കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 30/10/2023)

കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 30/10/2023)

കേരളീയം:നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

വെള്ളയമ്പലം മുതൽ ജി.പി.ഒ. ജംഗ്ഷൻ വരെ വൈകിട്ട് ആറുമുതൽ 10 മണി വരെ ഗതാഗത നിതന്ത്രണം.
സൗജന്യസേവനവുമായി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ്

 

നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും. നാളെ(നവംബർ ഒന്ന്)ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.
കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ
1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി എം ജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.
2.പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്
3.ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.
4.പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.
5.തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പി എം ജി വഴി പോകാവുന്നതാണ്.
6.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.
7.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്.
8.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്
9.അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.

പാർക്കിംഗ് സോൺ:വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇനി പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. –
1 പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം
2 ഒബ്‌സർവേറ്ററി ഹിൽ,മ്യൂസിയം
3 ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം
4 വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്,വെള്ളയമ്പലം
5 സെനറ്റ് ഹാൾ,യൂണിവേഴ്‌സിറ്റി
6 സംസ്‌കൃത കോളജ്,പാളയം
7 ടാഗോർ തിയറ്റർ,വഴുതക്കാട്
8,വിമൺസ് കോളജ്,വഴുതക്കാട്.
9,സെന്റ് ജോസഫ് സ്‌കൂൾ,ജനറൽ ആശുപത്രിക്കു സമീപം
10 ഗവ.മോഡൽ എച്ച്.എസ്.എസ്,തൈക്കാട്
11 ഗവ.ആർട്‌സ് കോളജ്,തൈക്കാട്
12 ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്,തൈക്കാട്
13 മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്പാനൂർ
14 ഗവ.ഫോർട്ട് ഹൈസ്‌കൂൾ
15 അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ
16 ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം
17 ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്
18 പൂജപ്പുര ഗ്രൗണ്ട്
19 ബി.എസ്.എൻ.എൽ.ഓഫീസ്,കൈമനം
20 ഗിരിദീപം കൺവെൻഷൻ സെന്റർ,നാലാഞ്ചിറ

പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055
ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് സൗത്ത്
9497987002
ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് നോർത്ത് 9497987001
എ.സി.പി.ട്രാഫിക് സൗത്ത്:9497990005
എ.സി.പി.ട്രാഫിക് നോർത്ത്:9497990006

ശക്തമായ സുരക്ഷയുമായി പോലീസ്

കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിട്ടുള്ളത്.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്.
സുരക്ഷയുടെ മേൽനോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാരും.25 ഇൻസ്‌പെക്ടർമാർ,200 എസ്.ഐ./എ.എസ്.ഐ. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ,250നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയർമാർ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രധാന വേദികളിൽ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും.തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കും.കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.
രണ്ടു സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. പത്ത് എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിനായി വയർലെസ്,ക്യാമറ,ഇന്റർനെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്.

വാർത്താ സമ്മേളനത്തിൽ ഐ.ജി:ജി.സ്പർജൻകുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഡി.സി.പി. പി.നിഥിൻരാജ് എന്നിവർ പങ്കെടുത്തു.

 

കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ;കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി

രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി.കനകക്കുന്ന് കൊട്ടാരത്തിനു പുറത്തെ പുൽത്തകിടിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ സംഗീത സംവിധായകൻ എം.ജയചന്ദ്രന് കൈമാറിയാണ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കിയത്.
എന്തു കഴിക്കും?കേരള മെനു അണ്‍ലിമിറ്റഡ് എന്ന ടാഗ് ലൈനോടെയുള്ള 25 അടി നീളവും 10 അടി വീതിയുള്ള വമ്പന്‍ മെനു കാര്‍ഡാണ് പ്രകാശച്ചടങ്ങിനായി ഒരുക്കിയത്.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി കേരളീയം മാറുമെന്ന് മെനു കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.കേരളീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഭക്ഷ്യമേളയിലെത്തി വിഭവങ്ങളെല്ലാം സന്ദര്‍ശകര്‍ ആസ്വദിക്കണമെന്നും മന്ത്രി പറഞ്ഞു.

മ്യൂസിക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും മാത്രമാണ് തനിക്ക് താല്‍പര്യമുള്ള രണ്ട് ഫെസ്റ്റുകളെന്നും കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ സജീവമായുണ്ടാകുമെന്നും സംഗീത സംവിധായകൻ എം.ജയചന്ദ്രന്‍ പറഞ്ഞു.ഒരിക്കലും മറക്കാനാവാത്ത രുചിയനുഭവം കേരളീയം ഭക്ഷ്യമേളയില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ.എ.റഹീം എം.പി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം തനത് വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതെന്നും ബോളിയും പായസവും മുതല്‍ തലശ്ശേരി ബിരിയാണി വരെയുള്ള 10 കേരളീയ വിഭവങ്ങള്‍ക്ക് ജി ഐ ടാഗ് ലഭ്യമാക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഗ്രാന്‍ഡ് മെനു കാര്‍ഡ് സ്കാന്‍ ചെയ്താല്‍ എവിടെ,എന്തു വിഭവം കിട്ടുമെന്ന് അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്.500 വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ അണിനിരത്തുന്നത്.

തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികം സ്റ്റാളുകൾ മേളയുടെ ഭാഗമായി സജ്ജീകരിക്കും.പട്ടിക വർഗ വികസന വകുപ്പ്,സഹകരണ വകുപ്പ്,ഫിഷറീസ് വകുപ്പ്,ക്ഷീര വികസന വകുപ്പ്,14 ജില്ലകളിലെയും കുടുംബശ്രീ യൂണിറ്റുകള്‍,ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ഭക്ഷ്യമേളയുടെ ഭാഗമാകും.
പഴങ്കഞ്ഞി മുതൽ ഉണക്കമീൻ വിഭവങ്ങൾ വരെയുള്ള കേരളത്തിലെ പരമ്പരാഗത ഭക്ഷണങ്ങള്‍ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവമായ നൊസ്റ്റാൾജിയ,ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങു വിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളജിലെ എത്നിക് ഫുഡ് ഫെസ്റ്റ് എന്നിവ ഭക്ഷ്യമേളയുടെ സവിശേഷതയാണ്.യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജംഗ്ഷൻ വരെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലും അരങ്ങേറും.
രുചി പാരമ്പര്യത്താല്‍ പ്രശസ്തമായ കേരളത്തിലെ റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും ഭക്ഷ്യമേളയിൽ ഉണ്ടാകും.ഷെഫ് പിള്ള,ആബിദ റഷീദ്,ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി എന്നിവരെപ്പോലെ ജനപ്രിയ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്ഷോയും ഭക്ഷ്യമേളയെ വ്യത്യസ്തമാക്കും.ഭക്ഷ്യമേള കമ്മിറ്റി കൺവീനർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.


.

നഗരത്തിനുള്ളില്‍ സ്വാഭാവിക വനക്കാഴ്ചകളൊരുക്കി കേരളീയം

കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിനുള്ളില്‍ സ്വാഭാവിക വനക്കാഴ്ചകളൊരുക്കി വനം -വന്യജീവി വകുപ്പ്.വനം വകുപ്പിന്റെ ആസ്ഥാനമന്ദിര മുറ്റത്ത് പുന:സൃഷ്ടിക്കപ്പെട്ട ഗുഹയ്ക്കുള്ളിലൂടെ പ്രവേശിച്ചാല്‍ നിബിഢ വനക്കാഴ്ച്ചകള്‍ കാണാം. പുല്‍മേടുകളും പാറക്കെട്ടുകളും വെള്ളച്ചാട്ടവും വന്യമൃഗങ്ങളുമായി സ്വാഭാവിക കാടിന്റെ പുന:സൃഷ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ എക്‌സിബിഷനും ഇതോടൊപ്പം ഉണ്ടാകും.

വനശ്രീ എക്കോ ഷോപ്പ് ഒരുക്കുന്ന വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയില്‍ കാട്ടുതേന്‍,കറുത്ത കുന്തിരിക്കം,വെളുത്ത കുന്തിരിക്കം,ഓര്‍ഗാനിക് മഞ്ഞള്‍പൊടി,ചന്ദനം,മറയൂര്‍ വനമേഖലയില്‍ നിന്നുമുള്ള മറയൂര്‍ സാന്‍ഡല്‍ സോപ്പ്,മറയൂര്‍ ചന്ദന തൈലം,മറയൂര്‍ ശര്‍ക്കര എന്നിവയുടെ വിശാലമായ കലവറയും ഒരുക്കിയിട്ടുണ്ട്.സാമൂഹിക വനവല്‍ക്കരണ വിഭാഗത്തില്‍ നിന്നും തേക്കിന്‍ വൃക്ഷത്തൈകളുടെ വില്‍പ്പനയും ഉണ്ടായിരിക്കും.വൈദ്യുത ദീപാലങ്കാരങ്ങളാലുള്ള രാത്രി കാഴ്ചകള്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കും.പ്രവേശനം സൗജന്യമാണ്.

കേരളത്തെ അടയാളപ്പെടുത്താന്‍ 25 സെമിനാറുകള്‍
*പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
*അന്താരാഷ്ട്ര രംഗത്തെ പ്രമുഖരുമെത്തും

നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസന നേട്ടങ്ങളും സംസ്‌കാരികത്തനിമയും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്ന ഇരുപത്തിയഞ്ച് സെമിനാറുകളും ഉണ്ടാകും.കേരളപ്പിറവി മുതല്‍ സംസ്ഥാനം വിവിധ മേഖലകളില്‍ കൈവരിച്ച വികസന നേട്ടങ്ങളും ഇതിലേക്കു നയിച്ച നയങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയാണിത്.നിയമസഭ,ടാഗോര്‍ തിയേറ്റര്‍,ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം,മാസ്‌കോറ്റ് ഹോട്ടല്‍ സിംഫണി ഹാള്‍,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ അഞ്ചു വേദികളിലായി നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ പണ്ഢിതര്‍, ഗവേഷകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന സെമിനാറില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

കൃഷി,ഭൂപരിഷ്‌കരണം,മത്സ്യബന്ധനം,ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ,ജലവിഭവങ്ങള്‍,ക്ഷേമവും വളര്‍ച്ചയും, കേരളത്തിന്റെ സമ്പദ് ഘടന,വ്യവസായം, വിവരസാങ്കേതിക വിദ്യ,സഹകരണ സ്ഥാപനങ്ങള്‍, തൊഴില്‍,പ്രവാസികള്‍,പ്രാദേശിക സര്‍ക്കാരുകളും ഇ ഗവേണന്‍സും,പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം, സാമൂഹിക നീതി,ലിംഗനീതിയും വികസനവും, മഹാമാരിയുടെ കാലത്തെ പൊതുജനാരോഗ്യവും ആരോഗ്യ നയവും,വിദ്യാഭ്യാസം,സംസ്‌കാരം,വിനോദ സഞ്ചാരം,മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക.വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി,മുന്‍ മന്ത്രിമാരായ കെ.കെ.ഷൈലജ എം.എല്‍.എ,ടി.എം.തോമസ് ഐസക്ക്,ടി.പി രാമകൃഷ്ണന്‍,എം.എ ബേബി,ഇ.പി.ജയരാജന്‍,പി.കെ. ശ്രീമതി,എം.പിമാരായ ബിനോയ് വിശ്വം,ജോണ്‍ ബ്രിട്ടാസ്, കനിമൊഴി,മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍,തമിഴ്‌നാട് ഐ.റ്റി വകുപ്പ് മന്ത്രി പളനിവേല്‍ തങ്കരാജു,ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.എസ്. സോധി,ലോകബാങ്കിലെ മുതിര്‍ന്ന എക്കണോമിസ്റ്റ് ക്രിസ് ജാക്‌സണ്‍,കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗ്ലെന്‍ ഡെനിംഗ്,മുന്‍ എം.പി.ബൃന്ദാ കാരാട്ട്,നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ആസാദ് മൂപ്പന്‍,മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ചന്ദ്രു,ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്,പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖരും സെമിനാറിനെത്തും.

ഇതുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊ.വി.കെ രാമചന്ദ്രന്‍,പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ.കെ.രവി രാമന്‍,ഡോ. ജമീല പി.കെ,പ്ലാനിംഗ് ബോര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍,സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ പ്രിയങ്ക ജി എന്നിവരും പങ്കെടുത്തു.

കേരളീയം:എൻ.സി.സി. അശ്വാരൂഢസേനയുടെ റോഡ് ഷോ

കേരളീയത്തിന്റെ ഭാഗമായി എൻ.സി.സി. സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിനു മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോ (ഒക്‌ടോബർ 31) വൈകിട്ട് അഞ്ചുമണിക്കു നടക്കും.കവടിയാർ സ്ക്വയറിൽ വൈകിട്ട് അഞ്ചുമണിക്ക് കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.ഫ്‌ളാഗ് ഓഫ് ചെയ്യും.മേജർ ജനറൽ ജെ.എസ്.മങ്കത്ത് ചടങ്ങിൽ പങ്കെടുക്കും.

കേരള ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന്റെ മണ്ണുത്തിയിലുളള വൺ കേരള റി മൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രന്റെ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട് അഞ്ചുമണിക്കാണ് അശ്വാരൂഢ അഭ്യാസപ്രകടനം നടക്കുന്നത്.

തിരുവനന്തപുരത്ത് പുലികളുമിറങ്ങും

കേരളീയം കളറാക്കാൻ (ഒക്‌ടോ.31) അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം നഗരഹൃദയത്തിൽ എത്തുന്നത്.

(ഒക്ടോബർ 31)വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും.ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാനത്തെത്തുന്നത്.