
ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ മെഗാ സ്‌ക്രീനിംഗും ബോധവല്‍കരണ സെമിനാറും കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ കുടുംബശ്രീമിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെക്കുറിച്ച് അവബോധം ശക്തമാക്കുക, സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം.
ചെന്നീര്‍ക്കര കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് സി. എസ് ശോഭന ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അര്‍ബുദ പരിശോധനാ സ്‌ക്രീനിംഗ് മാര്‍ച്ച് എട്ടു വരെ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതാകുമാരി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില എന്നിവര്‍ പങ്കെടുത്തു.