konnivartha.com: ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു
konnivartha.com: കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.
ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര ബിഹാറിൽ നിന്നും മിഷൻ രഞ്ജൻ ദാസും രാമേശ്വർ തേലിയും ആസാമിൽ നിന്നും മത്സരിക്കും.
ഒൻപത് സംസ്ഥാനങ്ങളിലെ ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 3ന് നടക്കും. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെടെ സിറ്റിംഗ് അംഗങ്ങൾ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇതിൽ പത്ത് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം. അഭിഭാഷകനും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിന്നുള്ള മികച്ച വിവർത്തകനുമാണ്. കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. 64 കാരനായ ജോർജ് കുര്യൻ ബിജെപിയുടെ ആരംഭകാലം മുതൽ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ്.
യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായ അദേഹം കേരളത്തിലെ ബിജെപി വക്താവുമാണ്. ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായപ്പോൾ ഒഎസ്ഡി പദവിയും വഹിച്ചിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.