konnivartha.com: കേരള സ്കൂള്‍ കലോത്സവത്തിന്‍റെ കലാ കിരീടം കലയുടെ തലസ്ഥാനമായ തൃശൂരിന്.നാല് ദിവസമായി തലസ്ഥാന നഗരിയിലെ വേദികളില്‍ നടന്ന വാശിയേറിയ മത്സര ഇനങ്ങള്‍ സമാപിക്കുമ്പോള്‍ 1008 പോയിന്റ് നേടി തൃശൂര്‍ സ്വര്‍ണ്ണകപ്പില്‍ പേര് എഴുതിച്ചേര്‍ത്തു .
പാലക്കാട് 1007 പോയിന്റ് നേടി റാം സ്ഥാനത്ത് എത്തി . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്.ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.കാല്‍നൂറ്റാണ്ടിനുശേഷമാണ് തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്.
1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍1003 പോയന്റുമായി മൂന്നാം സ്ഥാനത്ത് എത്തി . 21 വര്‍ഷം കിരീടം നേടി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ മുന്നില്‍ എത്തി . സമാപന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മറ്റ് ജില്ലകളുടെ പോയിന്റ് നില – കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817