Trending Now

അയ്യപ്പസന്നിധിക്ക് ഉത്സവഛായ പകർന്ന് പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര

 

സന്നിധാനത്തെ ഉത്സവലഹരിയിലാക്കി പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്.

ഇന്നലെ (ഡിസംബർ 22) സന്ധ്യക്കു ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്നു കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചു.

തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ നീങ്ങിയ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലിൽ വലംവച്ചു പതിനെട്ടാം പടിയ്ക്കുതാഴെ സമാപിച്ചു.

ദേവതാരൂപങ്ങളും ദീപക്കാഴ്ചയും വർണക്കാവടിയും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര സന്ധ്യയിൽ സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്ചയായി.

അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സൂരജ് ഷാജി, സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ കെ.എസ്. സുദർശനൻ, സന്നിധാനത്തെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു. കർപ്പൂരാഴി ഘോഷയാത്രയ്ക്കുശേഷം സന്നിധാനത്തെ നടപ്പന്തലിലെ സ്‌റ്റേജിൽ പോലീസുകാരുടെ ഗായകസംഘം ഒരുക്കിയ സംഗീതവിരുന്നും അരങ്ങേറി.

error: Content is protected !!