Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (17/01/2025 )

റിപബ്ലിക് ദിനാഘോഷം ഏകോപനത്തോടെ  പ്രവര്‍ത്തിക്കണം – ജില്ലാ കലക്ടര്‍

ജനുവരി 26ന് രാജ്യമെങ്ങും ആഘോഷിക്കുന്ന റിപബ്ലിക് ദിനം ജില്ലയിലും കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആഘോഷങ്ങളുടെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാനായി ചേമ്പറില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ചുമതലകളും വീതിച്ചുനല്‍കി.

കാത്തോലിക്കറ്റ് കോളജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ ദിനാഘോഷം. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ തുടങ്ങി വിദ്യാര്‍ഥികളുടെ ഡിസ്പ്‌ളേ, ദേശഭക്തിഗാനാലാപനം തുടങ്ങി വര്‍ണാഭമായ ചടങ്ങുകള്‍ക്കാണ് തയ്യാറെടുക്കുന്നത്.  22 നാണ് റിഹേഴ്‌സല്‍. ഘരിതചട്ടം പാലിച്ചാണ് സംഘാടനം. കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ് പൊതുഏകോപന ചുമതല.
എല്ലാ സ്‌കൂളുകളിലും ആഘോഷപരിപാടി സംഘടിപ്പിക്കണം; വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉറപ്പാക്കേണ്ടത്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ജില്ലാതല ആഘോഷത്തിന്റെ ഭാഗമാകണം. പഞ്ചായത്ത്-മുനിസിപല്‍ സെക്രട്ടറിമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെയാണ് ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം സുരക്ഷിതമെന്ന് ഉറപ്പാക്കണം. പന്തല്‍, വേദി, ശബ്ദം, വെളിച്ചം തുടങ്ങിയവയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്കാണ് ചുമതല. ആരോഗ്യവകുപ്പ് ആംബുലന്‍സ്, ആരോഗ്യസംഘം എന്നിവ ഉറപ്പാക്കണം തുടങ്ങിയ സുപ്രധാന ചുമതലകളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് വിവിധ വകുപ്പുകള്‍ക്കായി വിഭജിച്ച് നല്‍കിയതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എ.ഡി.എം ബി.ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ന്യൂനപക്ഷ  കമ്മീഷന്‍ സിറ്റിംഗ് (ജനുവരി 18)

സംസ്ഥാന ന്യൂനപക്ഷ  കമ്മീഷന്‍ ജില്ലാ സിറ്റിംഗ്  (ജനുവരി 18)  രാവിലെ 10ന് സര്‍ക്കാര്‍ അതിഥി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലെ പരാതികള്‍ക്കൊപ്പം പുതിയവയും സ്വീകരിക്കും. 9746515133 നമ്പരില്‍ വാട്‌സാപ്പിലൂടെയും പരാതി അയക്കാം.

ജില്ലാ ക്ഷീരസംഗമം: പൊതു സമ്മേളനം  (ജനുവരി 18)

ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ഷീരസംഗമത്തിന്റെ ഭാഗമായ പൊതുസമ്മേളനം  (ജനുവരി 18). രാവിലെ 11 ന് കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇരവിപേരൂര്‍ കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം (ജനുവരി 18)

ഇരവിപേരൂര്‍ ഓതറ കുടംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം  (ജനുവരി 18) രാവിലെ 9.30 ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതാകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വലിച്ചെറിയല്‍ മുക്തവാരാചരണം

വെച്ചൂച്ചിറ  ഗ്രാമപഞ്ചായത്തും സെന്റ് തോമസ് ഹൈസ്‌കൂളും സംയുക്തമായി  വലിച്ചെറിയല്‍ വിരുദ്ധ വാരാചരണവും ബസ് സ്റ്റാന്‍ഡ് ശുചീകരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. കര്‍മ്മപരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ സിഗ്നേച്ചര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പൊന്നമ്മ ചാക്കോയും കുട്ടിച്ചങ്ങലയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  രമാദേവിയും നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  വി.റ്റി.ലിസി  അധ്യക്ഷയായി.ഹരിതകര്‍മ്മ സേനാംഗങ്ങളും  അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ് ശുചീകരണം നടത്തി.

ജലവിതരണം : ജാഗ്രത പാലിക്കണം

കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി; 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം.   വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ  ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരിപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍  ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി  ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. ഫോണ്‍: 9961090979, 9447432066.

പറമ്പുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നടപടി

പറമ്പുകള്‍ യഥാസമയം പരിപാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. സമീപവാസികള്‍ക്ക് ഭീഷണിയായി ഇഴജന്തുക്കളും ക്ഷുദ്രജീവികളും പെരുകുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നിര്‍ദേശം. ഇലന്തൂര്‍  ഗ്രാമപഞ്ചായത്തിലെ  എല്ലാ വാര്‍ഡുകളിലേയും  കാടുപിടിച്ച സ്വകാര്യപറമ്പുകള്‍ ഉടമയോ/കൈവശക്കാരനോ കാടുതെളിച്ച് വൃത്തിയാക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫൈനല്‍ റാങ്ക് ലിസ്റ്റ്

ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല (കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്), ചേര്‍തോട്, ( മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്) പാലച്ചുവട്, (റാന്നി ഗ്രാമപഞ്ചായത്ത്) കരിയിലമുക്ക്, (കോയിപ്രം  ഗ്രാമപഞ്ചായത്ത് ) മഞ്ഞാടി( തിരുവല്ല നഗരസഭ )എന്നീ അഞ്ച് ലൊക്കേഷനുകളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ് https://pathanamthitta.nic.in     അക്ഷയ വെബ്സൈറ്റ്  www.akshaya.kerala.gov.in  എന്നിവിടങ്ങളില്‍ ഫലം പരിശോധിക്കാം.

അധ്യപക ഒഴിവ്

കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്എസ്റ്റി മലയാളം തസ്തികയിലേക്ക് ഒരുമാസത്തേക്ക് ഒഴിവുണ്ട്. ജനുവരി 20ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.

error: Content is protected !!