Trending Now

കേരളത്തിൽ 50,000 കോടി രൂപയുടെ 31 പുതിയ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ

 

konnivartha.com: രണ്ട് ദിവസത്തെ ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനം ഇന്ന് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി പരിപാടിയെ അഭിസംബോധന ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്തു.

സദസിനെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ പാത സൂചിപ്പിച്ചു. “ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള തലത്തിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നാം മാറി. 2027 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളം വാഗ്ദാനം ചെയ്യുന്ന അവസരങ്ങളുമായി ഇന്ത്യ ഇത്ര വേഗത്തിൽ പുരോഗമിക്കുമ്പോൾ കേരളം എങ്ങനെ പിന്നിലാകും. വിനോദസഞ്ചാരം, ഉൽപാദനം, ലോജിസ്റ്റിക്സ് തുടങ്ങി എല്ലാ മേഖലകളിലും കേരളം വികസനത്തിന്റെ മുൻപന്തിയിലാണ്” മന്ത്രി പറഞ്ഞു.ഈ വർഷം 25-ാം വാർഷികം ആഘോഷിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം കേരളത്തിന്റെ സംരംഭകത്വ മനോഭാവത്തെ പ്രശംസിച്ചു.

 

കേരളീയരുടെ സംരംഭക മികവിനെ പ്രകടമാക്കിക്കൊണ്ട്, വിമാനത്താവളത്തിന്റെ സ്ഥാപനത്തിനായി 12,000 എൻ‌ആർ‌ഐ ഓഹരി ഉടമകൾ ഒത്തുചേർന്ന് 300 കോടി രൂപ നിക്ഷേപിച്ച സംരംഭത്തെ അദ്ദേഹം അനുസ്മരിച്ചു.ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശാസ്ത്ര, സങ്കേതിക, എൻജിനീയറിങ്, മെഡിക്കൽ(STEM) ബിരുദധാരികൾ ഉള്ളത് ഇന്ത്യയിലാണെന്നും അതിൽ 43% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ആഗോള പ്രതിഭാ സഞ്ചയത്തിലേക്കുള്ള സംസ്ഥാനത്തിന്റെ സംഭാവനയെയും പ്രശംസിച്ചു. “നമ്മുടെ സഹോദരിമാരും പെൺമക്കളും ഇന്ത്യയുടെ വളർച്ചാഗാഥയിൽ മുൻപന്തിയിലാണ്. അടുത്ത 25 വർഷത്തിനുള്ളിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിനായി ഇന്ത്യ തയ്യാറെടുക്കുകയാണ്. കൂടാതെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ സ്ത്രീകൾ ഭാഗമാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഒരു സുപ്രധാന നേട്ടമായ പാലക്കാട് സംയോജിത നിർമ്മാണ ക്ലസ്റ്റർ, 3,800 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് സ്ഥാപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സംരംഭം കേരളത്തിന്റെ വ്യാവസായിക ശേഷി വർദ്ധിപ്പിക്കുകയും വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും.

 

കേരളത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ വിനോദസഞ്ചാര മേഖലയെ കുറിച്ച് പരാമർശിച്ച, കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി, ഇന്ത്യയുടെ ജിഡിപിയിൽ വിനോദസഞ്ചാര മേഖല 6.5% സംഭാവന ചെയ്യുന്നുവെന്നും ഇത് 3.4 കോടി തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. 2034 ആകുമ്പോഴേക്കും ജിഡിപിയിൽ ഈ മേഖലയുടെ പങ്കാളിത്തം 7.6% ൽ എത്തുമെന്നും 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. ആഗോള സന്ദർശകരെ ആകർഷിക്കുന്ന ആയുർവേദത്തിലും യോഗയിലും കേരളത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. വെള്ളം, വൈദ്യുതി, റോഡുകൾ, ഗതാഗതം, ആശയവിനിമയം എന്നിവയിൽ തുടർച്ചയായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകിയ ശ്രീ നിതിൻ ഗഡ്കരി, കേരളത്തിൽ 896 കിലോമീറ്റർ ദൂരത്തിൽ 50,000 കോടി രൂപയുടെ 31 പുതിയ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുമെന്ന് വെളിപ്പെടുത്തി. സംസ്ഥാനത്തിന്റെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനുമാണ് ഈ വൻ നിക്ഷേപം ലക്ഷ്യമിടുന്നത്കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രി ശ്രീ ജയന്ത് ചൗധരി കേരളത്തെ “വികസനത്തിലേക്കുള്ള കവാടം” എന്ന് തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചു. വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപ വർഷങ്ങളിൽ 6,200 സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിനും 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനും 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ആകുമ്പോഴേക്കും കൂടുതൽ വളർച്ച കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഈ വേഗത തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

സംസ്ഥാനത്തിന്റെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ഉദ്ഘാടന പ്രഭാഷണത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എടുത്തുപറഞ്ഞു. “കേരളം 6,200 സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചു, 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 2026 ആകുമ്പോഴേക്കും ഇത് കൂടുതൽ വർദ്ധിപ്പിക്കുകയും കേരളത്തെ നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ഒരു മുൻനിര കേന്ദ്രമാക്കി മാറ്റുകയുമാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന് അദ്ദേഹം പ്രസ്താവിച്ചു .വിവിധ വ്യവസായ ഗ്രൂപ്പുകളുമായി സഹകരിച്ച് കേരള സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി. വ്യവസായം, സാങ്കേതികവിദ്യ, സംരംഭകത്വം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.

error: Content is protected !!