Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/11/2024 )

മലയാളദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം

ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂര്‍വസൂരികള്‍ നടത്തിയതെന്ന  ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും മലയാളിയെന്ന നിലയ്ക്ക് ലോകത്തെവിടെയും അഭിമാനിക്കാവുന്ന ചരിത്രം നമുക്കുണ്ടെന്നും അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, എ. ഡി. എം ബീന എസ്. ഹനീഫ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.ജ്യോതി, മിനി തോമസ്, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണഭാഷാ പുരസ്‌കാരം നേടിയ റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ, ഭാഷാപരമായ ഭരണനിര്‍വഹണ മികവ് പുലര്‍ത്തിയ ജൂനിയര്‍ സൂപ്രണ്ട് രാജി, സെക്ഷന്‍ ക്ലര്‍ക്ക് സിന്ധു എന്നിവരെ ജില്ലാ കലക്ടര്‍ ആദരിച്ചു.സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി നല്‍കി

ശബരിമല അവലോകനം നടത്തി

ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്‍കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍ 14432. പമ്പയുള്‍പ്പെടെ കുളിക്കടവുകളില്‍ ആറുഭാഷകളിലായി സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കും.

പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ ക്യാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കും. റോഡുകളില്‍ അനധികൃത പാര്‍ക്കിങ്ങും തടികള്‍ മുറിച്ചിടുന്നതും നിരോധിച്ചു. പമ്പയിലും സന്നിധാനത്തും ഓരോ മണിക്കൂര്‍ ഇടവിട്ട് കുടിവെള്ള പരിശോധനയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി സേവനം നിലയ്ക്കലും പമ്പയിലുമുണ്ടാകും.

ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കും. കൃത്യമായ അളവ് തൂക്ക പരിശോധനയുണ്ടാകും. എക്‌സൈസ് കണ്‍ട്രോള്‍ റൂം അടൂരും കോന്നിയിലും പ്രവര്‍ത്തിക്കും. 450 ഓളം ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. 241 ബസുകള്‍ നിലയ്ക്കല്‍- പമ്പ സര്‍വീസ് നടത്തും. പമ്പയില്‍ തുണി ഒഴുക്കുന്ന വിശ്വാസത്തിന്റെ ഭാഗമല്ല എന്ന അവബോധം നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായ്പ വിതരണം നടത്തി

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്ക് മൂന്നു കോടി രൂപ വായ്പാ വിതരണം ചെയ്തു. മൂന്ന് കോടി രൂപയുടെ ചെക്ക് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷീലാകുമാരിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷനായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍, മെമ്പര്‍ സെക്രട്ടറി ദീപാ എം. നായര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജാ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംരക്ഷണ സമിതിയോഗവും ഏകദിന പരിശീലന പരിപാടിയും

മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പും കേരളസംസ്ഥാന തണ്ണീര്‍തട അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന വേമ്പനാട് കായല്‍ വൃഷ്ടി പ്രദേശ സംരക്ഷണപദ്ധതിയുടെ ഭാഗമായി താഴൂര്‍കടവ്-വളളികോട്-കോട്ടയം നീര്‍തട പദ്ധതിയുടെ വൃഷ്ടിപ്രദേശ സംരക്ഷണ സമിതിയോഗവും ഏകദിന പരിശീലന പരിപാടിയും ഫലവൃക്ഷതൈ വിതരണവും നടത്തി.

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത് അധ്യക്ഷനായി. മണ്ണ് സംരക്ഷണ ഓഫീസര്‍ പി. എസ. കോശികുഞ്ഞ്, വളളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. വി. ജോസ്, വളളിക്കോട് കൃഷി ഓഫീസര്‍ അനില, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ രാമാനുജന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണം

പരുമല പെരുനാളിനോടനുബന്ധിച്ച് പദയാത്രയായി എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയെ മുന്‍കരുതി ( നവംബര്‍ 2) ടിപ്പര്‍ ലോറികള്‍ക്ക് തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

ലേലം എട്ടിന്

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുളള ഷോപ്പിംഗ് കോംപ്ലക്സിലെ ആറ്, 14 നമ്പര്‍ കടമുറികളുടെ ലേലം നവംബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

തൊഴില്‍മേള

മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന്് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം. ഫോണ്‍ : 0469 2785434, 04735 224388.

കെഎസ്ഇബി മൂഴിയാര്‍ പവര്‍ സ്റ്റേഷനില്‍ വിപുലമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാം ഘട്ടമായി കെഎസ്ഇബി മൂഴിയാര്‍ സര്‍ക്കിള്‍ ഓഫീസിലും, പവര്‍ സ്റ്റേഷനിലും വിവിധ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു. പദ്ധതികളുടെ ആസൂത്രണത്തിനായി ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലുളള സംഘം പവര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.

സീതത്തോട് ഗ്രാമപഞ്ചായത്ത് മുഖാന്തിരമാണ് മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിച്ചു.

പവര്‍ സ്റ്റേഷന്‍ ക്യാന്റീനിനും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനും സമീപത്തായി ജൈവമാലിന്യ സംസ്‌കരണത്തിന് ഗോബദ്ധന്‍ സ്‌കീം അടിസ്ഥാനമാക്കിയ ബയോഗ്യാസ് പ്ലാന്റുകളും, അജൈവ മാലിന്യ സംസ്‌കരണത്തിന് ഒരു ടണ്‍ ശേഷിയുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രമോദ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നൗഷാദ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാനവാസ് ഖാന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ പുഷ്പകുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. പ്രിയദേവി എന്നിവര്‍ സന്നിഹിതരായി.

ലഹരിക്കെതിരെ റീകണക്ടിങ് യൂത്ത് ആരംഭിച്ചു

കേരള എക്സൈസ് വിമുക്തി മിഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയും സംയുക്തമായി ലഹരിക്കെതിരെ ‘റീകണക്ടിങ് യൂത്ത് ‘ പരിപാടി ആരംഭിച്ചു. സമൂഹത്തില്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫ. ശരത് രാജിന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ബീനാ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് മുഖ്യസന്ദേശവും ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖയുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ‘കുട്ടികളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍ എം. ആര്‍. അനീഷ് ക്ലാസ് നയിച്ചു. പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിഹാബുദ്ദീന്‍, കോളജ് പ്രൊഫസര്‍മാരായ ഡോ. ലിജേഷ്, അമൃതരാജ്, സിന്ധു ഡാനിയേല്‍, റിന്‍സാ റീസ്, മെര്‍ലിന്‍ ജോര്‍ജ്, വിനോദ്, ഷൈന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് നവംബര്‍ ഏഴിന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നവംബര്‍ ഏഴിന് രാവിലെ 11 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തുന്നു. 18 നും 40 നും മധ്യേപ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍ : 0471- 2308630.

മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു മാസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സ് നടത്തും. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. ഫോണ്‍ : 9495999688, 7736925907.

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് : www.asapkerala.gov.in , ഫോണ്‍ : 9495999688/ 7736925907 .

വിര്‍ച്വല്‍ റിയാലിറ്റി കോഴ്‌സ്

കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :9495999693.

ഡോക്ടര്‍ നിയമനം

ജില്ലയില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. നവംബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222642.

 

 

error: Content is protected !!