konnivartha.com: 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ
രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന മഹനീയമായ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റേയും പത്തനംതിട്ട കാതോലിക്കറ്റ് കോളജിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വാതായനങ്ങൾ തുറന്നിടുന്നതായും അദ്ദേഹം പറഞ്ഞു.
18 നും 55 നും മധ്യേ പ്രായമുള്ള 1300 പേരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. 54 തൊഴിൽ ദായകരായ കമ്പനികള്‍ 235 പേരെ കണ്ടെത്തുകയും 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സൗജന്യ രജിസ്ട്രേഷനിലൂടെയാണ് തൊഴിൽ അന്വേഷകർ മെഗാ തൊഴിൽമേളയിൽ പങ്കെടുത്തത്. പത്തനംതിട്ട നഗരസഭാ കൗൺസിലർ കെ. ആർ. അജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എൽ.ജെ. റോസ്മേരി, പത്തനംതിട്ട എംപ്ലോയ്മെൻറ് ഓഫീസർ (വി.ജി) ജെ.എഫ്. സലീം, അടൂർ എംപ്ലോയ്മെൻറ് ഓഫീസർ ജി.രാജീവ്, തിരുവല്ല എംപ്ലോയ്മെൻറ് ഓഫീസർ ഒ.എസ്. ശ്രീകുമാർ, പത്തനംതിട്ട എംപ്ലോയ്മെൻറ് ഓഫീസർ സി.ഖദീജാ ബീവി, മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസർ എ.ഷീജ, പ്ലേസ്മെൻറ് ഓഫീസർ ഇൻചാർജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആൻസി സാം തുടങ്ങിയവർ പങ്കെടുത്തു.