konnivartha.com: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രംഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പാർടി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ഇക്കാലയളവിൽ അണിചേർന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താനും പാർടി എപ്പോഴും മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്.
28, 29, 30 തീയതികളിലായി സീതാറാം യെച്ചൂരി നഗറിൽ (വകയാർ മേരി മാതാ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനവും കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കോന്നി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്) പൊതുസമ്മേളനവും ചേരും. പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പൊതുസമ്മേളനം 30ന് വൈകിട്ട് നാലിന് പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച പ്രതിനിധി, പൊതുസമ്മേളന നഗറുകളിൽ ഉയർത്താനുള്ള കൊടി, കൊടിമര, ദീപശിഖ, കപ്പി, കയർ ജാഥകൾ പാർടിയുടെ ധീര രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളിൽ നിന്നും പ്രയാണം ആരംഭിക്കും. വെള്ളി വൈകിട്ട് നാലിന് വിവിധ ജാഥകൾ കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സംഗമിക്കും. വൈകിട്ട് നാലിന് പൊതുസമ്മേളന നഗറായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാർ പതാക ഉയർത്തും.
28ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തും. തുടര്‍ന്ന് ഉദ്ഘാടനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്ക്, എ കെ ബാലൻ, പി കെ ശ്രീമതി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതോടൊപ്പം സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നടപടികളും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും. 30ന് രാവിലെ പുതിയ ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുക്കും.
വൈകിട്ട് ചുവപ്പുസേനാ മാർച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയുമുണ്ടാകും. ചുവപ്പ് സേന മാർച്ചും പ്രകടനവും വൈകിട്ട് നാലിന് എലിയറയ്ക്കൽ ജങ്ഷനിൽ നിന്ന് ആരംഭിക്കും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( കെഎസ്ആർടിസി ബസ് സ്റ്റാൻഡ്) പൊതുസമ്മേളനം ചേരും.
ജില്ലയിലെ 1,566 ബ്രാഞ്ച് , 113 ലോക്കൽ, 11 ഏരിയ സമ്മേളനങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ സമയബന്ധിതമായി അടുക്കും ചിട്ടയോടെയും പൂർത്തിയായി. ജില്ലാ സമ്മേളനത്തില്‍ 263 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. വലതുപക്ഷ മാധ്യമങ്ങൾ പാർടിക്ക് നേരെ നടത്തിയ കടന്നാക്രമങ്ങൾക്കൊന്നും പാർടിയെ ഒരു തരത്തിലും പോറലേൽപ്പിക്കാൻ സാധിച്ചിട്ടില്ല. സിപിഐ എമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടാനും വസ്തുതകൾ ബോധ്യപ്പെടുത്തി പാർടിയെ ഐക്യത്തോടെ മുന്നോട്ട് നയിക്കാനും സാധിച്ച കാലയളവ് കൂടിയാണ് കഴിഞ്ഞ മൂന്ന് വർഷത്തേത്. വരും ദിനങ്ങളിൽ കൂടുതൽ കരുത്തോടെ പാർടിയെ കെട്ടിപ്പടുക്കാനും കൂടുതൽ ബഹുജനസ്വാധീനം നേടാനും ആവശ്യമായ തീരുമാനം ജില്ലാ സമ്മേളനം കൈക്കൊള്ളും. സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ പി ജെ അജയകുമാറും കണ്‍വീനര്‍ ശ്യാംലാലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.