konnivartha.com: എക്സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു.
സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി.
അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു
അബ്കാരി കേസുകളില്‍ 66 പ്രതികളെയും മയക്കുമരുന്ന് കേസുകളില്‍ 26 പ്രതികളെയും കോട്പ കേസുകളില്‍ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്പ കേസുകളിലായി 18000/രൂപ പിഴയും ഈടാക്കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 11 ക്യാമ്പുകളില്‍ പരിശോധ നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തി. ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധനയും നടത്തി.വിദേശമദ്യഷാപ്പുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
ശബരിമല തീര്‍ത്ഥാടനം 2024-25
ശബരിമലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ റെയിഡുകള്‍ സംഘടിപ്പിച്ചുവരുന്നു. ആകെ 2422 കോട്പ കേസുകളും 484400 രൂപ പിഴയും ഈടാക്കി.
ഡീ – അഡിക്ഷന്‍ സെന്റര്‍
ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിമുക്തിമിഷന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ, ആവശ്യമായ കൗണ്‍സിലിങ്, യോഗ പരിശീലനം എന്നിവ സൗജന്യമായി നല്‍കുന്നതിനായി റാന്നി താലൂക്ക് ഹോസ്പിറ്റലിനോട് ചേര്‍ന്ന് 2018 മുതല്‍ ഡീ – അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 10 വരെ 768 പേര്‍ ഒ.പി വിഭാഗത്തിലും 182 പേര്‍ ഐ.പി വിഭാഗത്തിലും ചികിത്സ തേടി.
ഇവിടെ ഒരേ സമയം ഒന്‍പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി വിമുക്തി മിഷന്റെ ഭാഗമായി ടെലിവിഷന്‍, റാന്നി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രന്ഥശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, വിമുക്തി മാനേജര്‍, ജില്ലാ വിമുക്തി മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ നേരിട്ട് എത്തി വിലയിരുത്തും.
ഡീ അഡീഷന്‍ സെന്ററിന്റെ സേവനം ലഭിക്കുന്നതിനായി 9188522989 എന്ന നമ്പറില്‍ ബന്ധപ്പെടണം.പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിനെ അറിയിക്കുന്നതിനായി ജില്ലയില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222873 (കണ്‍ട്രോള്‍ റൂം), 9496002863 (പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍), 155358 (ടോള്‍ ഫ്രീ നമ്പര്‍) എന്നിവയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു
എക്‌സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ ജനകീയസമിതി യോഗം കലക്ടറേറ്റില്‍ എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്രിസ്മസ് – പുതവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റേയും നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. എക്‌സൈസ്, പോലീസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെ കടകള്‍ ക്രേന്ദീകരിച്ച് മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട്, ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില, എക്‌സൈസ് വകുപ്പ് ഇന്‍സ്പക്ടര്‍മാര്‍, പോലീസ് നാര്‍കോട്ടിക് സെല്‍ എസ്.ഐ എ. സെയ്‌നുദ്ദീന്‍, കോന്നി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റ്റി. അജികുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗാം മാനേജര്‍ ചിഞ്ചു വി. ചെല്ലം, പോലീസ,് ഫോറസ്റ്റ്, വിദ്യാഭ്യാസം, ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയവ വകുപ്പുകളിലെ പ്രതിനിധികള്‍, സമിതി അംഗങ്ങളായ സോമന്‍ പാമ്പായിക്കോട്, രാജന്‍ പടിയറ, നൗഷാദ് കണ്ണങ്കര, വാളകം ജോണ്‍, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പി. ബി. എബ്രഹാം, മുഹമ്മദ് സാലി, അബ്ദുല്‍ കലാം ആസാദ്, ബേബി കുട്ടി ഡാനിയേല്‍, രാജമ്മ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.