Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/01/2025 )

കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ശതാബ്ദി ഘോഷയാത്ര  ( ജനുവരി 09)

കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുളള ഘോഷയാത്ര ജനുവരി  (9) രാവിലെ 9.30 ന് നിരവത്തു ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്നുളള സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ്പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും.

ഏകദിന പരിശീലനം സംഘടിപ്പിച്ചു

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കില, വിജ്ഞാന പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍ അധ്യക്ഷനായി. എട്ട് ബ്ലോക്കുകളില്‍ നിന്നും നാലു മുന്‍സിപ്പാലിറ്റിയില്‍ നിന്നുമായി നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്‌ക്) നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോം വഴി 20 ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ. ഡിപ്ലോമ, ബിരുദം, പോസ്റ്റ് ഗ്രാജുവേഷന്‍, എന്‍ജിനീയറിങ്ങ്, നഴ്‌സിങ്, മാനേജ്‌മെന്റ്‌റ് യോഗ്യതയുളളവര്‍ക്ക് തൊഴിലവസരമുണ്ട്. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ് ആദില, ബി ഡി എം സി ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആസൂത്രണ സമിതി യോഗം (ജനുവരി  9)

ജില്ലാ ആസൂത്രണ സമിതി യോഗം (9) 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

വയോസാന്ത്വനം പദ്ധതി

സംരക്ഷിക്കാന്‍ ആരും ഇല്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വയോജനങ്ങളായ 25 കിടപ്പ് രോഗികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറുള്ള സര്‍ക്കാരില്‍ നിന്നും മറ്റ് ഗ്രാന്റുകളോ ആനുകുല്യങ്ങളോ ലഭ്യമാകാത്ത സന്നദ്ധ സംഘടനകളെയാണ് ഈ പദ്ധതിയില്‍ പരിഗണിയ്ക്കുന്നത്.

പദ്ധതി നടത്തിപ്പിലേയ്ക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയുടെയും ദൈനംദിന ചെലവുകളുടേയും 80ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റ് ആയി അനുവദിക്കും. ബാക്കി 20ശതമാനം തുക എന്‍ജിഒ വഹിക്കണം. സന്നദ്ധ സംഘടനകള്‍ നിര്‍ദിഷ്ട അപേക്ഷാഫോമില്‍ തയ്യാറാക്കിയ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (രണ്ട് പകര്‍പ്പുകള്‍ സഹിതം) ജനുവരി 16 നുള്ളില്‍ പത്തനംതിട്ട ജില്ലാ സാമുഹിക നീതീ ഓഫീസില്‍ ലഭ്യമാക്കണം. വെബ്‌സൈറ്റ് : www.sjd.kerala.gov.in. ഫോണ്‍: 04682 325168.

 

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍

ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നുള്ളവരായിരിക്കണം. യോഗ്യത: പതിനൊന്നാം ക്ലാസ് വിജയം/ഐടിഐ/പത്താം ക്ലാസ്. സമാന മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. 15 സീറ്റുകള്‍ മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും സര്‍ട്ടിഫിക്കേഷനും ലഭിക്കും. അവസാന തീയതി ജനുവരി 12. ഫോണ്‍ : 9495999688.

 

ടെന്‍ഡര്‍

റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/മെഡിസെപ്പ് / ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിംങ് സേവനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 16.
ഫോണ്‍ : 04735 227274, 9188522990.

 

സംരംഭക സഭ

പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസിന്റെയും വെച്ചൂച്ചിറ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകരുടെ കൂട്ടായ്മ സംരംഭക സഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ വി വര്‍ക്കി, വാര്‍ഡ് അംഗം രാജി വിജയകുമാര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ നിസാം, ബ്ലോക്ക് വ്യവസായ ഓഫിസര്‍ ലിജൂ എന്നിവര്‍ പങ്കെടുത്തു. മലയാളം ഇന്‍ഡസ്ട്രിസ് സ്ഥാപകന്‍ ഫാദര്‍. തോമസ് എബ്രഹാമിനെ ആദരിച്ചു.

ലേലം

ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് മുറിച്ചു സൂക്ഷിച്ചിരിക്കുന്ന ആഞ്ഞിലി, പ്ലാവ്, ചാര്‍, തേക്ക് എന്നിവ ജനുവരി 17 ന് രാവിലെ 10.30 ന് ലേലം ചെയ്യും. ഫോണ്‍ : 0468 2222630.

error: Content is protected !!