവര്‍  പങ്കെടുത്തു.

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം :  പ്രശ്‌നോത്തരി സംഘടിപ്പിക്കും

ഹരിതകേരളം മിഷന്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്‌നോത്തരി ഏപ്രില്‍ 25 നും ജില്ലാതലം  ഏപ്രില്‍ 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 22 ന് രാവിലെ 11 ന് മുമ്പ്  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പഠനോത്സവം മൂന്നാറില്‍ മെയ് 16,17,18 തീയതികളില്‍ നടക്കും.
ബ്ലോക്ക് – ജില്ലാതല ക്വിസ് മത്സരങ്ങളില്‍ വിജയികളാകുന്ന നാലു പേര്‍ക്കാണ് അവസരം.
ഫോണ്‍- 9645607918.

കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്റര്‍ വിപണി ഏപ്രില്‍ 21 വരെ

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിപണി ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ്  രജിസ്ട്രാര്‍ വി എസ് ലളിതാബികാദേവി ആദ്യ വില്‍പന നിര്‍വഹിച്ചു. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍  ഏപ്രില്‍ 21 വരെ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മറ്റു ഉല്‍പന്നങ്ങള്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിക്കും. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ്, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു പി നായര്‍ , അക്കൗണ്ട്സ് മാനേജര്‍ കെ രാജി, ഓപ്പറേഷന്‍ മാനേജര്‍ എസ് പ്രീതി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ലേലം 21ന്

പോളച്ചിറ, എടത്വാ ഫിഷ് ഫാമുകള്‍ക്ക് സമീപമുളള ഫലവൃക്ഷങ്ങളില്‍ നിന്ന് 2026 മാര്‍ച്ച് 31 വരെ മേലാദായം എടുക്കുന്നതിനുള്ള ലേലം  ഏപ്രില്‍ 21 ന് നടക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ : [email protected]

കരാര്‍ നിയമനം

പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ്  എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം.  ഏപ്രില്‍  25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503  വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍  26ന് രാവിലെ  11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍.  ഫോണ്‍: 04734 260314.

സൗജന്യ പരിശീലനം

കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ് സാനിറ്ററി ജോലികളുടെ 30 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45.
ഫോണ്‍ : 04682 992293 , 8330010232.

error: Content is protected !!