konnivartha.com: അച്ചന്‍കോവിൽ ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിലെ ചാങ്കൂർ മുക്കിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശ ബോർഡ് സ്വകാര്യ വ്യക്തിയുടെ യാർഡ് നിർമ്മാണത്തിനായി ഇളക്കിമാറ്റി.
തണ്ണിത്തോട്, അടവി, ചിറ്റാർ, മലയാലപ്പുഴ, ശബരിമല, കുമ്പഴ എന്നീ ഭാഗങ്ങളിലേക്കുള്ള വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ആണ് സ്വകാര്യ വ്യക്തി തന്റെ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിന്നും ഇളക്കി മാറ്റിയത്.
ശബരിമല തീർത്ഥാടകർക്ക് അടക്കം സൗകര്യപ്രദമായ നിലയിൽ ആയിരുന്നു ഇവിടെ വിവിധ ഭാഷകളിൽ ഉള്ള ദിശ ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്. ശബരിമല തീർത്ഥാടന സമയത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ഇവിടെ സ്ഥാപിച്ചത്. അച്ചൻകോവിലിൽ നിന്നും കാൽനടയായി വരുന്ന ശബരിമല തീർത്ഥാടകർ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിൽ വിശ്രമിച്ച ശേഷം ഇതുവഴി മലയാലപ്പുഴ ക്ഷേത്രത്തിലേക്കും തുടർന്ന് വടശ്ശേരിക്കര വഴി പമ്പയിലേക്കും പോകുന്നു. വടശ്ശേരിക്കരിൽ നിന്നും വേഗത്തിൽ കോന്നിയിൽ എത്തുവാൻ ശബരിമല തീർത്ഥാടകർ കുമ്പളാംപൊയ്ക, തലച്ചിറ, പുതുക്കുളം, ചെങ്ങറ, അട്ടച്ചാക്കൽ വഴി ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
ദിശ ബോർഡ് തിരികെ സ്ഥാപിക്കാനും അനധികൃതമായി ബോര്‍ഡ് നീക്കം ചെയ്ത സ്വകാര്യ വ്യക്തിക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കണം എന്ന് വിവിധ മേഖലയില്‍ നിന്നും ആവശ്യം ഉയര്‍ന്നു . മറ്റു സ്ഥലത്തെ ബോര്‍ഡുകള്‍ ഇതേപോലെ നീക്കം ചെയ്യുമ്പോള്‍ മാത്രം ഉണരുന്ന അധികാരികള്‍ യാര്‍ഡ് നിര്‍മാണം നടത്തുന്ന ആളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ട് ആണെന്ന് ജനം ചോദിക്കുന്നു . പണവും അധികാരവും ഉണ്ടെന്നുള്ള മുഷ്ക്ക് ആണ് ഇതിനു പിന്നില്‍ എന്ന് ജന സംസാരം ഉണ്ട് . അധികാരികള്‍ ശ്രദ്ധിച്ചാല്‍ നല്ലത് .
ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക് ചാർത്തുന്ന തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കടന്നു പോകുന്നതും ഈ റോഡിലൂടെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കോന്നിയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ നിന്ന് അര കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ദിശ ബോർഡ് ആണ് ഇളക്കി മാറ്റിയത്.
കോന്നി, മലയാലപ്പുഴ, അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെയും പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെയും ജനങ്ങൾ പതിവായി ഉപയോഗിക്കുന്ന റോഡാണിത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നിക്കും കുമ്പഴക്കും ഇടയിൽ ഗതാഗത നിയന്ത്രണമോ തടസ്സമോ ഉണ്ടായാൽ സമാന്തരമായി ഈറോഡ് ആണ് ഉപയോഗിക്കുന്നത്. റോഡ് ബി എം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച സമയത്ത് സ്ഥാപിച്ചതാണ് വിവിധ ഭാഷകളിലുള്ള ദിശ ബോർഡുകൾ