Trending Now

ശബരിമല വനത്തിനുള്ളിൽ സേനയുടെ റസ്ക്യു ഓപ്പറേഷൻ

Spread the love

 

ശബരിമലയ്ക്ക് സമീപം കുന്നാർ ഡാം വനത്തിനുള്ളിലെ പോലിസ് ഡ്യൂട്ടി സ്ഥലത്ത് നിന്നും ശരീരികാസ്വാസ്ഥ്യമുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ എട്ടു കിലോമീറ്റർ ഉള്ളിൽ നിന്നാണ് പോലിസ് ഔട്ട്‌ പോസ്റ്റിലെ പാചകക്കാരനായ ഹരിപ്പാട് സ്വദേശി ശശിയെ (62 വയസ്സ്) സേനാംഗങ്ങൾ രക്ഷപെടുത്തിയത്.

ജനുവരി 14 ന് രാത്രി 12:45 ന് ശബരിമല എ ഡി എം അരുൺ എസ് നായർ സന്നിധാനത്തെ എൻ ഡി ആർ എഫ് ബറ്റാലിയനെ വിവരം അറിയിച്ചു. തുടർന്ന് 1:15 ഓടെ 12 പേരടങ്ങുന്ന എൻഡിആർഎഫ്, ഫയർ ആൻഡ് റസ്ക്യുവിലെ എട്ടു പേർ, നാല് വനം വകുപ്പ് ഉദ്യോഗസ്ഥർ, സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിലെ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘം കുന്നാർ ഡാം മേഖലയിലേക്ക് തിരിച്ചു.

വന്യമൃഗങ്ങളുള്ള വനത്തിലൂടെയുള്ള ദുഷ്കരമായ രാത്രി യാത്രയിൽ മഴയും ഇരുട്ടും കൂടുതൽ തടസമായി. രാത്രി 3:30ന് കുന്നാർ ഡാം പോലീസ് പോസ്റ്റിൽ എത്തിയ സംഘം രോഗിയെ സ്‌ട്രെച്ചറിൽ വനത്തിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചു. വെളുപ്പിന് 6:15 ന് ശശിയെ സന്നിധാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും അമിത രക്തസമ്മർദ്ദവും കാരണമാണ് ശശിക്ക് തളർച്ചയും അസ്വസ്ഥതയുമുണ്ടായതെന്ന് ഡോക്ടർ അറിയിച്ചു.

സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്ന പ്രധാന സ്രോതസാണ് പെരിയാർ ഉൾവനത്തിനുള്ളിലെ കുന്നാർ ചെക്ക് ഡാം. ശബരിമല സീസണിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പോലീസുകാരെ ഡാം പ്രദേശത്ത് വിന്യസിക്കാറുണ്ട്.

error: Content is protected !!