
konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ
മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം.
ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം മഹമൂദ്, കണ്ണുർ അഡീഷണൽ എസ് പി :കെ വി വേണുഗോപാൽ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ, ചലചിത്ര – സീരിയൽ താരം രാഘവൻ എന്നിവർക്കായിരുന്നു മുൻ വർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചത്. വാർത്താ സമ്മേളനത്തിൽ തളിപ്പറമ്പ പ്രസ്സ് ഫോറം പ്രസിഡണ്ട് എം കെ മനോഹരനും പങ്കെടുത്തു .
തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ് തളിപ്പറമ്പ പൂക്കോത്ത് തെരു കുട്ടിക്കുന്ന് പറമ്പിലെ തവറൂൽ ദിനൂപ് പെരുവണ്ണാൻ.തൻ്റെ പിതാവ് കുഞ്ഞിരാമ പെരുവണ്ണാൻ്റെ ചെറു ജന്മാവകാശത്തിൽപ്പെട്ട പൂക്കോത്ത് തെരു, പുളിമ്പറമ്പ്, കീഴാറ്റൂർ എന്നീ പ്രദേശങ്ങളിൽ എട്ടാം വയസ്സിൽ ആടിവേടൻ കെട്ടിയാടി തെയ്യാനുഷ്ഠാന രംഗത്തേക്കു ചുവടുവെച്ച ദിനൂപ് സ്വന്തം വീട്ടിലെ പൊടിക്കള സ്ഥാനത്ത് മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നതിന് വേണ്ടിയാണ് ആദ്യമായി തലപ്പാളിയണിഞ്ഞത്.
തളിപ്പറമ്പ കീഴാറ്റൂർ കൊളപ്രശ്ശേരി കാവിൽ പുതിയ ഭഗവതിക്കോലം കെട്ടിയാടിയതിന് 1996-ൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്ത് വെച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു.
പിതാവ് തവറൂൽ കുഞ്ഞിരാമ പെരുവണ്ണാനിൽ നിന്നും, അഴീക്കോട് കൃഷ്ണൻ പെരുവണ്ണാനിൽ നിന്നും, അഴീക്കോട് ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാനിൽ നിന്നും തെയ്യാനുഷ്ഠാനങ്ങൾ അഭ്യസിച്ച ദിനൂപ് പെരുവണ്ണാൻ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടി തൻ്റെ പ്രാഗത്ഭ്യം തെളിയിച്ചു.
തൻ്റെ ചെറുജന്മാവകാശത്തിലുള്ള തളിപ്പറമ്പ പൂക്കോത്ത് കൊട്ടാരം – മാനേങ്കാവ്,
കീഴാറ്റൂർ കൊളപ്രശ്ശേരി കാവ്,കീഴാറ്റൂർ മുച്ചിലോട്ട് കാവ്,കീഴാറ്റൂർ വേട്ടക്കൊരുമകൻ ക്ഷേത്രം, കീഴാറ്റൂർ വെച്ചിയോട്ട് കാവ്,കീഴാറ്റൂർ വണ്ണാരത്ത് വയൽ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനം,
കീഴാറ്റൂർ തിട്ടയിൽ തറവാട് ,കീഴാറ്റൂർ പുതിയടത്ത് തറവാട്,കീഴാറ്റൂർ കല്യാടൻ തറവാട്, കുറ്റിക്കോൽ മീനങ്കട തറവാട്,തോട്ടാറമ്പ് ഫോറസ്റ്റ് മടപ്പുര എന്നിവിടങ്ങളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടി.കൂടാതെ വളപട്ടണം കളരിവാതുക്കൽ, അഞ്ചാംപീടിക വട്ടാക്കീൽ മുച്ചിലോട്ട് കാവ്,
കുന്നാവ് മുച്ചിലോട്ട്കാവ്,കവിണിശ്ശേരി മുച്ചിലോട്ട് കാവ്,മാടായി മുച്ചിലോട്ട്കാവ്,വടകര കണ്ണംങ്കൈയിൽ കുലപരദേവത ക്ഷേത്രം എന്നിവിടങ്ങളിലും തെയ്യക്കോലങ്ങളണിഞ്ഞു.
മുത്തപ്പൻ, തിരുവപ്പന, അന്തിക്കരിവേടൻ, കുടിവീരൻ,പാടാർകുളങ്ങര വീരൻ, വീരർകാളി, പുതിയ ഭഗവതി, മൂത്ത ഭഗവതി, ഇളംകോലം, മരക്കലത്തമ്മ, തായ്പരദേവത, മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി,നരമ്പിൽ ഭഗവതി, പുള്ളൂർ കണ്ണൻ, പുള്ളൂർകാളി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തോട്ടുങ്കര ഭഗവതി, പടക്കത്തി ഭഗവതി, വയനാട്ടു കുലവൻ ( തൊണ്ടച്ഛൻ ) എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി.
പൊറാട്ട് വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ അസാമാന്യമായ പാടവം ദിനൂപ് ‘ പെരുവണ്ണാൻ തെളിയിച്ചിട്ടുണ്ട്.ഹാസ്യ പ്രധാനങ്ങളായ മാപ്പിള പൊറാട്ട്, നമ്പോലൻ പൊറാട്ട്, മുത്തപ്പൻ പൊറാട്ട് എന്നിവ ഇതിൽ ഉൾപ്പെടും.തൃഛംബരം വിക്രാനന്തപുരം ക്ഷേത്രത്തിലെ പൂതൃവാടി മലഗിഡാരൻ തെയ്യമാണ് ദിനൂപ് പെരുവണ്ണാൻ്റെ മറ്റൊരു പ്രധാന തെയ്യം.വിക്രാനന്തപുരം ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച കാഴ്ചത്തെയ്യമാണ് പൂതൃവാടി മലഗിഡാരൻ.കാൽ നൂറ്റാണ്ടുകാലമായി ഈ തെയ്യം ഇവിടെ കെട്ടിയാടുന്നത് ദിനൂപ് പെരുവണ്ണാനാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
പിതാമഹൻ കോരപ്പെരുവണ്ണാനും പിതാവ് കുഞ്ഞിരാമപ്പെരുവണ്ണാനും ധരിച്ച ഈ കോലം അവരുടെ പിന്തുടർച്ചയായി കെട്ടിയാടാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ദിനൂപ് പെരുവണ്ണാൻ കാണുന്നത്.ഈ തെയ്യത്തിന് മാത്രമായി പ്രത്യേകം അടയാളം വാങ്ങുന്ന ചടങ്ങ് ഇപ്പോഴും ഇവിടെ നടന്നു വരുന്നു.തോറ്റംപാട്ട്, മുഖത്തെഴുത്ത്, അണിയല നിർമ്മാണം, വാദ്യം എന്നിവയിലും പ്രഗത്ഭനാണ് ദിനൂപ് പെരുവണ്ണാൻ.
കേരളത്തിന് പുറത്ത് കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിരവധി തവണ മുത്തപ്പൻ വെള്ളാട്ടവും കെട്ടിയാടിയിട്ടുണ്ട് ദിനൂപ് പെരുവണ്ണാൻ.കഴിഞ്ഞ ഫെബ്രുവരി 24 ന് കീഴാറ്റൂർ വണ്ണാരത്ത് വയൽ പുതിയ ഭഗവതി
വൽത്തിറ മഹോത്സവത്തോടനുബന്ധിച്ച് ദീനൂപ് പെരുവണ്ണാനെ ആദരിച്ചിരുന്നു .
ആദരിച്ചിരുന്നു.
പാരമ്പര്യ ബാലചികിത്സാ വിദഗ്ദൻകൂടിയായ ദിനൂപ് പെരുവണ്ണാനെ തേടി നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.പുതിയ പുരയിൽ കമലാക്ഷിയാണ് ദിനൂപ് പെരുവണ്ണാൻ്റെ അമ്മ.
ഏഴിമല പരുത്തിക്കാട്ടെ ചിത്ര ഭാര്യയും.തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ശിവദത്ത്, തളിപ്പറമ്പ യൂ പി സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ദേവദത്ത് എന്നിവർ മക്കളാണ്.