‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും . വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം.
എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു.എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു കെപിസിസി 2 ദിവസത്തേക്കു ദുഃഖാചരണം പ്രഖ്യാപിച്ചു.ഇന്നു നടത്താൻ നിശ്ചയിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം എംടിയുടെ നിര്യാണത്തെ തുടർന്ന് 27ലേക്ക് മാറ്റി.
1933 ജൂലൈയിൽ പാലക്കാട് കൂടല്ലൂരിലാണ് ജനനം. പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും കൂടല്ലൂർ അമ്മാളുവമ്മയുടെയും ഇളയ മകൻ. സ്കൂൾ വിദ്യാഭ്യാസം കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലും മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂർ ഹൈസ്കൂളിലും. പാലക്കാട് വിക്ടോറിയ കോളേജിൽ രസതന്ത്രത്തിൽ ഉപരിപഠനം.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്കൂളുകളിൽ കണക്ക് അധ്യാപകനായി. ഇടയ്ക്ക് കിട്ടിയ ഗ്രാമസേവകന്റെ ജോലി ദിവസങ്ങൾക്കകം രാജിവക്കുകയും അധ്യാപന രംഗത്ത് മടങ്ങിവരികയും ചെയ്തു. തുടർന്ന് മാതൃഭൂമിയിൽ ചേർന്നതോടെ തട്ടകം കോഴിക്കോടേക്ക് മാറ്റി.ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടിയുടെ ‘വളർത്തുമൃഗങ്ങൾ’ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ ശ്രദ്ധേയനാകുന്നത്.
‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണ് ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ (1958) ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം. പിൽക്കാലത്ത് ‘സ്വർഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം ടി സിനിമാ ലോകത്ത് പ്രവേശിച്ചു. 1973ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചു.
‘കാലം’(കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 200ലെ മാതൃഭൂമി പുരസ്കാരവും എം ടിക്കായിരുന്നു. രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പാതിവഴിയിൽ മുടങ്ങി.മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996ൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1999 ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അധ്യക്ഷനായി.1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയാണ് എം ടി ആദ്യം വിവാഹം ചെയ്തത്. 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി.കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിലാണ്. രണ്ടാമത്തെ മകൾ അശ്വതി നർത്തകിയും സിനിമാ സംവിധായികയുമാണ്.