Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/11/2023)

ഹരിതസഭ

വളളിക്കോട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ശിശുദിനത്തില്‍ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ പങ്കെടുത്ത ഹരിതസഭയില്‍ കുട്ടികളുടെ പാനല്‍ പ്രതിനിധി ആവണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി സുഭാഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, മെമ്പര്‍മാരായ ജി. ലക്ഷ്മി, ആതിര, തോമസ് ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്‌കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവജാതശിശു വാരാചരണം

നവജാതശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കുട്ടികളും നഴ്സിംഗ് വിദ്യാര്‍ഥികളും ഫാന്‍സി ഡ്രസും, വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. നേഴ്സിംഗ് വിദ്യാര്‍ഥികളുടെയും, ആശുപത്രി സ്റ്റാഫിന്റെയും നേതൃത്വത്തില്‍ എക്സിബിഷന്‍ നടത്തി. യോഗത്തില്‍ ആര്‍എംഒ ഡോ. സാനി എം സോമന്‍, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. റ്റി. പ്രശാന്ത്, നഴ്സിംഗ് സൂപ്രണ്ട് എം രജിത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജീവനക്കാരും ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ യൂണിറ്റ് ജീവനക്കാരും പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി പാവ നാടകം

പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വടശ്ശേരിക്കര എം ആര്‍ എസ് സ്‌കൂളില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണം സംബന്ധിച്ച് പാവനാടകം നടത്തി. ബ്രിജിന്‍ ജോര്‍ജ്ജ് ഫിലിപ്പ് പാവനാടകത്തിന് നേതൃത്വം നല്‍കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി , പ്രിന്‍സിപ്പല്‍ സുന്ദരേശന്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ് സുധീര്‍ , അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം.ശശി, ആര്യ എസ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

ലൈസന്‍സ് എടുക്കണം

മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളും നവംബര്‍ 25ന് അകം ലൈസന്‍സ് എടുക്കണമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 0468 2222340.

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു നവംബര്‍ 16 മുതല്‍ 2024 ജനുവരി 31 വരെ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു (ഡ്രൈവര്‍ ഇല്ലാതെ) വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 22 ന് വൈകുന്നേരം അഞ്ച് വരെ. ‘വാഹനത്തിനുള്ള ക്വട്ടേഷന്‍ – അടൂര്‍’ എന്ന് രേഖപ്പെടുത്തി മുദ്രവെച്ച കവറില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസ് , റവന്യൂ ടവര്‍ അടൂര്‍ എന്ന വിലാസില്‍ നിശ്ചിത തീയതിയ്ക്കു മുന്‍പായി ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 04734 224856.

 

ജില്ലാതല ഏകോപനസമിതി യോഗസമയത്തില്‍ മാറ്റം

സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പിന്റെ (നവംബര്‍ 17) ന് വൈകുന്നേരം 3.30 ന് തീരുമാനിച്ചിരുന്ന ജില്ലാതല ഏകോപനസമിതി യോഗം രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.

പാരാ വെറ്ററിനറി സ്റ്റാഫ് ;വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് എല്‍എച്ച് ആന്‍ഡ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പാരാ വെറ്ററിനറി സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍ ), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം നടത്തുന്നത്. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റര്‍വ്യൂ നടക്കും. ഫോണ്‍ : 0468 2322762.

യോഗ്യതകള്‍

1.കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സറ്റിയില്‍ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്‌നിക്ക് , ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് എന്ന വിഷയത്തില്‍ സ്‌റ്റൈപ്പന്‍ഡോടുകൂടി പരിശീലനം ലഭിച്ചവര്‍, ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്‌കൂള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍.
2.എല്‍ എം വി ലൈസന്‍സ് .

വെറ്ററിനറി സര്‍ജന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് – എല്‍എച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കും. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്,അടൂര്‍ ) ബ്ലോക്കിലാണ് നിയമനം. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. ഫോണ്‍ : 0468 2322762.
യോഗ്യതകള്‍
1. ബിവിഎസ്‌സി ആന്റ് എഎച്ച്.
2. കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

തീയതി നീട്ടി

സക്‌ളോള്‍ കേരള മുഖേന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്‌സിംഗ് കെയര്‍ കോഴ്‌സിന്റെ ഒന്നാം ബാച്ചിലേക്കുളള പ്രവേശന തീയതി നീട്ടി. പിഴകൂടാതെ നവംബര്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ എട്ടു വരെയും ഫീസടച്ച് സ്‌കോള്‍ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ടു ദിവസത്തിനകം സ്‌കോള്‍ കേരളയുടെ സംസ്ഥാന/ ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിയ്ക്കണം. ഫോണ്‍ :8078104255, 0471 2342271, 2342950.

പിഎസ്സി എന്‍ഡ്യുറന്‍സ് ടെസ്റ്റ്

പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/2021), വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030 /2022, 303/ 2022, 558/2022) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായുളള എന്‍ഡ്യുറന്‍സ് ടെസ്റ്റ് യഥാക്രമം നവംബര്‍ 21, 22 തീയതികളില്‍ രാവിലെ 5.30 മുതല്‍ മേലെവെട്ടിപ്പുറം -പൂക്കോട്- തോണിക്കുഴി റോഡില്‍ നടത്തും. പിഎസ്സി വെബ്‌സൈറ്റില്‍ (ംംം.സലൃമഹമ.ുരെ.ഴീ്.ശി) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ഉദ്യോഗാര്‍ഥികള്‍ മേലെവെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന് സമീപം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2222665.