Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/06/2024 )

 

ബോധവല്‍ക്കണ ക്ലാസ് നടത്തി

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പൊതുജനാരോഗ്യ നിയമം 2023 ബോധവല്‍ക്കണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ രേഷ്മ കണ്ണന്‍ പൊതുജനാരോഗ്യ നിയമം സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് കുമാര്‍, വീണ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി പി.ബി. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നിവാസികള്‍, വ്യാപാരി വ്യവസായികള്‍, സംരംഭകര്‍, ഹരിതകര്‍മ സേന, സി.ഡി.എസ്, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സ്യകര്‍ഷക അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിച്ചു

സംസ്താനതലത്തില്‍ മികച്ചശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന (ബയോഫ്‌ലോക്, ആര്‍.എ.എസ്, അക്വാപോണിക്‌സ്) മത്സ്യകര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക് അവാര്‍ഡിനായി പരിഗണിക്കുന്നതിന് യോഗ്യരായ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ ജൂണ്‍ 12ന് മുന്‍പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2967720

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2023 ഒക്ടോബര്‍ വരെ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ 10 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരകാണം.

ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 6235659410. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം.

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്മെന്റ് സെന്റര്‍ (എസ് കെ ഡി സി ) ല്‍ എസ്എസ്എല്‍സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവര്‍ 9496244701 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഡയറി പ്രൊമോട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ എല്ലാ ക്ഷീരവികസന യൂണിറ്റിലേയ്ക്കും തീറ്റപ്പുല്‍ കൃഷി വകസന പദ്ധതി പ്രകാരം ഡയറി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 10 മാസമാണ് പ്രവര്‍ത്തനകാലയളവ്. 8000 രൂപ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. യോഗ്യത : എസ്എല്‍സി, കമ്പ്യൂട്ടര്‍ പരിചയം (അഭിലഷണീയം). പ്രായപരിധി 18-45. ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അതാത് ബ്ലോക്ക് പരിധിയിലെ താമസക്കാര്‍ക്ക് ബന്ധപ്പെട്ട ക്ഷീരവികസ യൂണിറ്റിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 14 പകല്‍ മൂന്നു വരെ. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 18 ന് രാവിലെ 11 നാണ് അഭിമുഖം. അപേക്ഷകര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 223711.

 

ഭിന്നശേഷി വിവരങ്ങള്‍ ഹാജരാക്കണം

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ സ്ഥിര/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ബ്രോയിലര്‍ ഫാമിന് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചികോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തുന്നു. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ കുടുംബശ്രീ സിഡിഎസുമായി ജൂണ്‍ 14 നു മുന്‍പ് ബന്ധപ്പെടണം. ഫോണ്‍ : 04682221807, വെബ്‌സൈറ്റ് : www.keralachicken.org.in .

ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു;പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിംഗ് നടത്താത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.

ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്. ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്. സാധാരണ വൈറല്‍ പനി എന്നു കരുതി ചികിത്സിക്കാതെയിരുന്നാല്‍ രോഗ ഗുരുതരമാവാനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണം.
ഈ ആഴ്ചയിലെ ഡെങ്കി ഹോട്ട്സ്പോട്ടുകള്‍: പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വാര്‍ഡ് എന്ന ക്രമത്തില്‍
മല്ലപ്പള്ളി 10
കൊടുമണ്‍ 17
പത്തനംതിട്ട 10, 8, 9, 7, 5, 3
കോന്നി 12
റാന്നി പെരുനാട് 9
തണ്ണിത്തോട് 13
സീതത്തോട് 9
കൊക്കാത്തോട് 9
കൂടല്‍ 5, 6

ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്

സംസ്ഥാന സാക്ഷരതാ മിഷനുകീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തില്‍ ബിരുദവും ഡി.ഇ.എല്‍.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് ജില്ലാ സാക്ഷരതാമിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട, പിന്‍ :689645 എന്ന വിലാസത്തില്‍ അയക്കണം.

അധ്യാപക ഒഴിവ്

തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ തസ്തികകളില്‍ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഒരോ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പുതുതായി പേര് കൂട്ടി ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും.
അപേക്ഷകള്‍ https://sec.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2677237.

അപേക്ഷ ക്ഷണിച്ചു

പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് കടപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാനായി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജനുവരി ഒന്നിന് 18-46 ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതികളായിരിക്കണം. അങ്കണവാടി ഹെല്‍പ്പെര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരും എസ്എസ്എല്‍സി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. കടപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 20 വൈകുന്നേരം അഞ്ച് വരെ. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസ്, കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2610016.

അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8281905525.