Trending Now

വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍

Spread the love

konnivartha.com: വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും സാധ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം ശ്രീവരാഹത്ത് നടന്ന ബിജെപി 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നടക്കുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരുമുന്നണികളും അത് മാറി മാറി ഉപയോഗിക്കുകയാണ്. മുനമ്പം വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒളിച്ചുകളി നടത്തി. എന്നാല്‍ പരിഹാരം കാണാന്‍ ശ്രമിച്ചത് മോദി സര്‍ക്കാര്‍ മാത്രമാണ്. രാഷ്ട്രീയം നോക്കാതെ വഖഫ് ബില്ല് എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കി. ഇതിനെതിരെയും ഇരുമുന്നണികളും പ്രതിഷേധിക്കുകയാണ്. ദിവസവും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നിക്ഷേപം, തൊഴില്‍, വികസനം, പുരോഗതി എന്നിവയില്‍ ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ദിവസവും അഴിമതിയുടെ കഥകള്‍ പുറത്തുവരുന്നു. കള്ളപ്പണമിടപാട് നടത്തിയിട്ട് നികുതി അടച്ചാല്‍ പ്രശ്‌നം തീരുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മാറ്റത്തിന് എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് തെളിഞ്ഞതാണ്. മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി. ടി. രമ, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ്, സംസ്ഥാന സെക്രട്ടറി ജെ. ആര്‍. പത്മകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക് കുമാര്‍, സംസ്ഥാന സമിതിഅംഗം പോങ്ങുംമൂട് വിക്രമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം. ആര്‍ ഗോപന്‍, സിറ്റി മണ്ഡലം പ്രസിഡന്റ് ചിഞ്ചു സുമേഷ് തുടങ്ങി വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

50 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎം-സിപിഐയുടെ ജനദ്രോഹ നടപടികളില്‍ മനംമടുത്ത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ചന്ദ്രമുരളി, മോസി എന്നിവര്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ഇവര്‍ അംഗത്വം സ്വീകരിച്ചു. ജനതാദളിലെയും പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ഷാള്‍ അണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.

error: Content is protected !!