ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പ സന്ദർശിച്ചു; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.
തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനകാലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്.
ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ – ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പോലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ – ഭക്ഷണസൗകര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ടു സന്ദർശിച്ചു വിലയിരുത്തി.
ശബരിമല മഹോത്സവം: പ്രവേശനം ഒരു മണി മുതൽ
മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശബരിമല തീര്‍ഥാടനം ജില്ലാ കലക്ടര്‍ അവസാനഘട്ട തയ്യാറെടുപ്പ് വിലയിരുത്തി
ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. അവശേഷിക്കുന്നവ അടിയന്തരമായി നടപ്പിലാക്കാനാണ് നിര്‍ദേശം.
റോഡ് പണി പൂര്‍ണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
3,500 ലധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമായുള്ള പൊലിസ് സാന്നിധ്യമെന്ന് പൊലിസ് മേധാവി വ്യക്തമാക്കി. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പടെ താത്ക്കാലിക പൊലിസ് സ്റ്റേഷന്‍ ഒരുക്കി. സി സി ടി.വി. നിരീക്ഷണം, പാര്‍ക്കിംഗ് ക്രമീകരണം സുസജ്ജം. അണക്കെട്ടുകളിലും സുരക്ഷ മുന്‍നിറുത്തി പൊലിസ് സാന്നിധ്യമുണ്ടാകും. വൈദ്യുതി ഇന്‍സുലേറ്റഡ് കേബിള്‍ വഴി സുരക്ഷിതമായാണ് നല്‍കുന്നത്. കെ.എസ്.ഇ.ബി 5,000 ലധികം ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. തടസരഹിത വൈദ്യുതിവിതരണം ഉറപ്പാക്കും. താത്ക്കാലിക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കും. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കും.
ടാങ്കറുകളെ അമിതമായി ആശ്രയിക്കരുത് എന്നാണ് നിര്‍ദേശമുള്ളത്. അഗ്‌നിസുരക്ഷസേവനം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ ഉറപ്പാക്കി. ആധുനികസംവിധാനങ്ങള്‍ക്കൊപ്പം സേനാംഗങ്ങളുടെ വിന്യാസവും ശാസ്ത്രീയമായി നിര്‍വഹിക്കും. ഏതു സാഹചര്യവും നേരിടാനാകുംവിധമാകും സേനയുടെ പ്രവര്‍ത്തനം.ആരോഗ്യസംവിധാനങ്
ക്രെയിന്‍ സംവിധാനം സഹിതമാണ് പ്രവര്‍ത്തനം. വാഹനങ്ങളുടെ വരവ്-പോക്കും എണ്ണവും നിരീക്ഷിക്കും. അപകടസ്ഥലത്ത്‌നിന്ന് വാഹനങ്ങള്‍ അടിയന്തരമായി നീക്കാനുള്ള ക്രമീകരണവും നടത്തുന്നുണ്ട്.
എക്‌സൈസിന്റെ സംഘവും രംഗത്തുണ്ടാകും. കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ലഹരിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം അടിയന്തരഘട്ട സഹായങ്ങള്‍ക്കും മുന്‍കൈയെടുക്കും. ഇടത്താവളസൗകര്യങ്ങള്‍ പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ശബരിമല തീര്‍ഥാടനം:ആദ്യമായി ഉദ്യോഗസ്ഥ പരിശീലനവും
ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമായി ജില്ലാഭരണകൂടം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി നടത്തുന്നതിനുള്ള തീരുമാനം. അടിയന്തരസാഹചര്യങ്ങളില്‍ ഉള്‍പ്പടെ കുറ്റമറ്റ നിലയിലുള്ള ഇടപെടലും പ്രശ്‌നപരിഹാരവുമാണ് നിയുക്ത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകണക്കാക്കിയുള്ള പരിശീലനമാണ് സംഘടിപ്പിച്ചതെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കെത്താന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തി. ശബരിമല എ.ഡി.എമ്മിനാണ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണചുമതല. ഡ്യൂട്ടി-എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ്മാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി; നിര്‍ബന്ധമായും ധരിക്കണം.
സാനിട്ടേഷന്‍ സൂപര്‍വൈസര്‍മാര്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം കൃത്യതയാര്‍ന്നതെന്ന് ഉറപ്പാക്കണം. ഇവര്‍ മറ്റുജോലികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കരുത്, ചെയ്യിപ്പിക്കയുമരുത്. ഹാജര്‍ കര്‍ശനമാക്കണം. സ്‌ക്വാഡുകള്‍ പരിശോധനകളെല്ലാം കൃത്യമായി നിര്‍വഹിക്കണം. ഹെല്‍ത്ത് കാര്‍ഡ്, വിലനിയന്ത്രണം ഉള്‍പ്പടെ നിരീക്ഷിച്ച് ഉറപ്പാക്കണം. നിശ്ചയിച്ച വില മാത്രം ഈടാക്കുന്നുവെന്നും, വൃത്തിയുണ്ടന്നും വിലവിവരം പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉറപ്പാക്കണം.ബയോ ടോയ്‌ലറ്റുകള്‍ കൃത്യതയോടെ സ്ഥാപിക്കണം.
ദേവസ്വം ബോര്‍ഡ് ആവശ്യമായ എല്ലാ അനുമതികളും വാങ്ങി എന്നുറപ്പാക്കണം. പാര്‍ക്കിംഗ് ക്രമീകരണങ്ങളും സാധ്യമാക്കണം. ചുക്കുവെള്ളം വിതരണം തടസമില്ലാതെ നടത്തണം. പൊതുവിതരണ വകുപ്പ് ഹോട്ടലുകളിലെ വില ക്രമീകരിച്ചിട്ടുണ്ട്. 10 രൂപയ്ക്ക് കുടിവെള്ളം നല്‍കുന്നതിനും നിര്‍ദേശം നല്‍കി. പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചു. സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഡ്യൂട്ടി – എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍, സുപ്രധാന ഉദ്യോഗസ്ഥര്‍, സാനിട്ടേഷന്‍ സൂപര്‍വൈസര്‍മാര്‍, ഇതരജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ശബരിമല എ.ഡി.എം ഡോ.അരുണ്‍ എസ്.നായര്‍, എ.ഡി.എം ബി. ജ്യോതി, ആര്‍.ഡി.ഒ രാധാകൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പരാതികള്‍ അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംവിധാനം
ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സംവിധാനം. 8592999666 (പമ്പ), 7593861767(സന്നിധാനം), 7593861768(നിലയ്ക്കല്‍) സിയുജി നമ്പരുകളും 1800-425-1125 എന്ന ടോള്‍ഫ്രീ നമ്പരും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 04734 221236.