Trending Now

ശബരിമല തീര്‍ഥാടനം: പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ ( 09/11/2023)

 

ശബരിമല തീര്‍ഥാടനം;പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം;വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് വളരെയധികം അപകടഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം;ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ക്ക് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം; ഭക്ഷണശാലകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുളള വിലവിവര പട്ടിക തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ശബരിമല തീര്‍ഥാടനം; ഗ്യാസ് സിലിണ്ടറുകള്‍ പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിന് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

ക്വട്ടേഷന്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള നാലു വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13 ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുളള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2222515.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: കളക്ടര്‍

പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവിധഒരുക്കങ്ങളും പൂര്‍ത്തിയാക്കും.ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഒരു തീര്‍ഥാടനകാലം ഒരുക്കും. മികച്ചതും സമാധാനപരവുമായ തീര്‍ഥാടനകാലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

സന്നിധാനത്തുള്ള അരവണ പ്ലാന്റ്, ഭസ്മക്കുളം, ബെയ്‌ലിപ്പാലം, ഇന്‍സിനറേറ്ററുകള്‍, വിവിധ വകുപ്പുകളൊരുക്കുന്ന സംവിധാനങ്ങള്‍ എന്നിവ കളക്ടര്‍ വിലയിരുത്തി.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, അടൂര്‍ ആര്‍ ഡി ഒ എ തുളസീധരന്‍ പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി മനോജ് കുമാര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!