
കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാന്‍സര്‍ കാമ്പയിന്റെ ഭാഗമായി നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി നടന്ന ക്യാമ്പില്‍ 38 പേര്‍ക്ക് ക്യാന്‍സര്‍ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ജി. വിനോദ്, പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഇന്‍ചാര്‍ജ് കെ. ഷാമില, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ രാജിമോള്‍, അജിന്‍, നിഷ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ ശരണ്യ, അഞ്ജിത, ഊര് മൂപ്പന്‍ രാമന്‍കുട്ടി, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനം നിര്‍വഹിച്ചു
കൊടുമണ്‍ സര്‍ക്കാര്‍ എസ്‌സിവി എല്‍പി സ്‌കൂളിന്റെ ഓഡിറ്റോറിയം, വര്‍ണകൂടാരം എന്നിവയുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികവും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. എസ്എസ്‌കെ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാര മാതൃകയിലുള്ള പ്രീ-സ്‌കൂള്‍ വര്‍ണ്ണക്കൂടാരം നിര്‍മിച്ചത്. സ്‌കൂളിന്റെ നവീകരിച്ച നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ജി. ശ്രീകുമാര്‍, എ. വിപിന്‍ കുമാര്‍, എ. വിജയന്‍ നായര്‍, പ്രഥമാധ്യാപിക സുജ കെ. പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സില്‍വര്‍ ജൂബിലി ഹാള്‍ ഉദ്ഘാടനം 25 ന്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 രാവിലെ 10ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപദക് ലഭിച്ച ദിയാ ഫാത്തിമയെ അനുമോദിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി. വിദ്യാധരപ്പണിക്കര്‍, എന്‍. കെ. ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജി ബിന്‍ യൂണിറ്റ് വിതരണം ചെയ്തു
ഏറത്ത് ഗ്രാമപഞ്ചായത്തില്‍ ജൈവമാലിന്യ സംസ്‌കരണത്തിനു ജി ബിന്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 34 സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ജി ബിന്‍ യൂണിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് രാജേഷ് ആമ്പാടി നിര്‍വഹിച്ചു. 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,28,170 രൂപ ചെലവഴിച്ച് 24 അങ്കണവാടികള്‍, അഞ്ചു വീതം സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവയ്ക്കാണ് ജി ബിന്‍ വിതരണം ചെയ്തത്.
പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ശ്രീജകുമാരി അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനില്‍ പൂതക്കുഴി, ഉഷ ഉദയന്‍, മറിയാമ്മ തരകന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍
ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കജശയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോണ്‍, രജിത ജയ്സണ്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നവരുമുണ്ടായിരുന്നു.
ദിനാചരണം നടത്തി
കടമ്പനാട് ഈശ്വരന്‍ നായര്‍ സ്മാരക സര്‍ക്കാര്‍ വിഷവൈദ്യ ആശുപത്രിയുടെ ഇരുപത്താറാമത് സ്ഥാപക ദിനാഘോഷം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിനോടനുബന്ധിച്ച് അസ്ഥിസാന്ദ്രത പരിശോധനയും പ്രമേഹ രോഗികളുടെ ഡയബറ്റിക് ന്യൂറോപ്പതി പരിശോധനയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
വയോജന സംഗമം
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം ചെയ്തു. വാര്‍ദ്ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് ആന്‍സി, ലൈഫ് സ്‌കില്‍ ട്രെയിനര്‍ ഷീലു എം ലൂക്ക് എന്നിവര്‍ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വയോജനങ്ങളെ ആദരിച്ചു.
വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലില്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, അംഗങ്ങളായ അഡ്വ. വിജി നൈനാന്‍, ചന്ദ്രലേഖ, സി.ഡി.പി.ഒ ജി.എന്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.
നടപ്പാത ഒരുങ്ങുന്നു
നടപ്പാത യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് ഓമല്ലൂര്‍ പഞ്ചായത്തിലെ 15 കുടുംബങ്ങള്‍. മുള്ളാനിക്കാട് വാര്‍ഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികള്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. 10 അടി വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ വഴി വെട്ടിയത്. നാല് വിദഗ്ധ തൊഴിലാളികളും 20 തൊഴിലുറപ്പ് അംഗങ്ങളും ചേര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ കൊണ്ട് റോഡിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബറോടെ റോഡ് പൂര്‍ത്തിയാകും. 10 ലക്ഷം രൂപയുടേതാണ് പദ്ധതി.
വനിതാസംരംഭക വസ്ത്രശാല
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത സംരംഭകര്‍ ആരംഭിച്ച വസ്ത്രശാല പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചീക്കനാലില്‍ കുടുംബശ്രീ അംഗങ്ങളായ വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് തയ്യല്‍, എംബ്രോയിഡറി അടങ്ങിയ സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ 75 ശതമാനം സബ്‌സിഡി സംരംഭ യൂണിറ്റിന് ലഭിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് അധ്യക്ഷനായി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗതാഗതം നിരോധിച്ചു
അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാ
ജില്ലാ വികസന സമിതി മാറ്റി
ഫെബ്രുവരി 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം നീട്ടി
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി.
ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി
ജില്ലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും ക്ഷീരകര്‍ഷകര്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉല്‍പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ മരണം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക.
രണ്ടു മുതല്‍ 10 വയസുള്ള പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പാദനശേഷിയുള്ള പശു, എരുമ, ഏഴ് മാസം ഗര്‍ഭിണികളായ കിടാരികളും ഗര്‍ഭാവസ്ഥയിലുള്ള കറവവറ്റിയ പശുക്കള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഒരു വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 1356 രൂപയും എസ്സി/ എസ്ടി 774 രൂപയും നല്‍കേണം. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 3319 രൂപയും എസ്സി എസ്ടി വിഭാഗം 1892 രൂപയും നല്‍കണം.
പദ്ധതിയില്‍ അംഗമാകാന്‍ അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ് രണ്ടു മണി. ഫോണ്‍: 0468 2362129.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 129 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍: 0473 4216444.
അറിയിപ്പ്
പത്തനംതിട്ട നഗരസഭാ പരിധിയില്‍ പിഡബ്ലുഡി റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിര്‍മ്മിതികളും ഫെബ്രുവരി 25 ന് പൊതുമരാമത്ത് നിരത്ത്‌വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം
ഭാരതീയ തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം മാര്‍ച്ച് ഒന്നിന് ഹെഡ്പോസ്റ്റോഫീസില്‍ നടത്തും. (വിഷയം- ഇമാജിന്‍ യു ആര്‍ ദ ഓഷന്‍, റൈറ്റ് എ ലെറ്റര്‍ ടു സംവണ്‍ എക്‌സ്പ്‌ളെയിനിംഗ് വൈ ആന്റ് ഹൗ ദേ ഷുഡ് ടേക് ഗുഡ് കെയര്‍ ഓഫ് യു ) ഇംഗ്ലീഷ് /ഹിന്ദി/ പ്രാദേശിക ഭാഷയില്‍ എഴുതാം. മികച്ച മൂന്ന് കത്തിന് 25000, 10000, 5000 രൂപ സമ്മാനം നല്‍കും.
പങ്കെടുക്കുന്നതിന് ഫെബ്രുവരി 27 ന് മുമ്പ് പേര്, വിലാസം, സ്‌കൂള്‍ വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡ് കോപ്പിയോടുകൂടി അപേക്ഷ അയയ്ക്കണം. വിലാസം: സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്‍. ഫോണ്‍: 0468 2222255.
താലൂക്ക് വികസന സമിതി
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
മൂലൂര്‍ ജയന്തി ആഘോഷം 24 മുതല്‍
സരസകവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ 156-മത് ജയന്തിയും സ്മാരകത്തിന്റെ 36-മത് വാര്‍ഷികവും ഫെബ്രുവരി 24 മുതല്‍ 26 വരെ മൂലൂര്‍ സ്മാരകത്തില്‍ നടക്കും. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് ശേഷം 4.30 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മുന്‍ എംഎല്‍എയും സ്മാരക പ്രസിഡന്റുമായ കെ.സി രാജഗോപാലന്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ്‌സി മൈക്രോ പ്ലാന്‍ പ്രകാശനം 25ന് ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രാഹം പദ്ധതി രേഖ കൈമാറും. നവോത്ഥാന സ്മൃതി സമ്മേളനത്തിന്റെ ഉദ്ഘാടനം 3.30ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.
26 ന് രാവിലെ 10ന് നടക്കുന്ന കവി സമ്മേളനം ഏഴാഞ്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
വനിതാ കമ്മിഷന്‍ അദാലത്ത് 25ന്
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.
ക്രൈംമാപ്പിംഗ് ജില്ലാതല കോണ്‍ക്ലേവ് (ഫെബ്രുവരി 22)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്രൈംമാപ്പിംഗ് കോണ്‍ക്ലേവ് (ഫെബ്രുവരി 22) കുളനട പ്രീമിയം കഫേയില്‍ നടക്കും. അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.