Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/02/2025 )

ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ ഫെബ്രുവരി 22 ന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ 24 ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 25 ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയും മദ്യ വില്‍പന നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവിട്ടു.

ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും

കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. എലിപ്പനി പ്രതിരോധമരുന്നിന്റെ ആവശ്യകത പ്രോല്‍സാഹിപ്പിക്കാന്‍ പ്രചാരണം സംഘടിപ്പിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

സ്‌കൂളുകള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കും. പരിസരശുചിത്വം പ്രോല്‍സാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും തീരുമാനമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി ആരോഗ്യമേഖലയിലെ സ്ഥിതിവിവരം വിശകലനം ചെയ്തു. ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ് ജോസഫ്, ഡോ. ശ്യാം കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എസ് ശ്രീകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ

സംസ്ഥാനത്തിന് അഭിമാനമാകുന്ന നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാര്‍ 1.05 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാല് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. റാന്നിയിലെ അങ്കണവാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്‌കാരം എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് നോളജ് വില്ലേജ്. ലോകം മാറുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ വര്‍ഗീസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോബി എബ്രഹാം, രാജേഷ് ഡി. നായര്‍, പ്രധാനാധ്യാപിക എസ്. ബിന്ദു, എ.ഇ.ഒ പി.ആര്‍ ബിന്ദു, ബി.പി.സി മെറിന്‍ സ്‌കറിയ, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എ.കെ പ്രകാശ്, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടാങ്ങല്‍ എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം നടത്തി

കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി രൂപയാണ് കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. നാല് ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. റാന്നിയില്‍ സൗജന്യ പിഎസ്‌സി പഠനപദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പ്രധാനാധ്യാപിക മിനി എലിസബത്ത് ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മിഷന്‍ നന്ദിനി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയായ കന്നുകാലികളുടെ വന്ധ്യത നിവാരണ ക്യാമ്പ് മിഷന്‍ നന്ദിനി പഞ്ചായത്ത് അംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. മല്ലപ്പള്ളി ആര്‍.എ.സി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. ജെസി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി. എസ് അജേഷ് കര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സി മാത്യു, വെറ്റിനറി സര്‍ജന്‍ ഡോ. പ്രീതി മേരി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പോഷ് നിയമ ബോധവല്‍ക്കരണം  (ഫെബ്രുവരി 20)

പോഷ് വാരാചരണത്തിന്റെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍  (ഫെബ്രുവരി 20) 10.30 ന് ബോധവല്‍ക്കരണം നടത്തും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസ് പുറത്തിറക്കുന്ന കോണ്ടാക്ട് ഡയറക്ടറി പ്രകാശനവും നടക്കും.

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 25 വരെ സ്‌പെഷ്യല്‍ റിബേറ്റ.് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ , ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ  റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു. ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434, അബാന്‍ ജംഗ്ഷന്‍  – 9744259922, അടൂര്‍  റവന്യൂ ടവര്‍   -9061210135, ചേത്തോങ്കര – റാന്നി – 8984553475.

തപാല്‍ വകുപ്പിന്റെ മഹാ സുരക്ഷ ഡ്രൈവ്

തപാല്‍ വകുപ്പിന്റെ മഹാസുരക്ഷ ഡ്രൈവ് പത്തനംതിട്ട ഡിവിഷനില്‍ തുടങ്ങി. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിക്ക് 1000 രൂപയില്‍ താഴെയുള്ള വാര്‍ഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ടോപ്പ് അപ്പ് പ്ലാന്‍,  മൂന്നുലക്ഷം രൂപയുടെ കാന്‍സര്‍  കെയര്‍ പ്ലാന്‍ , 15 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്ലാന്‍,  വാഹന ഇന്‍ഷുറന്‍സ് , വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമേ പദ്ധതികളില്‍ ചേരാന്‍ സാധിക്കൂ. പോസ്റ്റ് ഓഫീസ് / പോസ്റ്റ്മാന്‍ വഴി തല്‍സമയം അക്കൗണ്ട് തുറക്കാമെന്ന് പോസ്റ്റ് സൂപ്രണ്ട്  എസ് ശ്രീരാജ് അറിയിച്ചു.

ടെന്‍ഡര്‍

പന്തളം ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന്  വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍ : 04734256765

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2610016, 9188959679. ഇമെയില്‍-[email protected]

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 31 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ അങ്കണവാടി ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്. ഫോണ്‍ : 0469 2610016, 9188959679. ഇമെയില്‍-[email protected]

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2610016, 9188959679. ഇമെയില്‍-[email protected]

error: Content is protected !!