konnivartha.com :സുപ്രസിദ്ധ കാനന ക്ഷേത്രം ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകൾ നവീകരിക്കുന്നതിന്1.55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ നിന്നും ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന പാതകളാണ് നവീകരിക്കുന്നത്.
കരിമാന്തോട് തൂമ്പാക്കുളം ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 45 ലക്ഷം രൂപയും , ഗുരുനാഥൻ മണ്ണ് ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 25 ലക്ഷം രൂപയും വയ്യാറ്റുപുഴ- വലിയകുളങ്ങര വാലി -കുന്നം – ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 40 ലക്ഷം രൂപയും ആലുവാംകുടി- കുന്നം- തേരകത്തുംമണ്ണ്- വയ്യാറ്റുപുഴ റോഡിന് 45 ലക്ഷം രൂപയും ആണ് അനുവദിച്ചത്.
ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനം നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്കുള്ള റോഡുകൾ വളരെയധികം ദുർഘടം പിടിച്ചതാണ്. തലമുറകളായി പൊതുജനങ്ങളുടെ ആവശ്യമായിരുന്നു ഈ പാതകൾ നവീകരിക്കുക എന്നത്. പാതകൾ നവീകരിക്കുന്നതോടെ വിശ്വാസികൾക്ക് ഒപ്പം അതിമനോഹരമായ പ്രദേശം സന്ദർശിക്കുന്നതിനുള്ള വിനോദസഞ്ചാരികളുടെ വരവിനും വളരെയധികം സഹായമാകും.
തണ്ണിത്തോട് സീതത്തോട് ചിറ്റാർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിലവിൽ തണ്ണിത്തോട് പഞ്ചായത്തിൽ കരിമാൻതോട് വരെയും ചിറ്റാർ പഞ്ചായത്തിൽ വയ്യാറ്റുപുഴ വരെയും സീതത്തോട് പഞ്ചായത്തിൽ ഗുരുനാഥൻമണ്ണ് വരെയും നിലവാരമുള്ള ഗതാഗതസൗകര്യമുള്ള റോഡുകൾ ഉണ്ട്. പാതകളുടെ നിർമാണം പൂർത്തിയാകുന്നതോടെ കരിമാൻതോട്- വയ്യാറ്റുപുഴ- ഗുരുനാഥൻമണ്ണ്- പ്രദേശങ്ങൾ തമ്മിൽ പരസ്പരം വാഹനഗതാഗതം സാധ്യമാകും.
സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തികൾക്ക് തുക അനുവദിച്ചത്.
തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.