![](https://www.konnivartha.com/wp-content/uploads/2025/01/VQnpTap8.jpeg)
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും :റിപ്പബ്ലിക്ക് ദിനാഘോഷം നാളെ (ജനുവരി 26)
രാജ്യത്തോടൊപ്പം ജില്ലയിലും റിപബ്ലിക് ദിനം നാളെ (ജനുവരി 26) വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കത്തോലിക്കേറ്റ് കൊളജ് ഗ്രൗണ്ടില്‍ രാവിലെ 8.45 ന് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച് റിപബ്ലിക്ദിന സന്ദേശം നല്‍കും.
ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി വി. ജി വിനോദ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഗാന്ധിയ•ാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ദേശഭക്തി ഗാനങ്ങളുടെ അവതരണവും അനുബന്ധമായുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കും.
ജില്ലാതല പരിപാടി കലക്‌ട്രേറ്റില്‍ ദേശീയ സമ്മതിദായക ദിനം ഇന്ന് (ജനുവരി 25)
ദേശീയ സമ്മതിദായക ദിനം ഇന്ന് (ജനുവരി 25). ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിക്കും. റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോക ചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിജിത് അമല്‍രാജാണ് മുഖ്യാതിഥി. എ.ഡി.എം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, ആര്‍ രാജലക്ഷ്മി, ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
വോട്ടു ചെയ്യുതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും, ഉറപ്പായും എന്ന ദിനാചരണ സന്ദേശവുമായി വൈകിട്ട് 5.30 ന് ഗാന്ധി സ്‌ക്വയര്‍ പരിസരത്ത് ഫ്ളാഷ് മോബും മിനി സിവില്‍സ്റ്റേഷന്‍ വരെ മെഴുകുതിരിജാഥയും സംഘടിപ്പിക്കും.
മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി രണ്ട് മുതല്‍ വിപുല ക്രമീകരണങ്ങളൊരുക്കി – ജില്ലാ കലക്ടര്‍
ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വഴികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കും.
ഹരിത ചട്ടപാലനം ഉറപ്പാക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളിലാകും കുടിവെള്ള വിതരണം. 24 മണിക്കൂറും ജല അതോറിറ്റിയുടെ മേല്‍നോട്ടത്തിലാകും കുടിവെള്ള വിതരണം. ഏകഉപയോഗ പ്ലാസ്റ്റിക്ക് നിരോധിച്ചു. പ്ലാസ്റ്റിക്‌നിരോധന മുന്നറിയിപ്പ്‌ബോര്‍ഡുകള്‍ സ്ഥാപിക്കും. കെഎസ്ആര്‍ടിസി താല്‍ക്കാലിക ബസ് സ്റ്റേഷന്‍ ക്രമീകരിക്കും. വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകളുണ്ടാകും.
പദയാത്രികര്‍ കൂടുതല്‍എത്തുന്ന മല്ലപ്പുഴശേരി പരപ്പുഴകടവില്‍ വെളിച്ചവും പൊലിസ് സാന്നിദ്ധ്യവും ഉറപ്പാക്കും. വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പൊലിസ് പട്രോളിംഗുണ്ടാകും. ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ് വകുപ്പ് സ്‌ക്വാഡുകള്‍, അളവ്-തൂക്കം, ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെപ്രവര്‍ത്തനങ്ങള്‍ഏകോപ്പിക്കാന്‍ അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസറെ കോ ഓര്‍ഡിനേറ്ററായും കോഴഞ്ചേരി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി.
കുഷ്ഠരോഗനിര്‍മാര്‍ജന ഭവന സന്ദര്‍ശനം ജനുവരി 30 മുതല്‍
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയകാമ്പയിന്‍ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ് എന്നിവ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും.
കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കണം.
കുട്ടികളിലെ രോഗനിര്‍ണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് തയ്യാറാക്കിയ പോസ്റ്ററും ഫ്ലാഷ് കാര്‍ഡും കലക്ടര്‍ പ്രകാശനം ചെയ്തു. ആശ പ്രവര്‍ത്തകയും പരിശീലിനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകനുമടങ്ങുന്ന സംഘം കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ച് രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സഹായം നല്‍കും. ഇതിനായി 1091 സംഘങ്ങളിലായി 2182 വോളന്റിയര്‍മാരെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഭവനസന്ദര്‍ശനത്തിന് എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി എല്ലാവരും സഹകരിക്കണമെന്നും വകുപ്പുകളുടെ ഏകോപനത്തിലൂടെ കാമ്പയിന്‍ വിജയകരമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.പി ബ്ലോക്ക് ഉദ്ഘാടനം 26ന്
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി 26ന് വൈകിട്ട് നാലിന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും വിരമിച്ചവരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 27ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.
ഹ്രസ്വകാല ഡിപ്ലോമയ്ക്ക് ചേരാം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ചുരുങ്ങിയഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി ആറുമാസ കാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
ടെന്‍ഡര്‍
ഓമല്ലൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് ലാപ് ടോപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ.് ഇ-മെയില്‍ : [email protected]
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാത്ത ഡിസിഎ/പിജിഡിസിഎ ഉളളവര്‍ക്കും അപേക്ഷിക്കാം.
പ്രായം 2025 ജനുവരി ഒന്നിന് 18 നും 30നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫെബ്രുവരി മൂന്നിനകം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. ഫോണ്‍ : 04682350316.
അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേനയുളള സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി-തത്തുല്യമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 45 വയസ്. www.scolekerala.org വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനു ശേഷം രണ്ടുദിവസത്തിനകം നിര്‍ദിഷ്ടരേഖകള്‍ സഹിതമുളള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍മാര്‍ഗം എത്തിക്കണം. ഫോണ്‍ : 0471 2342950, 2342271, 2342369.
കര്‍ഷകര്‍ക്ക് സബ്സിഡി : അപേക്ഷ ക്ഷണിച്ചു
കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി നടത്തുന്ന മുതല്‍മുടക്കുകള്‍ കോര്‍ത്തിണക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിടനാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തികആനുകൂല്യം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്.
സബ്സിഡി ലഭിക്കുന്നതിന് അപേക്ഷാഫോം, അപേക്ഷകന്റെ ഫോട്ടോ, പാസ് ബുക്ക് പകര്‍പ്പ്, ഭൂനികുതി പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, കൃഷി ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കടയ്ക്കാട്-പന്തളം) കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം.
ഫോണ്‍ : 04734 294949, 6235133077, 8593041723, 7510250619.
വായ്പാപദ്ധതികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന കളിമണ്‍പാത്രനിര്‍മാണ-വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാപദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ/വിപണന പ്രവര്‍ത്തന മൂലധനവായ്പാ പദ്ധതി, വനിതാ സ്വയംസഹായ സംഘങ്ങളായ അയല്‍കൂട്ടം ഗ്രൂപ്പുകള്‍ക്കുളള വായ്പാ പദ്ധതി എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. വിവരങ്ങള്‍ക്ക് www.keralapottery.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.