konnivartha.com: പത്തനംതിട്ട ഓമല്ലൂരിൽ മുള്ളാനിക്കാട് വലിയപള്ളിക്ക് സമീപമുള്ള അച്ചന്‍കോവില്‍ നദിയിലെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഓമല്ലൂർ ആര്യഭവൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരണപ്പെട്ടത് .
സമീപത്തെ ടർഫിൽ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം എത്തിയതാണ് വിദ്യാർഥികൾ.ഇവിടെ ഫുട്ബോൾ കളിച്ചശേഷം ശ്രീശരണും ഏബലും മറ്റു രണ്ടു കുട്ടികളും ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.പിന്നാലെ നാലുപേരും ഒഴുക്കിൽപ്പെട്ടു.
ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്സും സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.