
പരിശീലന ക്ലാസ്
പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റിലെ (കിലെ) സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഫീസ് 25000 രൂപ. യോഗ്യത ബിരുദം. www.kile.kerala.gov.in/kileiasacademy
ഫോണ്‍- 0471 2479966, 8075768537.
സീറ്റ് ഒഴിവ്
പത്തനംതിട്ട ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത പ്ലസ് ടു/ ബിരുദം. ഫോണ്‍ – 7306119753.
സൗജന്യ കലാപരിശീലനം
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് കേരളനടനം, ചെണ്ട തുടങ്ങിയ സൗജന്യ കലാപരിശീലനത്തിന് അവസരം. പരിശീലന കാലവധി രണ്ട് വര്‍ഷം. അപേക്ഷ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ഏപ്രില്‍ 27 വൈകിട്ട് അഞ്ച്. ഫോണ്‍ : 7025365248, 9895565946.
പരീക്ഷാഫലം
ഐ.എച്ച്.ആര്‍.ഡി. 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ് :www.ihrd.ac.in
ഫോണ്‍ : 0471 2322985, 2322501.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു) ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
റാങ്ക് പട്ടിക
പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്ടി) (കാറ്റഗറി നമ്പര്‍ 647/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 26ന് നിലവില്‍വന്ന 345/2024/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഡിഗ്രി പ്രവേശനം : വിവരങ്ങൾ പ്രസിദ്ധീകരിച്ചു
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 20242024 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഏപ്രിൽ 19 വൈകിട്ട് 5 ന് മുൻപ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം / അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : 0471 2560361, 362, 363, 364.
56 ആശയങ്ങൾ, വൃത്തി – വേസ്റ്റത്തോണിന് മികച്ച പ്രതികരണം
വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം.
വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർഥികളിൽ നിന്ന് 23, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്ന വിഭാഗത്തിൽ നിന്ന് 12 ഉൾപ്പെടെ ആകെ 56 ആശയങ്ങളാണ് ലഭിച്ചത്. വിദ്യാർഥികളുടെ വിഭാഗത്തിൽ മൽസരിച്ച തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥി ധനുഷ് വിജയ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അർഹനായി.
ഇതിന് പുറമെ വിവിധ വിഭാഗങ്ങളിലായി ഖരമാലിന്യ സംസ്‌കരണ മേഖലയിൽ അഞ്ചും ദ്രവ മാലിന്യ സംസ്‌കരണ മേഖലയിൽ മൂന്നും ആശയങ്ങൾക്ക് അവയുടെ തുടർ ഗവേഷണ വികസന സാധ്യതകൾ പരിഗണിച്ച് പ്രോൽസാഹന സമ്മാനങ്ങൾ നല്കിയിട്ടുണ്ട്. ഡോ. ജെന്നിഫർ ജോസഫ് (ബ്ലൂനോവ എക്കോഹബ്), സൗരബ് സാക്കറേയും സംഘവും (സിഎസ്ഐആർ-എൻഐഐഎസ്ടി), മുഹമ്മദ് ഇക്ബാൽ ടി (ചെന്നൈ ഐഐടി), മാത്യു സെബാസ്റ്റിയൻ (ലിവിംഗ് വാട്ടർഫൈൻ ടെക്നോളജീസ്), ശരവണൻ ജി (എൻഐടി തിരുച്ചിറപ്പള്ളി), ആഷിഷ് ഷാജനും സംഘവും (സെയിന്റ്ഗിറ്റ്സ് കോളജ് കോട്ടയം), നിതിൻ അനിൽ (ടീംസ്റ്റാർബേസ്), ദിലീപ് മാത്യു പോൾ (വിവിഫിക്ക സസ്റ്റെയ്നബിൾ സൊല്യൂഷൻസ്) എന്നിവർ 25,000 രൂപ വീതമുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹരായി.
പാരാലീഗൽ വോളണ്ടിയർ നിയമനം
കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം 5 മണി. ഇന്റർവ്യൂ തീയതി ഏപ്രിൽ 29. അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഓഫീസ്, എഡിആർ സെന്റർ, ജില്ലാ കോടതി കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കാം.
ബി.എൽ.ഒ മാർക്ക് പരിശീലനം നൽകി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2025 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി അധികമായി 59 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിരുന്നു. പുതിയ പോളിംഗ് സ്റ്റേഷനുകളിലേയ്ക്ക് നിയമിച്ച ബി.എൽ.ഒമാർക്ക് ഏപ്രിൽ 15ന് രാവിലെ 10.30 ന് നിലമ്പൂർ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ 49 ബി.എൽ.ഒ മാർ പങ്കെടുത്തു. നിലമ്പൂർ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സുരേഷ്.പി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സനീറ.പി.എം. എന്നിവർ പങ്കെടുത്തു.
കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ ഓൺലൈനായി https://keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും http://keralapuraskaram.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2518531, 0471 2518223. സാങ്കേതിക സഹായങ്ങൾക്ക് : 0471 2525444.
അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 25ന് വൈകിട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999693.
ദർഘാസ് ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കാമ്പസ്. പാങ്ങപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പാങ്ങപ്പാറ സബ് സെന്റർ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സിനോട് ചേർന്ന് നില്കുന്ന ഫലവൃക്ഷങ്ങൾ ഒഴികെയുള്ളവയിൽ നിന്നും 01.06.2025 മുതൽ 31.05.2026 വരെയുള്ള ഒരു വർഷക്കാലം ആദായമെടുക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് : ഫോൺ 0471 2528855, 2528055.
കേരള ലോകായുക്ത രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. കോടതി ഭരണകാര്യങ്ങളിൽ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ടാവും. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ക്ഷണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2300362, വെബ്‌സൈറ്റ്: www.lokayuktakerala.gov.in.
സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 1,00,000, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്റാണ്. എൻട്രികൾ ഏപ്രിൽ 26 വരെ mizhiv.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
മൊബൈൽ ക്യാമറ ഉപയോഗിച്ച്ച ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കുന്നതാണ്. ഫിക്ഷൻ / ഡോക്യുഫിക്ഷൻ / അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറ പ്രവർത്തകരുടെ പേര് ചേർത്തുള്ള വീഡിയോകൾ എച്ച് ഡി (1920×1080) mp4 ഫോർമാറ്റിൽ സമർപ്പിക്കണം.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ&പി.ആർ.ഡിയിൽ നിക്ഷിപ്തമായിരിക്കും. ഐ&പി.ആർ.ഡി ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾ prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
താൽക്കാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഗ്രാഫിക്സിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഫസ്റ്റ്/സെക്കന്റ് ക്ലാസ് അല്ലെങ്കിൽ ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി സ്ഥാപനത്തിൽ നിന്നുള്ള ബിരുദത്തിന് തുല്യമായ ഡിപ്ലോമ (55 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം) യാണ് യോഗ്യത. പ്രായപരിധി 20 മുതൽ 50 വരെ. 01.01.2023 ന് 50 വയസു കവിയാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഹൈക്കോടതി വേനലവധിക്കാല സിറ്റിങ്
കേരള ഹൈക്കോടതി ഏപ്രിൽ 15 മുതൽ മെയ് 18 വരെ വേനലവധിയ്ക്ക് പിരിയുന്നതിനാൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല സിറ്റിങ് നിശ്ചയിച്ചു. ആദ്യ പകുതിയിൽ ഏപ്രിൽ 16, 22, 25, 29 തീയതികളിലും രണ്ടാം പകുതിയിൽ മെയ് 2, 6, 9, 13, 16 തീയതികളിലും സിറ്റിങ് നടക്കും. ജസ്റ്റിസ് സതീഷ് നൈനാൻ (സിറ്റിങ് തീയതി മെയ് 16), ജസ്റ്റിസ് എൻ നാഗരേഷ് (മെയ് 13), ജസ്റ്റിസ് സി.എസ് ഡയസ് (മെയ് 16), ജസ്റ്റിസ് ടി.ആർ രവി (ഏപ്രിൽ 16), ജസ്റ്റിസ് ഗോപിനാഥ് പി (മെയ് 2), ജസ്റ്റിസ് കെ ബാബു (മെയ് 9), ജസ്റ്റിസ് വിജു എബ്രഹാം (മെയ് 6), ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി (മെയ് 13, 16), ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ (ഏപ്രിൽ 16), ജസ്റ്റിസ് സി പ്രദീപ് കുമാർ (ഏപ്രിൽ 16, 22), ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കിം (മെയ് 13), ജസ്റ്റിസ് ശ്യാം കുമാർ വി.എം (മെയ് 2, 6, 9), ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ (മെയ് 9), ജസ്റ്റിസ് എസ് മനു (ഏപ്രിൽ 25, 29), ജസ്റ്റിസ് ഈശ്വരൻ എസ് (ഏപ്രിൽ 29, മെയ് 2), ജസ്റ്റിസ് പി.എം മനോജ് (ഏപ്രിൽ 22), ജസ്റ്റിസ് എം.ബി സ്നേഹലത (മെയ് 6), ജസ്റ്റിസ് പി കൃഷ്ണകുമാർ (ഏപ്രിൽ 29), ജസ്റ്റിസ് കെ.വി ജയകുമാർ (ഏപ്രിൽ 25), ജസ്റ്റിസ് മുരളീകൃഷ്ണ എസ് (ഏപ്രിൽ 22), ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ (ഏപ്രിൽ 25) എന്നിവരെ അവധിക്കാല ജഡ്ജിമാരായി നാമനിർദ്ദേശം ചെയ്തു.
വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
* സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം
വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരിൽ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. എന്നാൽ നമ്മൾ മനസിലാക്കേണ്ട കാര്യം ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. അതേസമയം കേരളത്തിൽ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ കേരളം ആരംഭിച്ചു. ഇതിനായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടർ പ്രവർത്തനങ്ങൾ സ്വീകരിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ø പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
Ø വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഉണ്ടോയേക്കാം.
Ø മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
Ø ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല.
Ø കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
Ø വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
Ø മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
Ø മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 2 ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://kscsa.org യിലൂടെ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം- 8281098867, മൂവാറ്റുപുഴ-8281098873, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0494-2386400, 8281098870, കല്യാശേരി – 8281098875
സ്‌പോർട്‌സ് ക്വാട്ട: അപേക്ഷ ക്ഷണിച്ചു
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് ക്വാട്ട അഡ്മിഷനുകളിലേക്കായി എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിലെ 19.7 (പേജ് 115 ആൻഡ് 116) പ്രകാരം നിശ്ചയിച്ച് നൽകിയിട്ടുള്ള യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാം.
2023 ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ മത്സരങ്ങളിൽ പങ്കെടുത്ത് നേടുന്ന മൂന്നാം സ്ഥാനമാണ് സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. 10.02.2020 ലെ സർക്കാർ ഉത്തരവ് 42/2020/കാ.യു.വ പ്രകാരം അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്കുകൾ നിശ്ചയിക്കുന്നത്. അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ഏപ്രിൽ 30 ന് മുൻപായി ലഭിക്കണം.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപൂർണ്ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ താത്പ്പര്യമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം മേയ് 5ന് വൈകിട്ട് 5ന് മുമ്പായി മാനേജിങ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.
സഹകരണ എക്സ്പോ വിളംബര ജാഥ
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ജാഥ ഏപ്രിൽ 19ന് നടക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ആശാൻ സ്‌ക്ക്വയറിൽ നിന്നും ആരംഭിക്കുന്ന ജാഥ കനകക്കുന്ന് കൊട്ടാരത്തിൽ സമാപിക്കും. ജാഥയിൽ പ്രമുഖ സഹകാരികൾ, സഹകരണ മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി
ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ 18ന് അവധിയാണ്.
പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.
പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാക്കി
ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് (കീം 2025) അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനായി www.cee.kerala.gov.in വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2332120, 2338487.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ താൽകാലിക തസ്തികകളിൽ ഒഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22 രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യമായ യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്. ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. സ്വീപ്പർ തസ്തികയിൽ ഏട്ടാം ക്ലാസ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഹാജരാക്കണം.