ആറൻമുള ഗ്രാമ പഞ്ചായത്തിലെ പത്തു, പതിനൊന്ന് വാർഡുകളിൽ ഉൾപ്പെട്ട കിടങ്ങന്നൂർ മുടിമല -ഉറുമ്പുമല നിവാസികൾക്കായുള്ള പ്രത്യേക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായിരുന്നു.
ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ലീന കമൽ, പഞ്ചായത്ത് അംഗം വിൽസി ബാബു, സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ബാബുരാജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, ബിജെപി കിടങ്ങന്നൂർ മേഖല പ്രസിഡന്റ് വിജയനാഥൻ നായർ, ഗുണഭോക്തൃ സമിതി പ്രസിഡന്റ് എം വി വിനീത് കൃഷ്ണ, ഗുണഭോക്തൃ സമിതി കൺവീനർ റ്റി എസ് സാജൻ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗമായ ആർ അജയകുമാർ അനുവദിച്ച 23 ലക്ഷം രൂപാ മുടക്കിയാണ് ഒരു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതി പുനഃസ്ഥാപിച്ചു നാടിന് സമർപ്പിച്ചത് .
മഴക്കാലത്തുപോലും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണ് മുടിമലയും ഉറുമ്പുമലയും. ഉയർന്ന പ്രദേശമായതിനാൽ പഞ്ചായത്ത് ശുദ്ധജല പദ്ധതിയിലൂടെ ഇവിടെ വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം പി ആയിരുന്ന സി എസ് സുജാതയുടെ ഫണ്ടുപയോഗിച്ച് മൈക്രോ കുടിവെള്ള പദ്ധതി ഇവിടെ ആരംഭിച്ചത്. എന്നാൽ പമ്പിനും പൈപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ വർഷങ്ങളായി ഇവിടെ ജല വിതരണം നിലച്ചിരിക്കുകയായിരുന്നു. വളരെ ദൂരെ നിന്നും തലച്ചുമടായിട്ടാണ് നാട്ടുകാർ ഗൃഹാവശ്യങ്ങൾക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്.ഇതുമൂലം ഈ പ്രദേശത്തെ വൃദ്ധരായവർക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.
മുടിമല -ഉറുമ്പുമല നിവാസികളുടെ ദുരിതം മനസ്സിലാക്കിയ സി പി ഐ എം ബ്രാഞ്ച് കമ്മിറ്റികളും പഞ്ചായത്ത് അംഗം വിൽസി ബാബുവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാറിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ള പദ്ധതിക്കായി തുക അനുവദിച്ചത്.
നിലവിലുള്ള മുടിമല ടാങ്കും പുന്നമല ചിറയുടെ മുകൾഭാഗത്തെ കിണറും നവീകരിച്ച ശേഷം പഴയ മുഴുവൻ പൈപ്പുകളും മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചു. വെള്ളം പമ്പു ചെയ്യാൻ പുതിയ പമ്പും കിണറിനോടു ചേർന്ന് പുതിയ ഇലക്ട്രിക് പോസ്റ്റും സ്ഥാപിച്ചാണ് പദ്ധതിയുടെ നവീകരണം യാഥാർത്ഥ്യമാക്കിയത്.