അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു: മന്ത്രി ജി.ആര്‍. അനില്‍
konnivartha.com : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പട്ടയം ലഭിക്കാനുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അത് വിതരണം ചെയ്യും. പട്ടയം, ചികിത്സാ സഹായങ്ങള്‍ ആവശ്യങ്ങള്‍ക്കായി കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്നവരുടെ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. അത്തരം കാര്യങ്ങളില്‍ യാതൊരു ആശങ്കയുടേയും ആവശ്യമില്ല.
പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹാരം കാണാന്‍ സാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നടന്ന അഞ്ച് താലൂക്ക് തല അദാലത്തിലൂടെ 1271 പരാതികള്‍ക്കാണ് ഉടനടി പരിഹാരം കണ്ടെത്താനായത്. അദാലത്തില്‍ പുതുതായി 827 പരാതികള്‍ ലഭിച്ചു. ലഭിക്കുന്ന പുതിയ പരാതികളുടെ കാര്യത്തിലും പൊതുജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദാലത്തില്‍ പരിഗണിക്കുന്ന അതേ ഗൗരവത്തോടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പൂര്‍ണതയിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തുകള്‍ കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ അവസാനിക്കുന്നില്ലെന്നും തുടര്‍വിലയിരുത്തലുകളും നടപടികളും കൃത്യമായി ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന തരത്തിലാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പൊതുജനങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മലയോരമേഖലകളില്‍ വനസൗഹൃദസദസും, തീരമേഖലകളില്‍ തീരസദസും സംഘടിപ്പിച്ചു.
അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സര്‍വേ നടത്തി ദരിദ്രരെ ദത്തെടുത്ത സര്‍ക്കാരാണ്. ജനങ്ങളുടെ കാവല്‍ക്കാരാകുകയാണ് ഭരണകൂടത്തിന്റെ ചുമതലയെന്ന് അടിവരയിട്ട് ഉറപ്പിച്ച സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സങ്കടത്തോടെ പരാതി പറയാന്‍ അദാലത്തിലേക്ക് എത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ച് പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മല്ലപ്പള്ളിയില്‍ നടന്ന അദാലത്തില്‍ ഭൂരിപക്ഷം പരാതികളും പരിഹരിച്ചിരുന്നു. 11 ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ മല്ലപ്പള്ളിയില്‍ വിതരണം ചെയ്തു.
അദാലത്ത് സംഘടിപ്പിക്കുന്നതിനായി റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഏകോപനമാണ് നടത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. കെ-സ്റ്റോറും, വാതില്‍പ്പടി സേവനവുമൊക്കെ റാന്നി മണ്ഡലത്തിലേക്കും എത്തിക്കാന്‍ മന്ത്രി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം ബി.രാധാകൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രകാശ്, അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിന്ദു റെജി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാമോഹന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, സിവില്‍ സപ്ലൈസ് ജില്ലാ ഓഫീസര്‍ എം.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുതലും കൈത്താങ്ങും റാന്നി അദാലത്ത്:ആറ് പേര്‍ക്ക് ഉടനടി കുടിവെള്ള കണക്ഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ റാന്നി പഴവങ്ങാടി 12 -ാം വാര്‍ഡായ ഐത്തല കോളനിയിലെ ആറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ നിര്‍ദേശപ്രകാരമാണ് അദാലത്തില്‍ പരാതി പറയാന്‍ എത്തിയ ആറ് പേര്‍ക്കും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തന്നെ കുടിവെള്ള കണക്ഷന്‍ നല്‍കിയത്. സരസമ്മ, ജോസഫ്, തോമസ്, സി.എ. ചാക്കോ, കുര്യോകോസ്, കെ.യു. കുട്ടപ്പന്‍ എന്നിവര്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയത്.
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റേയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച റാന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
ഭിന്നശേഷി പെന്‍ഷന്‍ തുക അനുവദിക്കാന്‍ ഉത്തരവ്
‘മൂന്ന് മക്കളുടേയും വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ്,അത് മുടങ്ങാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ സാറേ’….’ ഈ പരാതി കേട്ട് അന്വേഷണം നടത്തി ഉടനടി നടപടിക്ക് മന്ത്രിയുടെ ഉത്തരവ്. നിറകണ്ണുകളോടെ വെച്ചുച്ചിറ സ്വദേശിനി അനുവര്‍ഗീസ് പറഞ്ഞ പരാതി കേട്ട് ഉടനടി നടപടിക്ക് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ഉത്തരവ് നല്‍കിയത്. റാന്നി താലൂക്ക് തല അദാലത്തിലേക്ക് അനുവര്‍ഗീസ് എത്തിയത് അഞ്ച് വര്‍ഷം മുന്‍പ് മരത്തില്‍ നിന്ന് വീണ് കിടപ്പിലായ തന്റെ ഭര്‍ത്താവായ മാത്യു വര്‍ഗീസിന്റെ ഭിന്നശേഷി പെന്‍ഷന് വേണ്ടിയാണ്. കഴിഞ്ഞ ജൂണ്‍ വരെ ലഭിച്ച ഭിന്നശേഷി പെന്‍ഷന്‍ പെട്ടെന്ന് മുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുടേയും പഠനം പാതി വഴിയില്‍ മുടങ്ങുമെന്ന അവസ്ഥയിലായി.
മക്കളുടെ വിദ്യാഭ്യാസം മാത്രമല്ല പട്ടിണിയും ഇവരെ വേട്ടയാടാന്‍ തുടങ്ങി. അപകടം സംഭവിച്ചതിന് ശേഷം മാത്യുവിന് ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കില്ല. അനു തന്നെയാണ് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത അനു പെന്‍ഷന്‍ തുകയ്ക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് അദാലത്തിലേക്ക് പരാതിയുമായി എത്തിയത്. ഭക്ഷ്യമന്ത്രിയെ കണ്ട് അനു തന്റെ അവസ്ഥ അറിയിച്ചപ്പോള്‍ മുടങ്ങാനുള്ള കാരണം മന്ത്രി ഉദ്യോഗസ്ഥരോട് ആരായുകയും മാത്യുവര്‍ഗീസിന് റബര്‍ ബോര്‍ഡ് സബ്സിഡി ലഭിക്കുന്നതിനാലാണ് ഭിന്നശേഷി പെന്‍ഷന്‍ മുടങ്ങിയതെന്ന് കണ്ടെത്തുകയും ചെയ്തു. എണ്‍പത് ശതമാനം വൈകല്യം മാത്യുവിന് ഉണ്ടെന്നുള്ളത് പരിഗണിച്ച് ഭിന്നശേഷി പെന്‍ഷന്‍ തുക അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടതോടെ മനസ് നിറഞ്ഞാണ് അനു മടങ്ങിയത്.
ദീനാമ്മ അമ്മയുടെ പെന്‍ഷന്‍ തുക പുനസ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്
‘ദീനാമ്മ അമ്മയുടെ പെന്‍ഷന്‍തുക എത്രയും വേഗത്തില്‍ ലഭ്യമാക്കണം ‘ -ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ നിര്‍ ദേശം കേട്ട പേഴുംപാറ സ്വദേശിയായ ദീനാമ്മ അലക്സിന്റ കണ്ണുകളില്‍ പൊന്‍തിളക്കം.
കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തിയാണ് ദീനാമ്മ അലക്സ് ആരോഗ്യമന്ത്രിയോട് പരാതി പറഞ്ഞത്. 2019 മുതല്‍ തനിക്ക് കൃത്യമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ മുതലാണ് പെന്‍ഷന്‍ തുകയില്‍ കുറവ് വരാന്‍ തുടങ്ങിയത്. മക്കളില്ലാതെ തനിച്ച് താമസിക്കുന്ന ദീനാമ്മയ്ക്ക് ലഭിക്കുന്ന വാര്‍ദ്ധക്യകാല പെന്‍ഷനായിരുന്നു ഏക വരുമാനമാര്‍ഗം. പെട്ടെന്ന് പെന്‍ഷന്‍ തുകയില്‍ കുറവ് വന്നപ്പോള്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്ത ദീനാമ്മ തുകയ്ക്കായി ഓടി നടന്നു. അങ്ങനെയാണ് അദാലത്തിലെത്തി ആരോഗ്യമന്ത്രിയോടു ദീനാമ്മ തന്റെ ബുദ്ധിമുട്ട് അറിയിച്ചത്. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ തുക കുറച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പെന്‍ഷന്‍ തുക പുനഃസ്ഥാപിക്കാന്‍ ആരോഗ്യമന്ത്രിയുടെ ഉത്തരവ്.
അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. നാറാണംമൂഴി പഞ്ചായത്തിലെ വിജയകുമാരി, സാലമ്മ തമ്പി കുരുവിള, എം.കെ. രാധാമണി, റാന്നി പഴവങ്ങാടി പഞ്ചായത്തിലെ സാലി മോന്‍സി, സി.ജി. സുജാമോള്‍, സൂസമ്മ സജി, വടശേരിക്കര പഞ്ചായത്തിലെ ബീനമോള്‍, റാന്നി പെരുനാട് പഞ്ചായത്തിലെ കെ.എസ്. യശോധരന്‍, റാന്നി പഞ്ചായത്തിലെ സി.എസ്. രത്നമ്മ, വെച്ചൂച്ചിറ പഞ്ചായത്തിലെ ഡെയ്സി ബാബു, സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്തത്.
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റേയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച റാന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു
നടപടികളില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്
റാന്നി പഴവങ്ങാടി സ്വദേശി വി.എ. ഏബ്രഹാമിന് നീതി നിഷേധിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്തില്‍ വി.എ. ഏബ്രഹാമിന്റെ പരാതി പരിഗണിക്കവേയാണ് സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത്.
തടിമില്ല് വ്യാപാരിയായ വി. എ. ഏബ്രഹാം പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി സ്ഥലം വിട്ട് നല്‍കുകയും അദ്ദേഹത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. പൊളിച്ച് മാറ്റിയ കെട്ടിടത്തിന് പകരം മറ്റൊരു സ്ഥലത്ത് ഏബ്രഹാം പുതിയ കെട്ടിടം നിര്‍മിച്ചു. എന്നാല്‍, പുതുതായി നിര്‍മിച്ച കെട്ടിടത്തിന് കെട്ടിടനമ്പര്‍ നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ വട്ടം ചുറ്റിക്കുകയായിരുന്നു. വ്യവസായമന്ത്രി പി.രാജീവിനെ പത്തനംതിട്ടയില്‍ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ കണ്ട് ഏബ്രഹാം തന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.
ഏബ്രഹാമിന്റെ പരാതി അന്ന് അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗത്തില്‍ കെട്ടിടനമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ, മന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍ ഏബ്രഹാമിനെ വീണ്ടും വട്ടം കറക്കി. ഇതേ തുടര്‍ന്ന് ഏബ്രഹാം കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലെത്തി ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
20 മിനിട്ടിനുള്ളില്‍ റേഷന്‍കാര്‍ഡും, ലൈഫ്പദ്ധതിയിലുള്‍പ്പെടുത്തി വീടും ;ജോയിയുടേയും കുടുംബത്തിന്റേയും ആകുലതയ്ക്ക് പരിഹാരം
റാന്നി താലൂക്ക് തല അദാലത്തിലെത്തിയ ജോയിക്കും കുടുംബത്തിനും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലിന്റെ കരുതല്‍. സ്വന്തമായൊരു വീടും റേഷന്‍കാര്‍ഡും ഇതിനുള്ള മാര്‍ഗം തേടിയാണ് അന്‍പത് ശതമാനം മാനസികവൈകല്യം നേരിടുന്ന ജോയി തങ്കപ്പന്‍ സഹോദരന്‍ സാബുവിനൊപ്പം അദാലത്തിലെത്തി മന്ത്രിയെ കണ്ടത്. ഇപ്പോള്‍ അയിരൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന മന്ത്രിയുടെ ഉത്തരവ് വന്നതോടെ 20 മിനിട്ടിനുള്ളില്‍ ജോയിക്ക് ഉദ്യോഗസ്ഥര്‍ റേഷന്‍കാര്‍ഡ് നല്‍കുകയായിരുന്നു. ജോയിയുടെ മാനസികവൈകല്യം കണക്കിലെടുത്ത് സഹോദരന്‍ സാബുവിന്റെ പേരിലാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്.
സ്വന്തമായി വീടില്ലാത്ത ജോയിയും ഹൃദ്രോഗിയായ സഹോദരന്‍ സാബുവും അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം 15 വര്‍ഷത്തോളമായി വാടകയ്ക്കാണ് താമസിക്കുന്നത്. നിലവിലുള്ള റേഷന്‍ കാര്‍ഡ് പത്ത് വര്‍ഷം മുന്‍പ് താമസിച്ച നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ജോയിയുടെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി ഉത്തരവിട്ടു.
അന്നമ്മയ്ക്ക് വീട്,ആരോഗ്യമന്ത്രിയുടെ സത്വര നടപടി
വിധവയായ അന്നമ്മയ്ക്ക് ഇനി സര്‍ക്കാരിന്റെ കരുതലില്‍ അന്തിയുറങ്ങാം. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തി അന്നമ്മ തന്റെ ദുരിതക്കഥ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. അന്നമ്മയുടെ അവസ്ഥ കേട്ട ആരോഗ്യമന്ത്രി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാന്‍ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലാണ് അന്നമ്മ എഴുപത്തിയഞ്ചുകാരിയായ മാതാവിനൊപ്പം താമസിക്കുന്നത്.
സ്വന്തമായി വീടില്ലാത്ത ഇവര്‍ ആകെയുള്ള ഭൂമിയില്‍ പടുത കെട്ടിയാണ് താമസിക്കുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും 226 ആണ് നമ്പര്‍. ഇക്കാര്യം അന്നമ്മ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അപേക്ഷക വിധവയാണെന്നത് പരിഗണിച്ച് മാനദണ്ഡപ്രകാരം ലിസ്റ്റില്‍ മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേയും ലൈഫ് മിഷന്‍ കോ- ഓര്‍ഡിനേറ്ററേയും ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയതോടെ നിറചിരിയോടെയാണ് അന്നമ്മ മടങ്ങിയത്.
പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നു;നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
പ്രകൃതിക്ഷോഭമാണ് സാറേ എന്റെ വീട് തകര്‍ത്തത്നഷ്ടപരിഹാരം നല്‍കണേ-
മോതിരവയല്‍ സ്വദേശിയായ കെ.സുധാകരന്റെ പരാതിയില്‍ അടിയന്തിര നടപടിക്ക് ഉത്തരവിട്ട് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്തിലെത്തിയ സുധാകരന്‍ നിറകണ്ണുകളോടെയാണ് മന്ത്രിയോട് തന്റെ ദുരിതക്കഥ പറഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് സുധാകരന്റെ വീട് നഷ്ടപ്പെട്ടത്. അന്ന് മുതല്‍ മേല്‍ക്കൂരയില്ലാത്ത വീട്ടിലാണ് സുധാകരനും കുടുംബവും താമസിക്കുന്നത്. 15 വര്‍ഷത്തോളമായി സന്ധിവാതരോഗബാധിതനായി ചികിത്സയിലായ സുധാകരന്‍ ഏറെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച മന്ത്രി അടിയന്തിരമായി നഷ്ടപരിഹാരം നല്കാന്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.