Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2023)

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണം : ജില്ലാ കളക്ടര്‍
വിദ്യാര്‍ഥികള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു

 

. ബാലാവകാശവാരാചരണവുമായി ബന്ധപ്പെട്ട് എന്‍സിസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്താണെന്ന് ആഴത്തില്‍ അറിയണം. ഇത്തരം ക്ലാസുകള്‍ അതിന് സഹായകരമാകുമെന്നും ഇന്ത്യയുടെ ഭാവി വിദ്യാര്‍ഥികളുടെ കൈയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനം കളക്ടര്‍ നിര്‍വഹിച്ചു.
ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി സുനില്‍കുമാര്‍ ക്ലാസ് നയിച്ചു. ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, ജുവനൈല്‍ ജസ്റ്റിസ് അംഗം എം ആര്‍ ലീല, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, എന്‍സിസി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാഷണല്‍ ട്രസ്റ്റ് യോഗം 21 ന്.
ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 21 ന് രാവിലെ 10 മുതല്‍ ഒന്നുവരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും. ഓട്ടിസം, സെറിബ്രല്‍പാള്‍സി, മെന്റെല്‍ റിറ്റാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി നിയമപരമായ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നത്.

റേഷന്‍കട ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ ഭഗവതിയ്ക്കും പടിഞ്ഞാറ് എന്ന സ്ഥലത്ത് 1314170-ാം നമ്പര്‍ ന്യായവില കട (എഫ് പി എസ് ) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി സംവരണവിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ പൂരിപ്പിച്ച് ഡിസംബര്‍ 16 ന് വൈകുന്നേരം മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2222612.

ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ജനുവരി വരെയുളള കാലയളവില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു (ഡ്രൈവര്‍ ഇല്ലാതെ) വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 22 ന് വൈകുന്നേരം അഞ്ച് വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ‘വാഹനത്തിനുള്ള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2222212.

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ ഒന്‍പതിന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ ഒന്‍പതിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്.

 

ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, താലൂക്ക് നിയമസേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട,തര്‍ക്ക,പരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പുകള്‍ മുമ്പാകെയുളള പരാതികള്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍, കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകളും അദാലത്തില്‍ പരിഗണിക്കും.

പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ നിയമനം
പത്തനംതിട്ട ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : കെപിഡബ്ല്യൂഡി, ഡബ്ല്യൂആര്‍ഡി, സിപിഡബ്ല്യൂഡി തുടങ്ങിയ സമാന വകുപ്പുകളില്‍ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ /സമാന തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ ആയിരിക്കണം. പ്രായം 50-60 നും ഇടയില്‍. ഹോണറേറിയം സര്‍ക്കാര്‍ ഉത്തരവുപ്രകാരം. താത്പര്യമുളളവര്‍ 15 ദിവസത്തിനുളളില്‍ പ്രായം, യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം പത്തനംതിട്ട ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222515.

ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഫുഡ്ബോള്‍, ഫുഡ്ബോള്‍ ബൂട്ട്സ്, വോളിബോള്‍, ബാഡ്മിന്റണ്‍ ഷൂസ് തുടങ്ങിയ 14 ഇനം സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം നടത്തുവാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2263636, 9446334740

പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി
ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്ലും ടൈംസ് ഓഫ് ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡിവിഷനായ ടൈംസ്‌പ്രോയും സംയുക്തമായി കോളജിലെ കുട്ടികള്‍ക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്ത പ്ലേസ്‌മെന്റ് ഡ്രൈവിന് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് കോഓര്‍ഡിനേറ്റര്‍ ഡോ.വിന്‍സ് തോമസും ടൈംസ് പ്രോയിലെ പി എം ഹരിയും നേതൃത്വം നല്‍കി.

കാഴ്ചസൗഹൃദവിദ്യാലയം – വി കെയര്‍ ഐ കെയര്‍ പദ്ധതി -സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

വി കെയര്‍ ഐ കെയര്‍ പദ്ധതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തി വരുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും കാഴ്ചപരിശോധന നടത്തിയ 15 വിഷന്‍ ഫ്രണ്ട്ലി സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാകളക്ടര്‍ എ ഷിബു കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.

 

കുട്ടികളിലെ കാഴ്ചവൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കുക, കാഴ്ചതകരാറുകള്‍ക്ക് കാരണമാകുന്ന രോഗങ്ങള്‍, അവയുടെ പ്രതിവിധി എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട, ജില്ലാ അന്ധതാനിവാരണപരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് പദ്ധതി വിശദീകരണം നടത്തി.

ചടങ്ങില്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ജില്ലാ ഒഫ്ത്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ബിന്ദുമോള്‍, സീനിയര്‍ ഒപ്ടോമെട്രിസ്റ് എം.സി അജിത് കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്യ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി കെ അശോക് കുമാര്‍, അധ്യാപകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക.

error: Content is protected !!