konnivartha.com : തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണ അടിസ്ഥാനത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പേരെ പച്ചക്കാനം ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു.
ഗവിയിലെ വനംവികസന കോര്‍പ്പറേഷനില്‍(കെ.എസ്.എഫ്.ഡി.സി) സൂപ്പര്‍വൈസറായ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരാണ് കസ്റ്റഡിയിലുളളത്. തമിഴ്‌നാട് സംഘത്തെ സഹായിച്ചത് ഇവരാണെന്ന് പറയുന്നു.
പന്ത്രണ്ട് പേരോളം അടങ്ങിയ സംഘത്തെയാണ് കടത്തി വിട്ടതെന്നാണ് മൊഴി. ഗവി റൂട്ടില്‍ മണിയാട്ടില്‍ പാലത്തിന് സമീപം നിന്ന് കൊടുംവനത്തിലൂടെയാണ് ഇവരെ പൊന്നമ്പലമേട്ടിലേക്ക് കൊണ്ടു പോയത്. 3000 രൂപ വാങ്ങിയാണ് കടത്തി വിട്ടതെന്ന് പറയുന്നു. സാബുവാണ് ഇടനില നിന്ന് പണം വാങ്ങിക്കൊടുത്തത് എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുളളതായി സംശയിക്കുന്നു. നിലവില്‍ പൂജ നടത്തിയ നാരായണ സ്വാമിക്ക് എതിരേ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ പേരെ പ്രതികളാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ മൂഴിയാര്‍ പോലീസ് കേസെടുക്കും. സംഘം ചേര്‍ന്ന് അതിക്രമിച്ച് കടന്നതുള്‍പ്പെടെയുള്ള വകുപ്പുകളാകും ചുമത്തുക.
എന്നാൽ പൂജ നടത്തിയത് പുല്ലുമേട്ടിലാണ്പൊന്നമ്പലമേട്ടിലല്ല എന്നും പ്രചരിക്കുന്ന ദൃശ്യം എഡിറ്റ് ചെയ്തതെന്നും പൂജ ചെയ്ത നാരായണ സ്വാമി ചില മാധ്യമങ്ങളോട് പറഞ്ഞു.