കോന്നി വാര്‍ത്ത ഡോട്ട് കോം : നിലയ്ക്കല്‍-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞുതാണ സ്ഥലം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് സന്ദര്‍ശിച്ചു.
60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല്‍ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി.
വരും ദിവസത്തില്‍ സെസിലെ(സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തും. എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചില്‍ മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കില്‍ അവ ഉടന്‍ പരിഹരിക്കാനും അല്ലാത്തവയാണെങ്കില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന്(ആഗസ്റ്റ് 11) സമര്‍പ്പിക്കും.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസംകൂടിയ യോഗത്തില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരമാണ് സ്ഥലം സന്ദര്‍ശിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്.മണി, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.എല്‍ ഗീത, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മീനാ രാജന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ശ്രീലത, ബി.ബിനു, നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.