മൈലപ്രാ വില്ലേജ് കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൈലപ്രായിൽ 2014ൽ ആക്ഷൻ കൗൺസിൽ രൂപികരിച്ച് വിവിധ തലങ്ങളിലുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
മൈലപ്രാ പഞ്ചായത്തിൽ രണ്ട് തവണ ഹർത്താൽ , റോഡ് പിക്കറ്റിംഗ് , വില്ലേജ് ഓഫിസിന് മുന്നിൽ ധർണ്ണ, പിക്കറ്റിംഗ് , കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ ,പിക്കറ്റിംഗ് , അന്നത്തെ എം.എൽ .എ യുടെ വസതിയ്ക്ക് മുന്നിൽ ഓണ ദിവസം ഉപവാസം തുടങ്ങിയവ നടത്തി. ഇതേ തുടർന്ന് 151 ദിവസം മൈലപ്രാ ജംഗ്ഷനിൽ റിലേ സത്യാഗ്രഹവും സംഘടിപ്പിച്ചു.എല്ലാ രാഷ്ടീയകക്ഷികളും, വ്യാപാര സംഘടനകളും ,പൊതു സമൂഹവും എല്ലാം ഈ പ്രക്ഷോഭങ്ങളിൽ സഹകരിച്ചു.
തുടർന്ന് ആക്ഷൻ കൗൺസിലിന്റെ തീരുമാനം അനുസരിച്ച് പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കുകയും ഹൈക്കോടതിയിൽ കേസ് നൽകണമെന്നും തീരുമാനിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ കേസ് നൽകി .
ബഹു: ഹൈക്കോടതി കേസ് പരിഗണിക്കുകയും ഇപ്പോൾ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണെന്ന് സലിം പി. ചാക്കോ അറിയിച്ചു.