konnivartha.com: സംസ്ഥാന സർക്കാർ കിഫ്‌ബി യിൽ 22 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി ആരംഭിച്ച ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്തിരുന്നു.
12 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗം പൂർണ്ണമായും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബി എം ടാറിങ് പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. മാങ്കോട് മുതൽ പാടം വരെയുള്ള 2 കിലോമീറ്റർ ഭാഗമാണ് പൂർണ്ണമായും നിർമ്മിക്കാൻ ഉള്ളത്.
നിർമ്മാണ പ്രവർത്തി കരാറുകാരൻ സമയബന്ധിതമായി പൂർത്തീകരിക്കാഞ്ഞതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ എന്നിവർ പാടത്തെത്തി പുരോഗതി വിലയിരുത്തിയിരുന്നു. തുടർന്നാണ് കരാറുകാരനെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്തത്.
തുടർന്ന് റീടെണ്ടർ ചെയ്ത പ്രവർത്തി കരാറുകാർ ആരും എടുത്തിരുന്നില്ല. പത്തു തവണ റീ ടെണ്ടർ ചെയ്ത പ്രവർത്തി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. 4.69 കോടി രൂപയുടെ ബാലൻസ് പ്രവർത്തി നികുതി ഉൾപ്പെടെ 6.32 കോടി രൂപയായിട്ടാണ് മന്ത്രിസഭായോഗം ഇന്ന് ടെൻഡർ അംഗീകരിച്ചത്.
ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയുടെ ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു