Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 21/12/2023)

 

അടിയന്തരചികിത്സ ഉറപ്പാക്കി;ഈ മണ്ഡലകാലത്ത് സംരക്ഷിച്ചത് 76 ജീവൻ

സന്നിധാനത്തെ ആശുപത്രിയിൽ ഈ മണ്ഡലകാലത്ത് ചികിത്സ തേടിയത് 45105 പേർ

konnivartha.com: ശരണവഴിയിൽ കരുതലൊരുക്കിയ ആരോഗ്യവകുപ്പിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവൻ. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയിൽ അടിയന്തരഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്കു കൃത്യസമയത്ത് അടിയന്തരചികിത്സ നൽകാനായത്.

സന്നിധാനം, അപ്പാച്ചിമേട്, ചരൽമേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കു സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയ ശേഷം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്കാണു മാറ്റുന്നത്. കൂടുതൽ വിദഗ്ധ ചികിത്സ വേണ്ടവരെ കോന്നി, കോട്ടയം മെഡിക്കൽ കോളജിലേക്കോ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ അയക്കും.

മലകയറിവന്നവരിൽ ഹൃദയസംബന്ധമായ അസുഖം നേരിട്ടവരാണ് അടിയന്തരചികിത്സ തേടിയവരിൽ നല്ലപങ്കും. അടിയന്തരചികിത്സാ ആവശ്യങ്ങൾ നേരിടുന്നതിനായി പമ്പയിൽനിന്ന് സന്നിധാനത്തിലേക്കുള്ള പാതയിൽ 15 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽഅടിയന്തരവൈദ്യ സഹായത്തിനായി 04735203232 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇവർക്ക് ഏറ്റവും അടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ നിന്നുള്ള സേവനം ഉടനടി ഒരുക്കുന്നതിനായി ആരോഗ്യവകുപ്പ് സദാ സജ്ജമാണ്.

ഈ മണ്ഡലകാലം തുടങ്ങി ഇന്നലെ വരെ 45105 പേരാണ് സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മലകയറിയെത്തിയതിനെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾക്കാണ് ചികിത്സ തേടിയവരിൽ ഏറെപ്പേരും സന്നിധാനത്തെ ആശുപത്രിയെ സമീപിച്ചിട്ടുള്ളത്്. ദിവസവും 1500 പേരിൽ കൂടുതൽ സന്നിധാനത്തെ ആശുപത്രി ഒ.പിയിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഹൃദയാഘാതം പാമ്പ് വിഷബാധ തുടങ്ങി ഏത് അടിയന്തര ഘട്ടത്തേയും നേരിടാനുള്ള മരുന്നുകൾ സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാണ്.

18 ബെഡ്, അഞ്ച് ഐ.സി.യു, മൂന്നു വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ സന്നിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി. എന്നിങ്ങനെ സ്‌പെഷലിസ്റ്റുകളടക്കം 10 ഡോക്ടർമാർ സേവനത്തിനുണ്ട്. ആറ് സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടെ നാൽപതോളം ആരോഗ്യപ്രവർത്തകരുമായി 24 മണിക്കൂർ സേവനമാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.

 

ശബരിമല സന്നിധാനത്ത്  സൗജന്യ  വൈഫൈ സേവനമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഭക്തർക്ക് അരമണിക്കൂർ വൈ ഫൈ സൗജന്യമായി  ഉപയോഗിക്കാം

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക്  സൗജന്യ വൈഫൈ ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗം കൈകൊണ്ടു. മകരവിളക്കിന് മുൻപ് തന്നെ സേവനം ലഭ്യമാക്കാനാണ് ശ്രമം.

ബി.എസ്.എൻ.എല്ലുമായി സഹകരിച്ച്  ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ഇതിനു ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും.

100 എം.ബി.പി.എസ്.ആണ് വേഗത. ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കിൽ ഈടാക്കും. താഴെ പറയുന്ന സ്ഥലങ്ങളിൽ വൈഫൈ സേവനം ലഭ്യമാണ്
അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ ,നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവി ടങ്ങളിലാണ് വൈഫൈ ലഭ്യമാവുക .