പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയര്‍ത്തി . കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു.
2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. തുടർന്ന് ടാറ്റ സൺസിന്‍റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് യാഥാർത്ഥ്യമാക്കിയത്.
നാനോ പുറത്തിറങ്ങിയപ്പോൾ ലഭിച്ച ജനപ്രീതി ടാറ്റയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്.