Trending Now

സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/04/2025 )

Spread the love

അധ്യാപക നിയമനം

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍  ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍.  സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്‍ഗകാര്‍ക്ക് മുന്‍ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672  വിലാസത്തില്‍ അപേക്ഷിക്കണം.  അവസാന തീയതി  ഏപ്രില്‍  15. ഫോണ്‍ : 04735 -227703.

നഴ്‌സിങ്ങ് ജോബ് ഡ്രൈവ്

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍  കല്ലൂപ്പാറ ഐ എച്ച് ആര്‍ഡി കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വെര്‍ച്വല്‍ ജോബ് ഡ്രൈവ് ഇന്ന്(ഏപ്രില്‍ 5) രാവിലെ 9.30 ന് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. 20 മുതല്‍ 27വരെ പ്രായമുള്ള ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നോളജ് എക്കോണമി മിഷന്റെ ഡിഡബ്ല്യൂഎംഎസ്  പോര്‍ട്ടലില്‍ വിവരം ലഭ്യമാണ്. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ബ്ലോക്കിലെ ഒമേഗ പാസഞ്ചര്‍ ലിഫ്റ്റിന് 2025 ഏപ്രില്‍ 16 മുതല്‍ 2026 ഏപ്രില്‍ 15 വരെ വാര്‍ഷിക അറ്റകുറ്റപണിക്ക് കരാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.അവസാന തീയതി ഏപ്രില്‍ 13ന് രാവിലെ 11. ഫോണ്‍ : 0468 2222364.

ഗതാഗത നിരോധനം

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍  ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു.  കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍ വഴി കോടിയാട്ട് ജംഗ്ഷനില്‍ എത്തണം. ഏഴംകുളം ജംഗ്ഷനില്‍ പോകേണ്ട വാഹനങ്ങള്‍ കോടിയാട്ട് ജംഗ്ഷനില്‍ നിന്ന് ചിരണിക്കല്‍ വഴി പറക്കോട് ജംഗ്ഷനിലെത്തണമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

പരീക്ഷാ വിജ്ഞാപനം

ഡി.എൽ.എഡ് – ജനറൽ കോഴ്സ് 2023-2025 ബാച്ചിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് – ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) കോഴ്സിന്റെ 2023-25 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2024-2026 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നുവെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ഏകദേശം 45% കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ്. അംഗീകാരമുള്ള കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.

കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. ഏത് സാഹചര്യത്തിലാണ് കിഴിവ് ആവശ്യമായി വരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും പലർക്കും അതേപ്പറ്റി ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. കേന്ദ്രസർക്കാരിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്.സി.ഐ. നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയർ ആവറേജ് ക്വാളിറ്റി (എഫ്.എ.ക്യു) പാലിക്കുന്ന നെല്ലേ എടുക്കാൻ പാടുള്ളൂ.

നെല്ലിൽ ബാഹ്യഘടകങ്ങളുടെ സാന്നിധ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജൈവം – 1%, അജൈവം – 1%, കേടായത്/മുളച്ചത്/കീടബാധയേറ്റത് – 4%, നിറം മാറിയത് – 1%, പതിര് – 3%, താഴ്ന്ന ഇനങ്ങളുടെ കലർപ്പ് – 6%, ഈർപ്പം – 17% എന്നിങ്ങനെയാണ് പരിധി. അതിലപ്പുറം ബാഹ്യഘടകങ്ങളുള്ള നെല്ല് സംഭരിക്കേണ്ടതില്ല എന്നാണ് കേന്ദ്രനിർദ്ദേശം. കുട്ടനാട് പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഈയളവിൽ കവിഞ്ഞ് ബാഹ്യഘടകങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംസ്ഥാന സർക്കാർ സംഭരിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

മുഴുവൻ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ഈ നിബന്ധനകളെ മറികടക്കുന്നതിനായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളത്. മുൻവർഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വർഷം യാതൊരു കിഴിവുമില്ലാതെ സംഭരിക്കണമെന്ന് കർഷ്‌കരുടെ പേരിൽ ചിലർ തെറ്റായ സമ്മർദ്ദം ചെലുത്തുകയാണ്.

തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കളക്ടർമാർ ഉൾപ്പെടെ അപ്പപ്പോൾ ഇടപെടുന്നുണ്ട്. കോട്ടയം തിരുവാർപ്പ് ജെ-ബ്ലോക്കിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും താനും ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മർദ്ദം ചെലുത്തുകയും കർഷകരെ വഴിതെറ്റിക്കുകയുമാണ് ചിലർ ചെയ്യുന്നത്.

കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിർണ്ണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാനമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇപ്രകാരം നിർണ്ണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.

ട്രാവൽ ആന്റ് ടൂറിസം എംബിഎ കോഴ്സിൽ പ്രവേശനം

മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ ഏപ്രിൽ 9 രാവിലെ 10.30 ന് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെമാറ്റ് / സിമാറ്റ് / ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്മെന്റ് അവസരവും നൽകുന്നു. എസ്.സി./ എസ്.ടി. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 9446529467 / 8129166616.

കിലെ ഐ എ എസ് അക്കാദമിയിൽ പരിശീലനം

കേരള സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക്ക് ഡിവിഷനായ കിലെ ഐ എ എസ് അക്കാഡമിയുടെ 2025-2026 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദദാരികൾ / അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു വർഷം ദൈർഘ്യമുള്ള യു.പി.എസ്.സി യുടെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷിക്കാം. ഈ കോഴ്‌സിന് പൊതുവിഭാഗ വിദ്യാർത്ഥികളുടെ ഫീസ് 50,000 രൂപയും ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയിൽ പകുതി നിരക്കായ 25,000 രൂപയുമാണ്. ജൂൺ ആദ്യവാരം ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 8075768537, 0471-2479966.

അവധിക്കാല കോഴ്‌സ്
കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ 5-ാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിച്ച അവധിക്കാല കോഴ്‌സായ IT SIP ന്റെ ഒഴിവുള്ള സീറ്റിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് : 0471 2490670.

പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്
: ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാൻ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (PSP) എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്ന് പഠനം ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാൻ ഊർജ സംഭരണ സംവിധാനങ്ങളുടെ (ESS) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ പഠനറിപ്പോർട്ടാണ് തയ്യാറായത്. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിന് റിപ്പോർട്ട് കൈമാറി.

പുനരുപയോഗ ഊർജ വിന്യാസത്തിലും ഇലക്ട്രിക് വാഹന (EV) സ്വീകാര്യതയിലും കേരളം അതിവേഗ വളർച്ച കൈവരിക്കുന്നതിനാൽ പീക്ക് പവർ ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു. ബാറ്ററി സംഭരണം ചെലവ് കുറഞ്ഞതും സാധ്യമായതുമായ ഒരു പരിഹാരമായി നിലവിൽ മാറിയിട്ടുണ്ട്. നിലവിലെ കേരളത്തിന്റെ പീക്ക് ഡിമാൻഡ് അനുസരിച്ച് 7 GWh ൽ കൂടുതൽ ഊർജ സംഭരണ ശേഷി സംസ്ഥാനത്തുണ്ടാകണം. ബാറ്ററി ചെലവ് കുറയുന്നതും പ്രാദേശികമായി പ്രയോജനപ്പെടുത്താവുന്നതും ഇതിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിലെ നിലവിലുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നത് കൂടുതൽ ചെലവ് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരിയായ സംഭരണ സാങ്കേതികവിദ്യ തിരഞ്ഞെടുക്കൽ, സംഭരണ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ നയങ്ങൾ, സംരംഭങ്ങൾ എന്നിവ റിപ്പോർട്ടിലെ പ്രധാന ശുപാർശകളാണ്.

കേരളത്തിന്റെ ഊർജ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ ഊർജ സംഭരണ പരിഹാരങ്ങളിൽ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്.

തീയതി നീട്ടി

2024-26 വർഷത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് നലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആവശ്യമുള്ള ഏജൻസികളും അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 15 ലേക്ക് നീട്ടി.

അപേക്ഷകൾ 15 ന് വൈകിട്ട് 5 മണിക്ക് മുൻപായി അഡീഷണൽ സെക്രട്ടറി, ധനകാര്യ ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് വകുപ്പ്, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവന്തപുരം വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: [email protected], 0471-2518834, 2518318.

പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.

ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.

ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനുമായി www.keralataxes.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ-സ്മാർട്ട് നിലവിൽ വന്നിട്ടുണ്ട്. 2025 ഏപ്രിൽ 10ന് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ സ്മാർട്ടിന്റെ സേവനം വ്യാപിപ്പിക്കും.

കെ-സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ സമർപ്പിക്കാം. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കും. വാട്സാപ്പ്, ഇ മെയിൽ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാർ/ പാൻകാർഡ്/ ഇ മെയിൽ ഐഡി വഴി കെ-സ്മാർട്ടിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യാതെയും ഫോൺ നമ്പർ മാത്രം നൽകി പ്രധാന സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം. ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് വരാതെയും അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈനായി അപേക്ഷകന് സമയാസമയം അറിയാനാകും. കെ-സ്മാർട്ടിലൂടെ അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K-MAP എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. KNOW YOUR LAND ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും.

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

കന്യാകുമാരി തീരത്ത് (05-04-2025) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (0.8 മുതൽ 1.2 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് വഴി കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

 

error: Content is protected !!