Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 31/08/2024 )

ഓണത്തോടനുബന്ധിച്ച് സ്‌ക്വാഡുകളുടെ പരിശോധന സുശക്തമാക്കണം : മന്ത്രി വീണാ ജോര്‍ജ്

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭക്ഷ്യ സുരക്ഷ, എക്സൈസ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതതയോടെ പരിശോധന നടത്തണമെന്നും ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ഒ.പിയും ഡോക്ടര്‍മാരുടെ സേവനവും ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.

കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അടുത്ത ജനുവരി 15 ന് മുന്‍പ് പൂര്‍ത്തിയാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക അനുമതി ലഭ്യമാക്കണം. അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡ് എംഎസ്എസ് നിലവാരത്തില്‍  ടാര്‍ ചെയ്യണം. വെണ്ണപ്ര പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് ഒരു മാസത്തിനകം സര്‍വേ നടപടി പൂര്‍ത്തിയാക്കണം. അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. പത്തനംതിട്ട വില്ലേജിന്റെ സര്‍വേ നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന കുടുംബശ്രീ ഓണം വിപണന മേളയുടെ ലോഗോ പ്രകാശനവും  നിര്‍വഹിച്ചു.

പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 11(1) വിജ്ഞാപനം പരസ്യപ്പെടുത്തുന്നതിന്  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കണം. തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് കൈമാറുന്നത് വേഗത്തിലാക്കാന്‍  നഗരസഭ ചെയര്‍മാന്‍, ജില്ലാ ട്രഷറി ഓഫീസര്‍ എന്നിവരുടെ സംയുക്ത യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

റാന്നി, കോന്നി മണ്ഡലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വെച്ചൂച്ചിറയില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡ് ഓണത്തിന് മുന്‍പ് സഞ്ചാരയോഗ്യമാക്കണം. റാന്നി പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുക ഒക്ടോബര്‍ 15 ന് മുന്‍പ് വിതരണം ചെയ്യണം. റാന്നിയിലെ ഉള്‍പ്രദേശങ്ങളായ തുലാപ്പള്ളി, പമ്പാവാലി, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അടൂര്‍- പഴകുളം- ആനയടി റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് പൊളിക്കുന്ന റോഡുകള്‍ അടിയന്തരമായി പുന്‍ര്‍നിര്‍മിക്കുന്നതിന് നടപടിയുണ്ടാകണമെന്നും പറഞ്ഞു.
എഡിഎം ബി. ജ്യോതി അധ്യക്ഷയായ  യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയിലെ ഡി സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് അഭിമുഖം നടത്തും .ഡി സിവില്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും /എന്‍എസിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും /ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവര്‍ത്തി പരിചയവും / ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും  ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക്  പങ്കെടുക്കാം. ഫോണ്‍: 0468 -2259952.

താല്‍പര്യപത്രം ക്ഷണിച്ചു

അരയാഞ്ഞിലിമണ്ണ് പട്ടികവര്‍ഗ കോളനിയിലേക്കുളള സ്റ്റീല്‍ നടപ്പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രെഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 04735 227703.

ഓണം ഖാദിമേള

ജില്ലാ ഖാദി ഗ്രാമവ്യവസായ  ഓഫീസിന് കീഴില്‍  ഇലന്തൂര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി ചേത്തോങ്കര , അടൂര്‍  റവന്യൂ ടവര്‍  എന്നിവിടങ്ങളില്‍ ഓണം ഖാദിമേള  സെപ്റ്റംബര്‍ 14 വരെ നടക്കും.  എല്ലാവിധ ഖാദി തുണിത്തരങ്ങള്‍ക്കും  30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/ബാങ്ക് ജീവനക്കാര്‍/അധ്യാപകര്‍  തുടങ്ങിയവര്‍ക്ക്  ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രഡിറ്റ് വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. ഓരോ 1000 രൂപയുടെ പര്‍ച്ചേസിലൂടെ ലഭിക്കുന്ന  സമ്മാന കൂപ്പണ്‍  നറുക്കെടുപ്പിലൂടെ  ഒന്നാം  സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ,  മൂന്നാം സമ്മാനം 1000 രൂപ  വീതം ലഭിക്കും. ഫോണ്‍ :  0468 2362070.

ലോഗോ പ്രകാശനം

ജില്ലാ കുടുംബശ്രീ മിഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവല്ല എം.എല്‍.എ. അഡ്വ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു,  എഡിഎം. ബി.ജ്യോതി , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, കുടുംബശ്രീ ഡിഎംസി എസ്. ആദില, എഡിഎംസി കെ. ബിന്ദുരേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡി മണക്കാല എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക് (ലാറ്ററല്‍ എന്‍ട്രി) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (ഡേറ്റാ സയന്‍സ്), മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് കോഴ്സുകളില്‍ ലാറ്ററല്‍ എന്‍ട്രി മെറിറ്റ് മാനേജ്മെന്റ് സീറ്റുകളിലേക്ക് സെപ്റ്റംബര്‍  രണ്ടിന് സ്പോട്ട് അഡ്മിഷന്‍ നടക്കും. കേരള ടെക്നിക്കല്‍ എജ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച എല്‍ഇറ്റി 24 റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9446527757, 8547005100.

എന്‍ഡ്യുറന്‍സ് ടെസ്റ്റ്

എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 307/2023, 308/2023) തസ്തികകളിലേക്ക് 11.07.24 ലെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള എന്‍ഡ്യുറന്‍സ് ടെസ്റ്റ്  സെപ്റ്റംബര്‍ അഞ്ചിന് രാവിലെ അഞ്ചു മുതല്‍ തിരുവനന്തപുരം  വെട്ടുറോഡ് (കഴകൂട്ടം) പോത്തന്‍കോട് റോഡില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്,  കമ്മിഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കഴകൂട്ടം വെട്ടുറോഡ് സൈനിക സ്‌കൂള്‍ മെയിന്‍ ഗേറ്റിന് സമീപം ഹാജരാകണം. ഫോണ്‍ : 0468 2222665.

മാതൃജ്യോതി പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനമോ അധികമോ ഭിന്നശേഷിയുളള അമ്മമാര്‍ക്ക് കുഞ്ഞിന് രണ്ടുവയസ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 2000 രൂപ ധനസഹായം ലഭിക്കും. കുഞ്ഞ് ജനിച്ച് ആറുമാസത്തിനുളളില്‍  www.suneethi.sjd.kerala എന്ന സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 0468 2325168.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍  ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താല്‍കാലിക നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍  ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി പരിചയവും  ഉള്ളവര്‍  സെപ്റ്റംബര്‍  ഒന്‍പതിന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐയില്‍ ഹാജരാകണം .ഫോണ്‍: 0468 2258710

ഓണം ബമ്പര്‍ മെഗാ കാര്‍ണിവല്‍

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണം ബമ്പര്‍ മെഗാ കാര്‍ണിവല്‍ ആരംഭിച്ചു. കയര്‍ഫെഡ് മെത്തകള്‍ വാങ്ങുമ്പോള്‍ 35 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, ബെഡ്ഷീറ്റ്, തലയിണ, റോള്‍അപ്പ്, സ്റ്റാന്‍ഡേര്‍ഡ് മെത്ത എന്നീ സമ്മാനങ്ങളും ലഭിക്കും. 2000 രൂപയ്ക്കുമുകളിലുള്ള ഓരോ പര്‍ച്ചേഴ്സിനും ഒരു ബില്ലിന് ഒരുകൂപ്പണ്‍ വീതം നല്‍കും. ഒന്നാം സമ്മാനം ഇലക്ട്രിക്സ്‌കൂട്ടര്‍, രണ്ടാംസമ്മാനം എ/സി. (രണ്ട് പേര്‍ക്ക്). മൂന്നാം സമ്മാനം റെഫ്രിജറേറ്റര്‍, നാലാം സമ്മാനം മൈക്രേവേവ് ഒവന്‍ (20 പേര്‍ക്ക്). സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, കയര്‍മേഖല, മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണമേഖല, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഡിസ്‌കൗണ്ടുകളും, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലിശരഹിതതവണകളായി  പണമടച്ച്  മെത്തകളും, കയറുല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഓഫര്‍ സെപ്റ്റംബര്‍ 30 വരെ. പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ. ഫോണ്‍: 9447861345.
ലേലം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഇളമണ്ണൂര്‍ സര്‍ക്കാര്‍ എല്‍.പി.എസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പുനര്‍ ലേലം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ : 04734 246031.

എഡ്യൂക്കേറ്റര്‍ നിയമനം

വയലത്തല സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികള്‍ക്കായി പ്രതിമാസം 10000 രൂപ നിരക്കില്‍ എഡ്യൂക്കേറ്ററെ നിയമിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് അഭിമുഖം നടത്തും. യോഗ്യത ബി എഡ്. അപേക്ഷ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖയും സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുമായി സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9447480423.

ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ നാലിന്

ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ നാലിന്  രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

error: Content is protected !!