konnivartha.com/ sabarimala : ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം നിർമിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച കിഫ്ബി ഫണ്ടിൽ നിന്നുമാണ് കെട്ടിടം നിർമിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമാണം സമീപഭാവിയിൽ പൂർത്തിയാകും. ശബരിമല തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ മാസ്റ്റർ പ്ലാനിന് കാബിനറ്റ് അംഗീകാരം ലഭിച്ചു. ഇതിൽ 778 കോടി ശബരിമല വികസനത്തിനും 255 കോടി പമ്പയുടെ വികസനത്തിനുമാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാർത്ഥ്യമാക്കും. ശബരിമല റോപ്പ് വേയും ഉടൻ യാഥാർത്ഥ്യമാകും. ശബരിമലയിൽ എത്തുന്ന വയോധികർക്കും രോഗികളായ തീർത്ഥാടകർക്കും ഏറെ ആശ്വാസമാകും. ട്രാക്ടറുകളുടെയും ഡോളികളുടെയും ഉപയോഗം ഒഴിവാക്കാനാകും.
എല്ലാ തീർത്ഥാടകർക്കും സുഖദർശനം ഉറപ്പാക്കി പരാതിരഹിത മണ്ഡല മഹോത്സവമാണ് പൂർത്തിയായത്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിനും ഏറെ മുമ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട, വിവിധ ഇടത്താളങ്ങൾ എന്നിവിടങ്ങളിൽ
നേരിട്ട് എത്തി അവലോകന യോഗം നടത്തി.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഏകോപിത പ്രവർത്തനത്തിന്റെ ഫലമാണ് തീർത്ഥാടനം സുഗമമായത്. മകരവിളക്കിനും സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡിന് നേതൃത്വത്തിൽ ശബരിമലയിലെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തത് സുതാര്യത ഉറപ്പാക്കി. ഇ- ടെൻഡറുകൾ നിലവിൽ വന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായി. വരും വർഷങ്ങളിലും പമ്പാസംഗമം കൂടുതൽ വിപുലമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
പത്മശ്രീ ജയറാം വിശിഷ്ട അതിഥി ആയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് അധ്യക്ഷനായി. എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായണനും അഡ്വ. കെ യു ജനീഷ് കുമാറും മുഖ്യാതിഥികളായി പങ്കെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ. എ. അജികുമാർ, ജി സുന്ദരേശൻ, അദ്ധ്യാത്മിക പ്രഭാഷകൻ ഡോക്ടർ അരവിന്ദ് സുബ്രഹ്മണ്യം, കാവാലം ശ്രീകുമാർ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ ജി ഒലീന, തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക- പുരാവസ്തു വിഭാഗം ഡയറക്ടർ ആർ. രെജിലാൽ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ രഞ്ജിത്ത് ശേഖർ, സന്നിധാനം മാസിക മാനേജർ വിഭു പിരപ്പൻകോട് എന്നിവർ പങ്കെടുത്തു.