Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2024 )

 

ശബരിമല : ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഉദ്ഘാടനംഇന്ന് രാവിലെ 9 ന്

സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും .നിലവിലെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്

തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം
:ആറു ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകി

ശബരിമല: സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ് സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു.

ഈ തീർഥാടന കാലത്ത് ഇതുവരെ 5,99,781 പേർക്ക് സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്. സന്നിധാനത്ത് മാത്രം 4,047,81 പേർക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും മധ്യാഹ്നത്തിൽ പുലാവും രാത്രിയിൽ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നൽകുന്നത്.

സന്നിധാനത്തിനൊപ്പം നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ദേവസ്വം ബോര്‍ഡ് അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ഇതിനകം 1,56,000 പേർക്കും നിലയ്ക്കലിൽ 39,000 പേർക്കും സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്.

സേഫ് സോണ്‍ പദ്ധതിക്ക് ഹാറ്റ്സ് ഓഫ്: ശബരിപാതയിൽ റോഡപകടങ്ങൾ കുറഞ്ഞു

ശബരിമല :മണ്ഡല കാല തീർഥാടനം പകുതി പിന്നിടുമ്പോൾ ശബരി പാതയിൽ ഭക്തർക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര . 21 ദിവസത്തിനിടെ ഇലവുങ്കല്‍,എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റര്‍ ചുറ്റളവിൽ നടന്നത് ആകെ 38 അപകടങ്ങൾ . 20 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരപരിക്കുകളില്ല . ഇലവുങ്കലിൽ 23 ഉം എരുമേലിയിൽ പത്തും കുട്ടിക്കാനത്ത് അഞ്ചും അപകടങ്ങളാണ് ഉണ്ടായത് . പോയവർഷം ഇതേ കാലയളവിൽ രണ്ടു പേരുടെ മരണം ഉൾപ്പടെ 60 അപകടങ്ങളാണ് ഉണ്ടായത്.എരുമേലിയിലും (22),കുട്ടിക്കാന(26) ത്തുമായിരുന്നു 2023 ൽ കൂടുതൽ അപകടങ്ങളും സംഭവിച്ചത്.

പട്രോളിംഗ് ശക്തമാക്കിയതും അനുകൂല കാലാവസ്ഥയും മികച്ച റോഡുകളുമാണ് ഇത്തവണ അപകടങ്ങളുടെ എണ്ണം കുറഞ്ഞതിന് കാരണമായതെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒ കെ .കെ രാജീവ് പറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം,എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് രാവും പകലുമായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ 40 ലക്ഷത്തോളം വാഹനങ്ങൾ തീര്‍ഥാടനപാതയിലൂടെ കടന്നു പോയി.ഡ്രൈവർമാർക്ക് റോഡിൻ്റെ സവിശേഷത സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കാറുണ്ടെന്നും ഉറക്കം മാറ്റാൻ കട്ടൻ ചായ വിതരണം ചെയ്യുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ പറഞ്ഞു .

അപകടമുണ്ടായാല്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ സജ്ജമാണ് . വാഹനങ്ങള്‍ തകരാറിലായാല്‍ സൗജന്യ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട് . 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് റിപ്പയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്.വാഹനാപകടം ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളിൽ തീര്‍ഥാടകര്‍ക്ക് 09400044991(ഇലവുങ്കല്‍)094 96367974(എരുമേലി)
09446037100(കുട്ടിക്കാനം)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഉരക്കുഴി തീര്‍ത്ഥസ്നാനത്തിന് പ്രിയമേറുന്നു

പുൽമേട് വഴി കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ‘ഉരക്കുഴി തീര്‍ത്ഥ’സ്നാനത്തിന് പ്രിയമേറുന്നു.മണ്ഡലകാലം സജീവമായതോടെ സന്നിധാനത്തു നിന്നും വെറും 900 മീറ്റർ മാത്രം അകലെ പാണ്ടിത്താവളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഉരക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ മുങ്ങികുളിക്കാൻ എത്തുന്നത്.

പമ്പയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ചെറു വെള്ളച്ചാട്ടമാണ് ഉരക്കുഴി തീർത്ഥം. വെള്ളം പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴിയായെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക.

മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്ന വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.

കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല :മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത ഉപയോഗപ്പെടുത്തിയത് .വെള്ളിയായ്ച മാത്രം പുൽമേട് വഴി 2722 പേർ എത്തിയപ്പോൾ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം 3000 കടന്നു. 1284 പേരാണ് വെള്ളിയാഴ്ച മുക്കുഴി വഴി എത്തിയത്.

വണ്ടിപ്പെരിയാർ, സത്രം, പുൽമേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18317 തീർഥാടകരും ഇതിനകം സന്നിധാനത്തെത്തി. ഇരു പാതയിലൂടെയും രാവിലെ ആറു മുതലാണ് തീർഥാടകർക്ക് പ്രവേശനം നൽകുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം ഡിസംബർ രണ്ട്‌, മൂന്ന് തീയതികളിൽ പുൽമേട് വഴിയുള്ള തീർഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർഥാടകരെ ഗ്രൂപ്പുകളാക്കിയാണു കാനന പാതയിലൂടെ കടത്തിവിടുന്നത് .യാത്രയിലുടനീളം ഫോറസ്റ്റ്, എക്കോ ഗാർഡുമാരുടെ നിരീക്ഷണം വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് .

അതേസമയം ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. 17 ലക്ഷത്തോളം പേരാണ് ഇതിനകം ശബരിമലയിലെത്തിയത്. വെള്ളിയാഴ്ച മാത്രം 89840 പേർ സന്നിധാനത്തെത്തി. ഇതിൽ 17425 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്.

error: Content is protected !!