konnivartha.com: ടൂറിസം വികസനം മുന്‍നിര്‍ത്തി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 15 ദിവസം ‘കോന്നി കരിയാട്ടം’ എന്ന പേരില്‍ ടൂറിസം എക്‌സ്‌പോ നടക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കാട് ടൂറിസം സഹകരണ സംഘവും, ടൂറിസം വകുപ്പും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് കരിയാട്ടം സംഘടിപ്പിക്കുന്നത്.
കോന്നി കെഎസ്ആര്‍ടിസി മൈതാനം പ്രധാന വേദിയും കോന്നിയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഉപവേദികളുമായിരിക്കും. കോന്നിയുടെ വികസനം ടൂറിസം കേന്ദ്രങ്ങളിലൂടെ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിപുലമായ പരിപാടികളോടെയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ടൂറിസം പ്രദര്‍ശന-വ്യാപാര മേള, പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍, ടൂറിസം വികസനവും, കാലിക പ്രസക്തവുമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സെമിനാറുകള്‍, ഓണാഘോഷം, സാംസ്‌കാരിക സമ്മേളനങ്ങള്‍, വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ നടത്തുന്ന വ്യത്യസ്ഥമായ ആഘോഷങ്ങള്‍, ആനകള്‍ക്ക് ഓണസദ്യ നല്കല്‍, പ്രമുഖര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, ഗജമേള, ഹെലികോപ്റ്ററില്‍ ടൂറിസം കേന്ദ്രങ്ങളുടെ നിരീക്ഷണം, കയാക്കിംഗ് ഫെസ്റ്റ്, കേരളത്തിലെ വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പെറ്റ് ഷോ, കരിയാട്ടം തുടങ്ങി നിരവധി പരിപാടികളാണ് എക്‌സ്‌പോയുടെ ഭാഗമായി നടത്തുന്നത്.
മന്ത്രിമാര്‍, ചലച്ചിത്ര- കലാ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങി നിരവധി പേര്‍ കോന്നി കരിയാട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ആനയെ മുഖ്യ ആകര്‍ഷക കേന്ദ്രമാക്കി നടത്തുന്ന കരിയാട്ടം ഓണക്കാലത്ത് സ്വദേശ, വിദേശ ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായി കോന്നിയെ മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.