Trending Now

നിക്ഷേപം തിരികെക്കിട്ടിയില്ല : കോന്നിയില്‍ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

 

konnivartha.com: കോന്നി റീജിയണൽ സഹകരണ സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് കുടുംബം പറയുന്നു . മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിച്ച നിഗമനത്തില്‍ കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) കോട്ടയം മെഡിക്കല്‍ കോളേജിലെ വെൻ്റിലേറ്ററിൽ കഴിയുകയാണ്.കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്.

 

മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.ഇന്നലെയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നുവെന്നും എന്നാൽ പണം കിട്ടിയില്ലെന്നും മകൾ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഈ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകൾ പറയുന്നു

ആനന്ദൻ മൂന്ന് മാസത്തെ പലിശ തുക വാങ്ങി ഇന്നലെ മടങ്ങിയിരുന്നു . ബാങ്കിൽ ലക്ഷങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. നിക്ഷേപകർക്ക് പണം കൊടുക്കാനുണ്ട്. ഏഴ് കോടിയോളം രൂപ വായ്പ നല്‍കിയത് കിട്ടാനുമുണ്ട്. ബാങ്ക് ജീവനക്കാരാരും ആനന്ദനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബാങ്ക് അധികാരികള്‍ പറയുന്നു . ഏതാനും നാള്‍ മുന്നേ ആനന്ദൻ പണം തിരികെ കിട്ടണമെന്ന  ആവശ്യം ഉന്നയിച്ചു ബാങ്കിന് മുന്നില്‍ സത്യാഗ്രഹം ഇരുന്നിരുന്നു .

നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കോന്നി റീജിയണല്‍ സൊസൈറ്റി ഭരണ സമിതിയ്ക്ക് എതിരെ നിക്ഷേപകരെ അണി നിരത്തി നാളെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സൊസൈറ്റിയിലേക്ക് പ്രതിക്ഷേധ പ്രകടനവും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!