Trending Now

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍

 

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജില്‍ നടന്ന വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പതിനെട്ട് വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ എല്ലാവരും വോട്ടവകാശം ഉത്തരവാദിത്വമായി കണ്ട് വിനിയോഗിക്കണം.

ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന്റെ കഠിനാധ്വാനവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു.സ്വീപ്പ് 2023 ന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാത്തോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ്, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓര്‍ഡിനേറ്റര്‍ വിവേക് ജേക്കബ് എബ്രഹാം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഗോകുല്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു